സംശയമെന്ത്, സലാഹ് തന്നെ; പ്രീമിയർ ലീഗ് െപ്ലയർ ഓഫ് ദ സീസൺ പുരസ്കാരം സ്വന്തമാക്കി

ലണ്ടൻ: പ്രീമിയർ ലീഗ് െപ്ലയർ ഓഫ് ദ സീസൺ പുരസ്കാരം ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹിന്. പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളിനായി സീസണിൽ ഉടനീളം മിന്നും പ്രകടനങ്ങളാണ് സലാഹ് നടത്തിയിരുന്നത്.
28 ഗോളുകളും 18 അസിസ്റ്റുകളുമാണ് ചെങ്കുപ്പായക്കാർക്കായി സലാഹിന്റെ സംഭാവന. സഹതാരങ്ങളായ വിർജിൽ വാൻഡൈക്, റ്യാൻ ഗ്രാവൻബെർച്ച്, ന്യൂകാസിലിന്റെ അലക്സാണ്ടർ ഇസാക്ക്, ആഴ്സനലിന്റെ ഡെക്ലാൻ റൈസ്, നോട്ടിങ്ഹാമിന്റെ ക്രിസ് വുഡ് എന്നിവരെ മറികടന്നാണ് സലാഹിന്റെ നേട്ടം.
2017-18ലും പ്രീമിയർലീഗിലെ മികച്ചതാരമായി സലാഹിനെ തെരഞ്ഞെടുത്തിരുന്നു. തിയറി ഹെൻട്രി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെമാന്യ വിദിച്ച്, കെവിൻ ഡിബ്രൂയ്നെ എന്നിവരാണ് രണ്ട് തവണ ഈ പുരസ്കാരം നേടിയവർ. പോയവർഷം സിറ്റി താരം ഫിൽഫോഡനായിരുന്നു വിജയി. മികച്ച പ്രകടനത്തിന് പിന്നാലെ സലാഹുമായുള്ള കരാർ ലിവർപൂൾ പുതുക്കിയിരുന്നു.
Adjust Story Font
16