സന്തോഷ് ട്രോഫി; മേഘാലയക്കെതിരെ ആധികാരിക ജയവുമായി കേരളം ക്വാർട്ടറിൽ. 3-0
നാല് മത്സരത്തിൽ മൂന്ന് ജയവും ഒരു സമനിലയുമടക്കം 10 പോയന്റുമായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്.

ദിസ്പുർ: മേഘാലയക്കെതിരെ ആധികാരിക ജയവുമായി സന്തോഷ് ട്രോഫി ക്വാർട്ടറിലേക്ക് മുന്നേറി കേരളം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം സ്വന്തമാക്കിയത്. കേരളത്തിനായി മുഹമ്മദ് സിനാൻ(36), മുഹമ്മദ് റിയാസ്(71), മുഹമ്മദ് അജ്‌സൽ(85) എന്നിവർ ഗോൾ നേടി. നാല് കളിയിൽ നിന്നു 10 പോയിന്റുകളുമായാണ് മുൻ ചാമ്പ്യൻമാർ അവസാന എട്ടിലേക്ക് മുന്നേറിയത്.
സെറ്റ്പീസിൽ നിന്നാണ് കേരളത്തിന്റെ ആദ്യ ഗോളിന് വഴിയൊരുങ്ങിയത്. 36ാം മിനിറ്റിൽ ഫ്രീകിക്കെടുത്ത വി അർജുൻ ബോക്‌സിനുള്ളിൽ നിലയുറപ്പിച്ച സിനാനെ ലക്ഷ്യമാക്കി പന്തെത്തിച്ചു. ഹെഡ്ഡറിലൂടെ യുവതാരം അനായാസം പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. 79ാം മിനിറ്റിൽ ഇടതു വിങിൽ നിന്നു ജി സഞ്ജുവിന്റെ പാസിൽ നിന്നാണ് റിയാസ് രണ്ടാം ഗോൾ നേടിയത്. ആറ് മിനിറ്റിനുള്ളിൽ മൂന്നാം ഗോളുമെത്തി. 85ാം മിനിറ്റിൽ ബോക്‌സിൽ നിന്ന് ദിൽഷാദിന്റെ കാലിൽ ഉരസി പന്ത് നേരെ അജ്‌സലിന് അരികിലേക്ക്. അനായാസം താരം മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. നേരത്തെ ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ ജയം സ്വന്തമാക്കിയ കേരളം റെയിൽവെക്കെതിരെ സമനിലയിൽ പിരിഞ്ഞിരുന്നു.
Adjust Story Font
16

