Quantcast

കാൻസറിനെ തോൽപിച്ച പോരാളി; വിജയ ഗോൾ നേടി ഐവറികോസ്റ്റ് ഹീറോയായി ഹാലർ

'ഞങ്ങൾ ഈ മനോഹര നിമിഷത്തിനായി നിരവധി തവണ ആഗ്രഹിച്ചിരുന്നു'. വൻകരാ ചാമ്പ്യൻമാരായതിന് പിന്നാലെ ഹാലർ പറഞ്ഞു.

MediaOne Logo

Sports Desk

  • Published:

    12 Feb 2024 10:27 AM GMT

കാൻസറിനെ തോൽപിച്ച പോരാളി; വിജയ ഗോൾ നേടി ഐവറികോസ്റ്റ് ഹീറോയായി ഹാലർ
X

ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ഐവറികോസ്റ്റിന്റെ വിജയമുറപ്പിച്ച് അന്തിമ വിസിൽ മുഴങ്ങുമ്പോൾ മൈതാനത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു താരമുണ്ടായിരുന്നു. വിജയാഘോഷത്തിനിടെ ക്യാമറ കണ്ണുകൾ ആ 29കാരനെ മാറിമാറി കാണിച്ചു കൊണ്ടിരുന്നു. ഐവറികോസ്റ്റിനെ വിജയ തീരത്തെത്തിച്ച ഗോൾ നേടിയ ആ താരമാണ് സെബാസ്റ്റിയൻ ഹാലർ. രാജ്യത്തിന്റെ ഹീറോയായ ഈ യുവതാരത്തെ പക്ഷെ, ആ ജനത കാണുന്നത് ഫൈനലിലെ ഗോൾ നേടിയ ഫോർവേഡായി മാത്രമല്ല... കാൻസറിനെ അതി ജീവിച്ച് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ പോരാളി കൂടിയായാണ്. നൈജീരിയക്കെതിരായ മത്സരത്തിൽ 81ാം മിനിറ്റിലാണ് ഹാലർ നിർണായക ഗോൾ നേടിയത്.

'ഞങ്ങൾ ഈ മനോഹര നിമിഷത്തിനായി നിരവധി തവണ ആഗ്രഹിച്ചിരുന്നു'. വൻകരാ ചാമ്പ്യൻമാരായതിന് പിന്നാലെ ഹാലർ പറഞ്ഞു. ക്യാമറക്ക് മുന്നിൽ പ്രതികരിക്കുമ്പോഴെല്ലാം പലപ്പോഴും കണ്ഠമിടറി. അവസാന 18 മാസമായി ഞാനും കുടുംബവും ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്- ആനന്ദാശ്രൂപൊഴിക്കുമ്പോഴും തിരിച്ചുവരവിന്റെ കഠിനകാലം താരം ഓർത്തെടുത്തു. രോഗത്തിന് മുന്നിൽ കീഴടങ്ങാൻ ഞാൻ തയാറാകാത്ത ഒരു പോരാളിയുടെ വിജയം കൂടിയാണ് ആഫ്‌കോൺ പകർന്നു നൽകുന്നത്. എല്ലാ പ്രതിബന്ധങ്ങളേയും ഡ്രിബിൾചെയ്ത് മുന്നേറി വീണ്ടും കളത്തിലേക്കുള്ള മടക്കം വെറുതെയല്ലെന്ന് തെളിയിക്കുന്ന പ്രകടനമായി കലാശകളിയിലേത്.

ഡച്ച് ക്ലബ് അയാക്‌സിൽ ഗോളടിച്ചു കൂട്ടിയ ഹാലർ 2022ലാണ് ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് ചേക്കേറുന്നത്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയ സൂപ്പർതാരം എർലിങ് ഹാളണ്ടിന് പകരക്കാരനായാണ് ജർമൻ ക്ലബ് ഈ ആഫ്രിക്കൻ താരത്തെ എത്തിച്ചത്. എന്നാൽ ക്ലബിലെത്തിയ ഉടനെ കാൻസർ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ജർമനിയിൽ പ്രീ സീസൺ പരിശീലനത്തിനിടെയാണ് അസ്വസ്ഥതയുണ്ടായത്. വിദഗ്ധ പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. കാൽപന്തുകളിയോടുള്ള അടങ്ങാത്ത ആവേശം ഓരോനിമിഷവും പ്രചോദനമായി.

ശസ്ത്രക്രിയയും കീമോ തെറാപ്പിയുമായി പിന്നീടുള്ള മാസങ്ങൾ ആശുപത്രി കിടക്കയിൽ. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് വിധിയെഴുതിയവരുടെ മുന്നിലൂടെ വീണ്ടും കളിക്കളത്തിലേക്ക്. ഫോർച്യൂന ഡസൽഡോർഫുമായുള്ള സൗഹൃദ മത്സരമായിരുന്നു തിരിച്ചുവരവ് വേദി. കാൻസറിനെ അതിജീവിച്ചെത്തിയ ഹാലറിനെ നിറ കൈയ്യടിയോടെയാണ് സഹതാരങ്ങളും എതിർതാരങ്ങളും എതിരേറ്റത്. ഇതുവരെയായി 30 മത്സരങ്ങളിൽ നിന്നായി ഒൻപത് ഗോളുകളാണ് ഡോർട്ട്മുണ്ടിനായി നേടിയത്. 2020 മുതൽ ഐവറികോസ്റ്റ് ദേശീയ ടീമിൽ കളിക്കുന്ന താരം 10 ഗോളുകൾ സ്‌കോർ ചെയ്തു.

ഫ്രഞ്ച് പിതാവിന്റെയും ഐവറി കോസ്റ്റുകാരിയായ മാതാവിന്റെയും മകനായി പാരീസിലായിരുന്നു ജനനം. നേരത്തെ ഫ്രാൻസിനു വേണ്ടിയാണ് അണ്ടർ 21 വരെ കളിച്ചത്. പിന്നീട് ആഫ്രിക്കയിലേക്ക് ചുവടുമാറുകയായിരുന്നു. ഹാലറിനൊപ്പം ഐവറികോസ്റ്റിനും അതിജീവനത്തിന്റേയതായിരുന്നു ഈ ചാമ്പ്യൻഷിപ്പ്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിൽ രണ്ടും മത്സരവും പരാജയപ്പെട്ട് ഞെട്ടിക്കുന്ന തുടക്കം. ഇതോടെ പരിശീലകൻ തെറിച്ചു. മൂന്നാംസ്ഥാനക്കാരുടെ ആനുകൂല്യത്തിൽ റൗണ്ട് 16ൽ കടന്നുകൂടിയ ടീം. എന്നാൽ അവിടം മുതൽ കഥമാറുകയായിരുന്നു. നിലവിലെ ചാമ്പ്യൻമാരായ സെനഗലിനെ ഉൾപ്പെടെ കീഴടക്കി ഒടുവിൽ കിരീടം വരെയെത്തിയ അവിശ്വസിനീയ കുതിപ്പ്.

TAGS :

Next Story