ഖത്തറിലേക്ക് മാനെയുണ്ട്, സലാഹ് ഇല്ല: ഈജിപ്തിനെ തോൽപിച്ച് സെനഗൽ
പ്ലേ ഓഫ് രണ്ടാം പാദത്തിൽ ഈജിപ്തിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചാണ് മാനേയും സംഘവും ലോകകപ്പിന് യോഗ്യത സ്വന്തമാക്കിയത്.

ലോകകപ്പ് യോഗ്യത സ്വന്തമാക്കി ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ. പ്ലേ ഓഫ് രണ്ടാം പാദത്തിൽ ഈജിപ്തിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചാണ് മാനെയും സംഘവും ഖത്തര്‍ ലോകകപ്പിന് യോഗ്യത സ്വന്തമാക്കിയത്. മത്സരത്തില്‍ സെനഗല്‍ ഒരു ഗോളിന് വിജയിച്ചെങ്കിലും ഇരു പാദങ്ങളിലുമായി സ്‌കോര്‍ നില 1-1 ആയതാണ് മത്സരം പെനല്‍റ്റിയിലേക്ക് എത്തിച്ചത്.
ആദ്യ പാദത്തിൽ ഒരു ഗോളിന്റെ ലീഡില്‍ എത്തിയ ഈജിപ്തിന് വില്ലനായത് സെല്‍ഫ് ഗോള്‍. അതും കളി തുടങ്ങി നാലാം മിനുറ്റില്‍. ഹംതി ഫാതിയുടെ സെൽഫ് ഗോൾ ആണ് സെനഗലിന് ലീഡ് നല്‍കിയത്. പിന്നീട് വലചലിപ്പിക്കാന്‍ ഇരു ടീമുകള്‍ക്കുമായില്ല. മുഴുവന്‍ സമയവും പൂര്‍ത്തിയായപ്പോള്‍ 1-1 എന്ന അഗ്രിഗേറ്റിലേക്ക് നീങ്ങിയതിനാല്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
പക്ഷേ എക്‌സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്ക് വിജയഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് മത്സരം പെനല്‍റ്റിയിലേക്ക് നീങ്ങിയത്. സെനഗലിന് ആയി ആദ്യ പെനാൽട്ടി എടുത്ത കൊലുബാലിക്ക് പിഴച്ചു ഷോട്ടിൽ ബാറിൽ തട്ടി മടങ്ങി. എന്നാൽ ഈ അവസരം മുതലാക്കാൻ അടുത്ത പെനാൽട്ടി എടുത്ത മുഹമ്മദ് സലാഹിന് പിഴച്ചു. ബാറിന് മുകളിലൂടെ ഷോട്ട് പുറത്തേക്ക്.
പിന്നെയും അവസരങ്ങള്‍. അവസാന കിക്ക് മാനെ തന്നെ ലക്ഷ്യത്തിലെത്തിച്ചതോടെ സെനഗല്‍ ഖത്തറിലേക്ക്. മൂന്നു പെനാൽട്ടികൾ രക്ഷിച്ച ഗോൾ കീപ്പർ മെന്റിയുടെ മികവ് കൂടിയാണ് സെനഗലിന് ലോകകപ്പ് യോഗ്യത നേടി നൽകിയത്. ആഫ്രിക്കൻ ജേതാക്കൾ ആയ സെനഗലിന് ഇത് ഇരട്ടിമധുരം കൂടിയായി ഇത്.
Adjust Story Font
16

