Quantcast

സിമോണ്‍ കെയര്‍; എറിക്സന്‍റെ ജീവിതത്തിലും ഫുട്ബോള്‍ ആരാധകരുടെ മനസ്സുകളിലും വീരനായകന്‍

സിമോണ്‍ നടത്തിയ പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങളാണ് എറിക്സന്‍റെ ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍

MediaOne Logo

Web Desk

  • Published:

    13 Jun 2021 3:02 AM GMT

സിമോണ്‍ കെയര്‍; എറിക്സന്‍റെ ജീവിതത്തിലും ഫുട്ബോള്‍ ആരാധകരുടെ മനസ്സുകളിലും വീരനായകന്‍
X

ഡെന്മാര്‍ക്കിന്‍റെ നായകന്‍ സിമോണ്‍ കെയര്‍ കളിക്കളത്തില്‍ മാത്രമല്ല ക്രിസ്റ്റ്യണ്‍ എറിക്സണെന്ന സഹകളിക്കാരന്‍റെ ജീവിതത്തിലെയും വീരനായകനായ നിമിഷങ്ങളാണ് ഇന്നലെ കണ്ടത്. സന്ദര്‍ഭോചിതമായി സിമോണ്‍ നടത്തിയ പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങളാണ് എറിക്സന്‍റെ ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കളിക്കാരുമായുള്ള കൂട്ടിയിടിയോ മാരകമായ രീതിയില്‍ ശരീരത്തിലെവിടെയെങ്കിലും പന്ത് വന്നടിക്കുകയോ ചെയ്യാതെ തീര്‍ത്തും അസ്വാഭാവികമായാണ് ക്രിസ്റ്റ്യണ്‍ എറിക്സണ്‍ കമിഴ്ന്നടിച്ച് വീണത്. ആ വീഴ്ചയിലെ പന്തികേട് മനസ്സിലാക്കിയിട്ടാവണം കുതിച്ചെത്തിയ നായകന്‍ സിമോണ്‍ കെയര്‍ ആദ്യം ചെയ്തത് എറിക്സണ്‍റെ മിടിപ്പ് നോക്കുകയാണ്. അപകടം മണത്ത കെയര്‍ എറിക്സണെ മലര്‍ത്തിക്കിടത്തി മുഖം ചെരിച്ചുപിടിച്ചു. താഴോട്ടിറങ്ങാന്‍ സാധ്യതയുള്ള നാവിനെ ഒരു വശത്തേക്ക് മാറ്റി ശ്വസനപ്രക്രിയ മുടങ്ങാതെ നോക്കലായിരുന്നു ലക്ഷ്യം. ഹൃദയാഘാതത്തിന്‍റെ സമയത്ത് നാവ് ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള മസിലിനെപോലെയായി മാറി ശ്വാസതടസ്സം സൃഷ്ടിക്കുമെന്നാണ് മെഡിക്കല്‍ വിദഗ്ദ്ധര്‍ പറയാറ്.

മെഡിക്കല്‍ ടീം സ്ട്രെക്ചറുമായി പാഞ്ഞെത്തിയപ്പോഴേക്കും എറിക്സന്‍റെ ജീവന്‍ രക്ഷിക്കാന്‍ തന്നാല്‍ സാധ്യമായത് കെയര്‍ ചെയ്ത് തീര്‍ത്തിരുന്നു. പിന്നീട് സഹകളിക്കാരോട് ചുറ്റും വളഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഗാലറിയിലിരുന്ന് വിങ്ങിപ്പൊട്ടിയ എറിക്സന്‍റെ ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് ധൈര്യം നല്‍കി. പിന്നെ പ്രാര്‍ഥനകളില്‍ മുഴുകിയ നിമിഷങ്ങള്‍. ഒടുക്കം ആശുപത്രിയില്‍ നിന്നും സന്തോഷ വാര്‍ത്ത. ഡെന്‍മാര്‍ക്കിന്‍റെ നായകന്‍ സിമോണ്‍ കെയര്‍ എറിക്സന്‍റെ ജീവിതത്തിലും ഫുട്ബോള്‍ ആരാധകരുടെ മനസ്സുകളിലും വീരനായകനായ രാവിനും കൂടി സാക്ഷ്യം വഹിച്ചാണ് 2021 യൂറോ കപ്പിന്‍റെ രണ്ടാം ദിനത്തിന് പരിസമാപ്തിയായത്.

TAGS :

Next Story