Quantcast

നിലവിട്ട പെരുമാറ്റത്തിന് നടപടിയുമായി ഐ സി സി; അഫ്രീദിയടക്കം മൂന്ന് പാക് താരങ്ങൾക്ക് പിഴശിക്ഷ

ദക്ഷിണാഫ്രിക്കൻ താരത്തിനെതിരെ വാഗ്വാദത്തിൽ ഏർപ്പെട്ടതിനാണ് ഷഹീൻ ഷാ അഫ്രീദിക്ക് പിഴശിക്ഷ ലഭിച്ചത്

MediaOne Logo

Sports Desk

  • Published:

    13 Feb 2025 5:51 PM IST

ICC to take action for misconduct; Three Pakistani players, including Afridi, were fined
X

ദുബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെയുണ്ടായ നിലവിട്ട പെരുമാറ്റത്തിൽ പാകിസ്താൻ താരങ്ങൾക്കെതിരെ പിഴശിക്ഷ വിധിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. പാക് പേസർ ഷഹീൻ ഷാ അഫ്രീദി, സൗദ് ഷക്കീൽ, കമ്രാൻ ഗുലാം എന്നിവർ ലെവൽ വൺ നിയമം ലംഘിച്ചതായി ഐസിസി കണ്ടെത്തി. അഫ്രീദിക്ക് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ വിധിച്ചത്. മറ്റു രണ്ടുപേരും 10 ശതമാനമാണ് പിഴ ചുമത്തിയത്.



ഇന്നലെ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ഡുഓർഡൈ പോരിലാണ് പാകിസ്താൻ-ദക്ഷിണാഫ്രിക്ക താരങ്ങളുടെ വാഗ്വാദം അരങ്ങേറിയത്. ആദ്യ ഇന്നിങ്‌സിലെ 28ാം ഓവർ. 168-1 എന്ന നിലയിൽ പോട്ടീസുകാർക്ക് മേധാവിത്വമുള്ള സമയം. ക്രീസിലപ്പോൾ ദക്ഷിണാഫ്രിക്കയുടെ പുത്തൻ താരോദയം മാത്യു ബ്രീസ്‌കെയായിരുന്നു. രണ്ട് ദിവസം മുൻപ് സെഞ്ച്വറിയുമായി അരങ്ങേറ്റക്കാരന്റെ ഏറ്റവും ഉയർന്ന സ്‌കോർ സ്വന്തമാക്കി റെക്കോർഡിട്ട അതേ താരം. പാക് പ്രീമിയം പേസർ ഷഹീൻ ഷാ അഫ്രീദിയെറിഞ്ഞ ബാക് ഓഫ് ലെങ്ത് ഡെലിവറിയെ ഡിഫൻഡ് ചെയ്ത ബ്രീസ്‌കെ ബാറ്റുകൊണ്ട് അടിക്കാനോങ്ങുന്ന വിധത്തിൽ തന്റെ നിരാശ പ്രകടിപ്പിക്കുന്നു. പിന്നാലെ യുവതാരത്തിന് നേരെ നടന്നടുത്ത അഫ്രീദിയുടെ മറുപടി.



ഇരുതാരങ്ങളുടേയും വാഗ്വാദം അതിരുവിട്ടതോടെ സഹതാരങ്ങൾ എത്തിയാണ് രംഗം ശാന്തമാക്കിയത്. കറാച്ചിയിലെ ചുട്ടുപൊള്ളുന്ന വെയിലിനൊപ്പം കളിക്കും ചൂടുംപിടിച്ചു. ഡ്രാമ അവിടെയും അവസാനിച്ചില്ല. തൊട്ടടുത്ത പന്തിൽ സ്‌ക്വയർലെഗിലേക്ക് കളിച്ച് 26 കാരൻ സിംഗിൾ നേടുന്നു. റണ്ണിനായി ഓടുന്നതിനിടെ ബാറ്ററുടെ വഴിമുടക്കികൊണ്ട് ഗ്രൗണ്ടിൽ നിലയുറപ്പിച്ച് അഫ്രീദി. പാക് പേസറുടെ ദേഹത്ത് ഇടിച്ച് ബ്രീസ്‌കെ റൺ പൂർത്തിയാക്കുന്നു. കൂട്ടിയിടിക്ക് ശേഷം ഇരുതാരങ്ങളും വീണ്ടും കൊമ്പുകോർക്കുന്നു. ഫീൽഡ് അമ്പയർ ആസിഫ് യാക്കൂബ് ഇടപെട്ടാണ് പിന്നീട് അനുനയിപ്പിച്ചത്.

തൊട്ടടുത്ത ഓവറിലും ഇരുടീമിലേയും താരങ്ങൾ ഏറ്റുമുട്ടി. ക്രീസിൽ 82 റൺസുമായി നിലയുറപ്പിച്ച് ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ. മുഹമ്മദ് ഹസനൈന്റെ പന്തിനെ ബാക് വേഡ് പോയന്റിലേക്ക് കളിച്ച് സിംഗിൾ നേടാനുള്ള ശ്രമം. എന്നാൽ ബ്രീസ്‌കെയുമായുള്ള കമ്യൂണിക്കേഷൻ പിഴച്ചതോടെ ബാവുമ തിരിച്ച് ക്രീസിലേക്ക് തിരിഞ്ഞോടി. ഫീൽഡർ സൗദ് ഷക്കീൽ പന്ത് കളക്ട് ചെയ്ത് ഡയറക്ട് ത്രോയിലൂടെ ബാവുമയെ റണ്ണൗട്ടാക്കുന്നു. തൊട്ടുമുൻപത്തെ ഇൻസിഡന്റ് ഓർമയിലുണ്ടായിരുന്ന പാകിസ്താൻ അസാധാരണമാം വിധമാണ് ആ പുറത്താകൽ ആഘോഷിച്ചത്. കമ്രാൻ ഗുലാം ബവുമയുടെ തൊട്ടുമുന്നിൽ പ്രകോപനപരമാംവിധം സെലിബ്രേറ്റ് ചെയ്തപ്പോൾ സൗദ് ഷക്കീലും സൽമാൻ ആഗയും ഇതിനൊപ്പം ചേർന്നു. എന്നാൽ പ്രകോപനത്തിൽ വീഴാതെ ബാവുമ പവലിയിനേക്ക് നടന്നു. വിക്കറ്റാഘോഷം പരിധിവിട്ടതോടെ അമ്പയർ, ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനെ വിളിച്ചുവരുത്തി താക്കീത് ചെയ്യുകയും ചെയ്തു. സംഭവം പരിധിവിട്ടെന്ന് കണ്ടെത്തിയതോടെ കടുത്ത നടപടിയിലേക്ക് ഐസിസി കടക്കുകയായിരുന്നു. മത്സരത്തിലുടനീളം ഇരുടീമുകളും തമ്മിൽ കൊണ്ടും കൊടുത്തുമുള്ള പ്രകടനത്തിനാണ് കറാച്ചി സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.

ക്രിക്കറ്റ് ലോകത്തൊരു പുതിയ വൈര്യത്തിന് കൂടിയാണോ തുടക്കമാകുന്നതെന്ന് പോലും ആരാധകർ ചിന്തിച്ച് തുടങ്ങിയ നിമിഷങ്ങൾ. കളിക്കിടയിലെ ഹോട് ടോപിക്‌സിനൊപ്പം മത്സരവും അത്യാവേശകരമായിമാറിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 352 റൺസിന്റെ കൂറ്റൻ സ്‌കോറാണ് ആതിഥേയർക്ക് മുന്നിൽ ഉയർത്തിയത്. എന്നാൽ റൺ മലയിലേക്ക് ബാറ്റുവീശിയ പാകിസ്താൻ മുഹമ്മദ് റിസ്വാന്റേയും സൽമാൻ ആഗയുടേയും സെഞ്ച്വറി കരുത്തിൽ ഒരു ഓവർ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. പാക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ്. ജയത്തോടെ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനൽ ബെർത്ത് ഉറപ്പിക്കാനും റിസ്വാനും സംഘത്തിനുമായി.

TAGS :

Next Story