Quantcast

റാമോസും തിയാഗോയുമില്ല; സ്‌പെയിൻ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

നെതർലൻഡ്‌സും ഖത്തർ ലോകകപ്പിലേക്കുള്ള തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചു

MediaOne Logo

Sports Desk

  • Updated:

    2022-11-11 14:41:01.0

Published:

11 Nov 2022 6:16 PM IST

റാമോസും തിയാഗോയുമില്ല; സ്‌പെയിൻ ലോകകപ്പ് ടീം പ്രഖ്യാപിച്ചു
X

സെർജിയോ റാമോസും തിയാഗോ അൽകൻറാരയുമില്ലാതെ 2022 ഖത്തർ ലോകകപ്പിലേക്കുള്ള ദേശീയ ടീമിനെ പ്രഖ്യാപിച്ച് സ്‌പെയിൻ. പെഡ്രി, ഗാവി, ആദ്യ പ്രധാന ടൂർണമെൻറിനിറങ്ങുന്ന ഫോർവേഡ് അൻസു ഫാറ്റി എന്നിങ്ങനെ യുവ താരങ്ങളെയാണ് സ്‌പെയിൻ കോച്ച് ലൂയിസ് എൻറിഖ് തിരഞ്ഞെടുത്തിട്ടുള്ളത്. ഉനയ് സിമോൺ, റോബർട്ട് സാഞ്ചസ്, ഡേവിഡ് റയ എന്നിവരാണ് ഗോൾകീപ്പർമാർ. ഇക്കൂട്ടത്തിൽ സിമോണാണ് പ്രധാനി.

ഡാനി കാർവഹാൽ, സീസർ അസ്പിലിക്കേറ്റ, എറിക് ഗാർഷ്യ, ടോറസ്, ഹ്യഗോ ഗലിമൻ, ലപോർട്ട, ജോർദി ആൽബ, ജോസ് ഗയ എന്നിവരാണ് പ്രതിരോധ നിരക്കാർ. ബാഴ്‌സിലോണയുടെ 'എൻജിനായ' സെർജി ബുസ്‌ക്വറ്റ്‌സ്, റോഡ്രി, ഗാവി, കാർലോസ് സോളെർ, മാർക്കോസ് ലോറെന്റെ, പെഡ്രി, കൊകെ എന്നിവർ മധ്യനിരയിൽ കളിക്കും. യെറേമി പിനോ, ഫെറാൻ ടോറസ്, നികോ വില്യംസ്, അൽവാരോ മൊറാട്ട, മാർകോ അസൻഷ്യോ, പബ്ലോ സെറാബിയ, ഡാനി ഒൽമോ, അൻസു ഫാറ്റി എന്നിവരാണ് മുന്നേറ്റനിരയിൽ അണിനിരക്കുക.

നിരാശകരമായ കഴിഞ്ഞ സീസണിൽ ലിവർപൂളിന്റെ മികച്ച താരമായിരുന്ന തിയാഗോക്ക് ഖത്തറിൽ കളിക്കാനുള്ള അവസരം നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ യൂറോ ചാമ്പ്യൻസ് ലീഗിൽ കളിക്കാനാകാതിരുന്ന റാമോസിന് ദേശീയ കുപ്പായവും നഷ്ടമാകുകയായിരുന്നു. പാരിസ് സെൻറ് ജെർമെയ്ൻ താരമായ ഇദ്ദേഹത്തിന് കഴിഞ്ഞ സീസണിൽ പരിക്കേറ്റിരുന്നു. എന്നിരുന്നാലും 36 കാരനായ താരം പിഎസ്ജി പ്രതിരോധ നിരയിലെ പ്രധാനിയായിരുന്നു. ഖത്തർ ലോകകപ്പിൽ അവസരം ലഭിക്കാത്ത റാമോസ് ഇനിയൊരു ലോകകപ്പ് കളിക്കാൻ സാധ്യത കുറവാണ്. ഇതിഹാസ ഗോൾകീപ്പർ ഡേവിഡ് ഡീജിയയും ഏറെകാലത്തിന് ശേഷം ടീമിൽ നിന്ന് പുറത്തായി.

നെതർലൻഡ്‌സും ഖത്തർ ലോകകപ്പിലേക്കുള്ള തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചു. ഫ്രാങ്കി ഡിയോങ്, ലൂക്ക് ഡിയോങ് തുടങ്ങിയ പ്രധാനികളെല്ലാം ഓറഞ്ച് പടയിൽ ഇടംപിടിച്ചിട്ടുണ്ട്. കോച്ച് ലൂയിസ് വാൻഗാൽ ടീമിനെ പ്രഖ്യാപിക്കുന്ന വീഡിയോ ടീം ട്വിറ്ററിൽ പങ്കുവെച്ചു.

ജസ്റ്റിൻ ബൈലോ, ആൻഡ്രിസ് നോപ്പെർട്ട്, റെംകോ പസ്‌വീർ, വിർജൽ വാൻഡയ്ക്, നാഥാൻ ആകെ, ഡെയ്‌ലി ബ്ലിൻഡ്, യൂറിയൻ തിംബർ, ഡെൻസോ ദുംഫ്രിസ്, സ്റ്റീഫൻ, മത്തായിസ്, മലാഷ്യ, ജെർമി, ഫ്രാങ്കി ദിയോങ്, സ്റ്റിഫൻ ദേർഖാസ്, ഡേവി ക്ലാസൻ, ടേയുൻ കോംപമയേഷ്, കോഡി ഗാക്‌പോ, മാർട്ടിൻ ദറോൻ, കെനറ്റ് ടെയ്‌ലർ, സാവി സിമോൺ, മേഫിസ് ദിപായ്, സ്റ്റീവൻ ബേർഗായ്, വിൻസൻറ് ജാൻസൻ, ലൂക് ഡിയൂങ്, നോവാ ലാങ്, വൗച്ച് വേഗോഷ്ത് എന്നിവരാണ് ടീമിലുള്ളത്.

നെതർലൻഡ്‌സ് ടീമിൽ നിന്ന് ഗോൾകീപ്പർ സില്ലെസെൻ അപ്രതീക്ഷിതമായി പുറത്തായി. പി.എസ്.വിയുടെ യുവതാരം സാവി സിമൺസിന്റെ ആദ്യ ലോകകപ്പായിരിക്കുമിത്. ഫോം ഔട്ടായ സില്ലെസെന് പകരം ഇപ്പോൾ വലകാക്കുന്ന അയാക്‌സിൻറെ വെറ്ററൻ കീപ്പർ റെംകൊ പാസ്വീർ തന്നെയാവും ലോകകപ്പിലും നെതർലൻഡ്‌സ് ഗോൾകീപ്പർ. ഡിഫൻസിലും മികച്ച താരങ്ങളെയാണ് ഓറഞ്ച് പട ലോകകപ്പിനെത്തിക്കുന്നത്. നഥാൻ ആക്കെ, വാൻ ഡൈക്, ടെംഫ്രൈസ്, ഡിലൈറ്റ്, ടിമ്പർ, ഡി വ്രിയ്, ഡാലി ബ്ലിൻറ് എന്നിവർക്കൊപ്പം മാഞ്ചസറ്റർ യുണൈറ്റഡ് യുവതാരം മലാസിയയുമാണ് ടീമിലെത്തിയത്. ഇതോടെ ന്യൂകാസിൽ താരം ബോട്ട്മനെ കോച്ചിന് പുറത്തിരുത്തേണ്ടി വന്നു. ബോട്ട്മന് പുറമേ ഡോണി വാൻ ഡി ബീക്ക്, പാസ്‌കൽ സ്ട്രുയ്ക്ക്, കെവിൻ സ്ട്രൂട്ട്മാൻ എന്നിവരും സ്‌ക്വാഡിൽ ഉൾപ്പെട്ടില്ല.

ഫ്രാങ്കി ഡിയോങിൻറെ നേതൃത്വത്തിലുള്ള മധ്യനിരയിലാണ് അറ്റ്‌ലാൻറ താരങ്ങളായ ഡി റൂണും കൂപ്‌മേയ്‌നെഴ്‌സും അയാകസിന്റെ ബെർഗ്വിസ്, ക്ലാസൺ എന്നിവർ ഇടംപിടിച്ചത്. ബയേണിന്റെ യുവതാരം ഗ്രാവൻബെർഷ് ആണ് ടീമിൽ നേടനാവാതെ പോയ മറ്റൊരു താരം. പരിക്കിന്റെ പിടിയിലാണെങ്കിലും ഡീപെയെ നെതർലൻഡ് ഒഴിവാക്കിയിട്ടില്ല. ഗോളടിയിലും ഗോളടിപ്പിക്കുന്നതിലും മിടുക്കനായ ഡീപെക്കൊപ്പം ബെർഹ്വിൻ, ലുക്ക് ഡിയോങ് എന്നിവരും കോഡി ഗാക്‌പോയും എത്തുന്നതോടെ നെതർലൻഡ് നിര കൂടുതൽ കരുത്തരാകും.

Spain Announces Football World Cup Squad

TAGS :

Next Story