Quantcast

വിനീഷ്യസ് വിവാദ ഗോളിൽ റയൽ, അനായാസം ബാഴ്‌സ; ലാലീഗയിൽ ഒന്നാം സ്ഥാനം വിടാതെ ജിറോണ

ലീഗിലെ അവസാന സ്ഥാനക്കാരായ അൽമേരിയക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്.

MediaOne Logo

Web Desk

  • Published:

    22 Jan 2024 7:21 AM GMT

വിനീഷ്യസ് വിവാദ ഗോളിൽ റയൽ, അനായാസം ബാഴ്‌സ; ലാലീഗയിൽ  ഒന്നാം സ്ഥാനം വിടാതെ ജിറോണ
X

മാഡ്രിഡ്: സ്പാനിഷ് ലാലീഗയിൽ വമ്പൻ ടീമുകൾക്ക് ജയം. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അൽമേറിയയെ തോൽപിച്ചു. നിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റിയൽ ബെറ്റീസിനെ കീഴടക്കി. സെവിയ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് മുക്കി ജിറോണ എഫ്.സി ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തി.

ലീഗിലെ അവസാന സ്ഥാനക്കാരായ അൽമേരിയക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. വിവാദ റഫറി വിധികളാൽ നിറഞ്ഞ നാടകീയ നിമിഷങ്ങൾക്കായിരുന്നു സാന്റിയാഗോ ബെർണബ്യൂ സാക്ഷ്യം വഹിച്ചത്. കളിയുടെ തുടക്കത്തിൽ തന്നെ റയലിനെ ഞെട്ടിച്ച് അൽമേരിയ ലീഡെടുത്തു. ലാർജി റമസാനിയാണ് മുൻ ചാമ്പ്യൻമാർക്കെതിരെ ലക്ഷ്യംകണ്ടത്. 43-ാം മിനിറ്റിൽ എഡ്ഗർ ഗോൺസാലസിലൂടെ അൽമേരിയ ലീഡ് ഇരട്ടിയാക്കിയതോടെ ആദ്യ പകുതിയിൽ റയലിന് കനത്ത പ്രഹരമായി.

രണ്ടാം പകുതിയിൽ മാറ്റങ്ങളോടെയാണ് കാർലോ ആഞ്ചലോട്ടി ടീമിനെ ഇറക്കിയത്. ഇത് മത്സരത്തിൽ പ്രതിഫലിക്കുകയും ചെയ്തു. 57-ാം മിനിറ്റിൽ അൽമേരിയക്കെതിരായി റഫറി ഹാൻഡ്ബോളിന് പെനാൽറ്റി വിധിച്ചതോടെ മത്സരത്തിന്റെ ഗതിമാറി. പെനാൽറ്റി കിക്കെടുക്കാനെത്തിയ ജൂഡ് ബെല്ലിങ്ഹം പന്ത് അനായാസം വലയിലാക്കി. തൊട്ടുപിന്നാലെ കൗണ്ടർ അറ്റാക്കിലൂടെ അൽമേരിയ ഗോളടിച്ചു. എന്നാൽ ആ നീക്കത്തിനിടയിൽ ബെല്ലിങ്ഹാമിനെ ഫൗൾ ചെയ്തെന്ന് പറഞ്ഞ് വാർ ഗോൾ നിഷേധിച്ചു. പെനാൽറ്റിക്ക് പിന്നാലെ ആ വിധിയും റയലിന് അനുകൂലമായി വന്നത് പ്രതിഷേധങ്ങൾക്കിടയാക്കി. 67-ാം മിനിറ്റിലാണ് വിവാദങ്ങൾ സൃഷ്ടിച്ച ഗോൾ പിറന്നത്. വിനീഷ്യസ് ജൂനിയർ സ്‌കോർ ചെയ്ത സമനില ഗോൾ ഹാൻഡ് ബോളാണെന്ന് അൽമേരിയ വാദിച്ചതിന് ശേഷം ഗോൾ നിഷേധിക്കപ്പെട്ടു. എന്നാൽ വാർ പരിശോധനകൾക്ക് ശേഷം ആ ഗോൾ അനുവദിക്കപ്പെടുകയായിരുന്നു.

സമനില കണ്ടെത്തിയതിന് ശേഷം സ്വന്തം തട്ടകത്തിൽ റയൽ നിറഞ്ഞാടി. ഇഞ്ച്വറി ടൈമിന്റെ ഒൻപതാം മിനിറ്റിൽ വിജയമുറപ്പിച്ചു. ജൂഡ് ബെല്ലിങ്ഹാമിന്റെ അസിസ്റ്റിൽ ഡാനി കാർവഹാൾ ആണ് റയലിന്റെ വിജയഗോൾ നേടിയത്. ആഴ്ചകൾക്ക് മുൻപും അവസാന മിനിറ്റിൽ കാർവഹാൾ ലക്ഷ്യംകണ്ട് റയലിന് വിജയം കൊണ്ടുവന്നിരുന്നു. വിജയത്തോടെ റയൽ മാഡ്രിഡ് ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 20 മത്സരങ്ങളിൽ നിന്ന് 51 പോയിന്റാണ് റയലിനുള്ളത്.

ഫെറാൻ ടോറസിന്റെ ഹാട്രിക് മികവിൽ റിയൽ ബെറ്റീസിനെരണ്ടിനെതിരെ നാലുഗോളുകൾക്കാണ് ബാഴ്‌സലോണ വിജയിച്ചത്. 21,48, 90+2 മിനിറ്റുകളിലാണ് ലക്ഷ്യംകണ്ടത്. ജാവോ ഫെലിക്‌സാണ്(90) മറ്റൊരു ഗോൾ സ്‌കോർ ചെയ്തത്. റിയൽ ബെറ്റീസിനായി ഇസ്‌കോ(56,59) ഇരട്ട ഗോൾ നേടി. മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് സെവിയ്യക്കെതിരെ ജിറോണ എഫ്.സി വിജയം കുറിച്ചു. ആർതെം ഡോബികിന്റെ ഹാട്രിക് മികവിലാണ്(13,15, 19) നേട്ടം. വിക്ടർ സിഹൻകോവ്(56), ക്രിസ്റ്റിയൻ സ്റ്റുണാണി(89) എന്നിവരും ലക്ഷ്യംകണ്ടു. റൊമേരോ ബെർണാലിലൂടെ സെവിയ്യ ആശ്വാസ ഗോൾ നേടി. 21 കളിയിൽ 52 പോയന്റുമായി ജിറോണ ഒന്നാംസ്ഥാനത്ത് തുടരുമ്പോൾ ഒരുമാച്ച് കുറവ് കളിച്ച റയൽമാഡ്രിഡ് 51 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. ബാഴ്‌സലോണ 44 പോയന്റുമായി മൂന്നാമതാണ്.

TAGS :

Next Story