സിറ്റിക്കെതിരെ സാമ്പത്തിക കേസ്: ടീമിന് പിന്തുണയുമായി എർലിംഗ് ഹാലൻഡ്

സാമ്പത്തിക ലംഘന കേസുകളിൽ പ്രതിസന്ധി നേരിടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് പൂർണ്ണ പിന്തുണയുമായി സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലൻഡ്. അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം കടുത്ത പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ക്ലബ്ബിലെ എല്ലാവരും പരസ്പരം ഒപ്പം നിൽക്കണമെന്നും മാനസികമായി കരുത്ത് കാണിക്കണമെന്നും മാധ്യമങ്ങളോട് താരം പറഞ്ഞു.
"ജീവിതത്തിൽ എന്ത് സംഭവിച്ചാലും നമ്മൾ എപ്പോഴും പുഞ്ചിരിയോടെ നിൽക്കണം. പോസിറ്റീവായി ചിന്തിക്കുക, മുന്നോട്ട് നോക്കുക, മത്സരങ്ങൾ ജയിക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. ക്ലബ്ബും ആരാധകരും പരസ്പരം ഒപ്പം നിന്ന് ഈ സാഹചര്യം മറികടക്കണം," അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം ദേശീയ ടീമിൽ നിന്ന് തിരിച്ചെത്തിയ ഹാലൻഡ് വ്യക്തമാക്കി.
2022-ൽ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നാണ് ഹാലൻഡ് എത്തിഹാദിലെത്തുന്നത്. ക്ലബ്ബിനോടും മാഞ്ചസ്റ്റർ നഗരത്തോടുമുള്ള തന്റെ വൈകാരിക ബന്ധവും താരം പങ്കുവെച്ചു. യുകെയിലെ കുട്ടിക്കാല ഓർമ്മകളും പിതാവ് ആൽഫ്-ഇംഗെ ഹാലൻഡ് സിറ്റിക്കായി കളിച്ച കാലവും അനുസ്മരിച്ച താരം, താനും ഒരു മാഞ്ചസ്റ്റർ സിറ്റി ആരാധകനാണെന്ന് കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ലിവർപൂളിനെതിരായ പോരാട്ടത്തിലാണ് ക്ലബ്ബിന്റെ മുഴുവൻ ശ്രദ്ധയെന്നും ഹാലൻഡ് പറഞ്ഞു. ആൻഫീൽഡിൽ നടക്കുന്ന മത്സരത്തിൽ ലിവർപൂൾ ആരാധകരിൽ നിന്ന് കടുത്ത എതിർപ്പും സമ്മർദ്ദവും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ പുറത്തുനിന്നുള്ള വർത്തമാനങ്ങൾക്ക് ചെവികൊടുക്കാതെ, മത്സരത്തിൽ മാത്രം ശ്രദ്ധ നൽകി മൂന്ന് പോയിന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് ഹാലൻഡ് വ്യക്തമാക്കി.
അതേസമയം, സാമ്പത്തിക ലംഘന ആരോപണങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ നിരപരാധിത്വം വ്യക്തമാക്കുകയും നിയമനടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ട്.
Adjust Story Font
16

