Quantcast

കിരീടം തിരിച്ചുകിട്ടി; ആഫ്രിക്കൻ ചാമ്പ്യന്മാരായി സെനഗൽ

MediaOne Logo

Sports Desk

  • Updated:

    2026-11-24 15:04:59

Published:

24 Nov 2026 8:32 PM IST

കിരീടം തിരിച്ചുകിട്ടി; ആഫ്രിക്കൻ ചാമ്പ്യന്മാരായി സെനഗൽ
X

ആഫ്രിക്കൻ ഫുട്ബോളിലെ വിവാദങ്ങൾക്ക് ഒടുവിൽ തിരശ്ശീല. 2025ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് (AFCON) കിരീടം സെനഗലിന് തന്നെ. മൊറോക്കോയ്‌ക്കെതിരായ ഫൈനലിൽ നേടിയ വിജയം റദ്ദാക്കി കിരീടം നഷ്ടപ്പെടുത്തിയ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (CAF) തീരുമാനം അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി (CAS) അസാധുവാക്കി. ഇതോടെ ജനുവരിയിൽ നടന്ന ഫൈനലിൽ മൊറോക്കോയെ അധികസമയത്ത് 1-0ന് തോൽപ്പിച്ച് സെനഗൽ നേടിയ കിരീടം ഔദ്യോഗികമായി പുനഃസ്ഥാപിക്കപ്പെട്ടു.

റബാത്തിൽ നടന്ന ഫൈനലിന്റെ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു വിവാദങ്ങളുടെ തുടക്കം. സെനഗലിനെതിരെ പെനാൽറ്റി അനുവദിച്ചതിൽ പ്രതിഷേധിച്ച് താരങ്ങൾ കളം വിട്ടതോടെയാണ് മത്സരം നാടകീയമായത്. പിന്നീട് താരങ്ങൾ മൈതാനത്ത് തിരിച്ചെത്തിയതോടെ മത്സരം പുനരാരംഭിക്കുകയും സെനഗൽ വിജയിക്കുകയും ചെയ്തു. എന്നാൽ മത്സരച്ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഏകദേശം രണ്ട് മാസത്തിന് ശേഷം CAF അപ്പീൽ ബോർഡ് സെനഗലിന്റെ വിജയം റദ്ദാക്കി മൊറോക്കോയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെയാണ് സെനഗൽ ഫുട്ബോൾ ഫെഡറേഷൻ CASനെ സമീപിച്ചത്.

ഒക്ടോബർ എട്ടിന് സ്വിറ്റ്സർലൻഡിലെ ലോസാനിൽ നടന്ന വാദം കേൾക്കലിന് പിന്നാലെയാണ് മൂന്നംഗ ബെഞ്ചിന്റെ വിധി. മത്സരം പുനരാരംഭിക്കണോ വേണ്ടയോ എന്നത് റഫറിയുടെ മാത്രം അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് കോടതി വ്യക്തമാക്കി. ഇരു ടീമുകളും മൈതാനത്ത് തിരിച്ചെത്തി മത്സരം തുടരാൻ സന്നദ്ധത അറിയിച്ചതിനാൽ കളി പുനരാരംഭിക്കാനുള്ള റഫറി ജീൻ ജാക്വസ് എൻഡാലയുടെ തീരുമാനം അന്തിമമാണെന്നും CAS നിരീക്ഷിച്ചു. ഇതോടെ ഫൈനലിലെ ഫലം നിലനിൽക്കുകയും സെനഗൽ ആഫ്രിക്കൻ ചാമ്പ്യന്മാരായി വീണ്ടും അംഗീകരിക്കപ്പെടുകയും ചെയ്തു.

വിധിക്ക് പിന്നാലെ കിരീടം ഉയർത്തുന്ന ടീമിന്റെ ചിത്രം പങ്കുവെച്ച് 'എന്നും എപ്പോഴും' എന്ന കുറിപ്പോടെയാണ് സെനഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രതികരിച്ചത്. CAFയും മൊറോക്കോ ഫുട്ബോൾ ഫെഡറേഷനും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. CAS വിധി മാനിക്കുമെന്ന് CAF പ്രസിഡന്റ് പാട്രിസ് മോട്സെപെ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ വിധിയോടെ 2025ലെ ആഫ്രിക്കൻ ഫുട്ബോൾ ചാമ്പ്യന്മാർ ആരെന്ന കാര്യത്തിൽ ഔദ്യോഗികമായ അനിശ്ചിതത്വത്തിനും അവസാനമായിരിക്കുകയാണ്.

TAGS :

Next Story