Quantcast

മലബാർ ഡർബിയിൽ കാലിക്കറ്റ് എഫ്.സിക്ക് തകർപ്പൻ ജയം; മലപ്പുറത്തെ വീഴ്ത്തിയത് മൂന്ന് ഗോളിന്

സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിന്റെ ആദ്യ തോൽവിയാണിത്.

MediaOne Logo

Sports Desk

  • Published:

    14 Sept 2024 10:26 PM IST

Calicut FC wins in Malabar Derby; Malappuram was defeated by three goals
X

മഞ്ചേരി: സൂപ്പർ ലീഗ് കേരള മലബാർ ഡർബിയിൽ എതിരില്ലാത്ത മൂന്ന് ഗോളിന് മലപ്പുറം എഫ്.സിയെ വീഴ്ത്തി കാലിക്കറ്റ് എഫ്.സി. ഗനി അഹമ്മദ് നിഗത്തിന്റെ ഇരട്ടഗോൾ മികവിലാണ് മലപ്പുറം തട്ടകമായ പയ്യനാട് സ്റ്റേഡിയത്തിൽ സന്ദർശകർ മിന്നും ജയം സ്വന്തമാക്കിയത്. 22,90+8 മിനിറ്റിലാണ് ഗനി വലകുലുക്കിയത്. 62ാം മിനിറ്റിൽ കാലിക്കറ്റിന്റെ വിദേശ താരം കെർവൻസ് ബെൽഫോർട്ടും വലകുലുക്കി.

ആദ്യ മിനിറ്റുകളിൽ മലപ്പുറം പന്തിൽ മേധാവിത്വം പുലർത്തിയെങ്കിലും കാലിക്കറ്റ് പതിയെ കളിയിലേക്ക് മടങ്ങിയെത്തി. വിംഗുകളിലൂടെയുള്ള മുന്നേറ്റത്തിലൂടെയാണ് സന്ദർശകർ ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി അതിവേഗ കൗണ്ടറിലൂടെ മലപ്പുറവും മുന്നേറിയതോടെ മത്സരം ആവേശമായി.

എന്നാൽ 22ാം മിനിറ്റിൽ കോഴിക്കോട്ടുകാർക്കായി നാദാപുരം സ്വദേശി ഗനി ലക്ഷ്യംകണ്ടു. മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി ബോക്‌സിൽ കയറിയ താരം ഗോൾകീപ്പർ മിഥുന്റെ തലക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലേക്ക് അടിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ആക്രമണമൂർച്ച കൂട്ടിയ മലപ്പുറം എതിർബോക്‌സിലേക്ക് ഇരമ്പിയെത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി.

TAGS :

Next Story