അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോൾ; മലബാർ ഡെർബിയിൽ കാലിക്കറ്റിനെ തളച്ച് മലപ്പുറം
അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോൾ തിരിച്ചടിച്ചാണ് മലപ്പുറം സ്വന്തം കാണികൾക്ക് മുന്നിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്.

മഞ്ചേരി: കനത്ത മഴയിലും ആവേശംചോരാത്ത സൂപ്പർ ലീഗ് കേരള മലബാർ ഡെർബി ത്രില്ലർപോരാട്ടം സമനിലയിൽ. മലപ്പുറം എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും മൂന്ന് ഗോൾ വീതം നേടിയാണ് കൈകൊടുത്തത്. അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോൾ തിരിച്ചടിച്ചാണ് മലപ്പുറം സ്വന്തം കാണികൾക്ക് മുന്നിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ആവേശമത്സരത്തിൽ മലപ്പുറത്തിനായി എയ്റ്റർ ആൽഡലിർ, നിധിൻ മധു, ജോൺ കെന്നഡി ഗോൾനേടി. കാലിക്കറ്റിനായി മുഹമ്മദ് അജ്‌സൽ ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ ക്യാപ്റ്റൻ പ്രശാന്ത് ഹെഡ്ഡറിലൂടെ വലകുലുക്കി. മൂന്ന് കളികളിൽ മലപ്പുറത്തിന് അഞ്ചും കാലിക്കറ്റിന് നാലും പോയന്റായി.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ കോഴിക്കോടിന്റെ ആദ്യ ഗോളെത്തി. അർജന്റീനക്കാരൻ ഫെഡറിക്കോ ഹെർനാൻ ബോസോ എടുത്ത കോർണർ മലപ്പുറം ഗോളി മുഹമ്മദ് അസ്ഹർ തട്ടിത്തെറിപ്പിച്ചു. കൂട്ടപ്പൊരിച്ചിലിനിടെ പന്ത് നേരെയെത്തിയത് മുഹമ്മദ് അജ്‌സ്‌ലിന്റെ കാലുകളിലേക്ക്. അണ്ടർ 23 താരത്തിന്റെ തകർപ്പൻ വോളി മലപ്പുറത്തിന്റെ പോസ്റ്റിൽ കയറി (1-0). പതിനഞ്ചാം മിനിറ്റിൽ അജ്‌സലിന് വീണ്ടും അവസരം. പക്ഷെ, മലപ്പുറം ഗോളി നെഞ്ചുകൊണ്ട് തടുത്തു. ഇരുപതാം മിനിറ്റിൽ കോഴിക്കോട് ക്യാപ്റ്റൻ പ്രശാന്തിന്റെ മിസ്പാസ് പിടിച്ചെടുത്ത മലപ്പുറത്തിന്റെ ഗനി നിഗം പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോളി ഹജ്മൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ഫക്കുണ്ടോ ഡാനിയലിനെതിരെ പരുക്കൻ അടവ് പുറത്തെടുത്ത കാലിക്കറ്റിന്റെ ജോനാഥൻ പരേരക്ക് മഞ്ഞക്കാർഡ് ലഭിച്ചു. മുപ്പത്തിയെട്ടാം മിനിറ്റിൽ പരിക്കേറ്റ് മടങ്ങിയ അക്ബർ സിദ്ധീഖിന് പകരം മലപ്പുറം അഖിലിനെ കളത്തിലിറക്കി. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറത്തിന്റെ സമനില ഗോൾ വന്നു. ഫക്കുണ്ടോ ഡാനിയലിന്റെ കോർണർ കിക്കിന് മലപ്പുറം നായകൻ എയ്റ്റർ ആൽഡലിർ കൃത്യമായി തലവെച്ചപ്പോൾ പന്ത് കാലിക്കറ്റ് പോസ്റ്റിൽ കയറി (1-1).
കനത്തമഴയുടെ അകമ്പടിയോടെ രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ വീണ്ടും കാലിക്കറ്റ് ലീഡെടുത്തു. ഇടതുവീങിലൂടെ മുന്നേറി സാലിം നൽകിയ ക്രോസ് ഹെഡ്ഡ് ചെയ്ത് പ്രശാന്ത് വലയിലെത്തിച്ചു. (2-1). ആക്രമണം ശക്തമാക്കാൻ മലപ്പുറം റിഷാദ് ഗഫൂർ, ജോൺ കെന്നഡി എന്നിവരെ കൊണ്ടുവന്നു. പ്രശാന്തിന് പകരം കാലിക്കറ്റ് അനികേത് യാദവിനും അവസരം നൽകി. എഴുപത്തിരണ്ടാം മിനിറ്റിൽ കാലിക്കറ്റിന്റെ മൂന്നാം ഗോൾ. മൂന്ന് പ്രതിരോധക്കാരെയും ഗോളിയെയും കബളിപ്പിച്ച് ഗോൾ നേടിയത് മുഹമ്മദ് അജ്‌സൽ. മത്സരത്തിൽ മുൻ ബ്ലാസ്റ്റേഴ്സ് താരത്തിന്റെ രണ്ടാം ഗോൾ. രണ്ടാം പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും നനഞ്ഞുകുതിർന്ന പിച്ചിൽ സ്‌കോറിങ് ദുഷ്‌കരമായി. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ലക്ഷ്യംകാണാനുള്ള സുവർണാവസരം ഗനി നഷ്ടപ്പെടുത്തി. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കേ നിധിൻ മധുവും പകരക്കാരൻ കെന്നഡിയും ഗോൾ നേടി മലപ്പുറത്തിന് ആവേശ സമനില സമ്മാനിച്ചു. റോയ് കൃഷ്ണയുടെ പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ കെന്നഡി റീബൗണ്ടിലൂടെ ഗോൾ നേടുകയായിരുന്നു (3-3). മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 22956 കാണികളാണ് ഇന്ന് മത്സരം കാണാനെത്തിയത്.
Adjust Story Font
16

