കൊമ്പന്മാരെ തളച്ച് തൃശൂർ; നായകൻ മെയിൽസൺ ആൽവസ് വിജയ ഗോൾ നേടി

തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ അനന്തപുരിയിലും തൃശൂരുകാരുടെ മാജിക് പ്രകടനം. സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിക്ക് ജയം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ തിരുവനന്തപുരം കൊമ്പൻസിനെ 1-0 ന് തോൽപ്പിച്ചു. ആദ്യ പകുതിയിൽ നായകൻ മെയിൽസൺ ആൽവസ് ആണ് വിജയഗോൾ നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും എവെ ഗ്രൗണ്ടിൽ വിജയം നേടിയ തൃശൂർ മൂന്ന് കളികളിൽ നിന്ന് ആറ് പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.
മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ ആദ്യ അഞ്ച് മിനിറ്റിനിടെ മൂന്ന് കോർണറുകൾ നേടിയെടുത്ത് ആക്രമണമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് കൊമ്പൻസ് കളി തുടങ്ങിയത്. എട്ടാം മിനിറ്റിൽ അവരുടെ ബ്രസീൽ താരം റൊണാൾഡ് കോസ്റ്റയെ തൃശൂരിന്റെ തേജസ് കൃഷ്ണ ബോക്സിൽ വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. പന്ത്രണ്ടാം മിനിറ്റിൽ കളിഗതിക്ക് വിപരീതമായി തൃശൂരിന്റെ ഗോൾ വന്നു. കോർണറിൽ നിന്ന് വന്ന പന്ത് തേജസ് കൃഷ്ണ ഫ്രാൻസിസ് അഡോക്ക് നൽകി. ഘാനക്കാരൻ കൃത്യമായി ഹെഡ് ചെയ്ത് നൽകിയ പന്ത് ക്യാപ്റ്റൻ മെയിൽസൺ ആൽവസ് പോസ്റ്റിലേക്ക് അടിച്ചുകയറ്റി (1-0). ഇരുപത്തിമൂന്നാം മിനിറ്റിൽ കൊമ്പൻസിന്റെ അണ്ടർ 23 താരം മുഹമ്മദ് അസ്‌ഹർ ഇടതു വിങിലൂടെ മുന്നേറി രണ്ട് എതിരാളികളെ ഡ്രിബിൾ ചെയ്ത് കടന്ന ശേഷം തൊടുത്ത ഷോട്ട് തേജസ് കൃഷ്ണയുടെ മുഖത്ത് തട്ടി പുറത്ത് പോയി. മുപ്പത്തിയെട്ടാം മിനിറ്റിൽ കൊമ്പൻസിന് വീണ്ടും അവസരം. റൊണാൾഡ് ബോക്സിന് പുറത്ത് നിന്ന് പായിച്ച കനത്ത ഷോട്ട് തൃശൂരിന്റെ അണ്ടർ 23 ഗോൾ കീപ്പർ കമാലുദ്ധീൻ കോർണർ വഴങ്ങി രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് ഖാലിദ് റോഷനെയും തൃശൂർ അലൻ ജോണിനെയും കളത്തിലിറക്കി. ഇറങ്ങിയ ഉടനെ ഓട്ടിമർ ബിസ്‌പൊയെ ഫൗൾ ചെയ്ത അലന് മഞ്ഞക്കാർഡ് ലഭിച്ചു. അൻപത്തിനാലാം മിനിറ്റിൽ തൃശൂരിന്റെ മുഹമ്മദ് ജിയാദിന് നേരെയും റഫറി മഞ്ഞക്കാർഡ് ഉയർത്തി. കെവിൻ ജാവിയർ, ഫൈസൽ അലി, മുഹമ്മദ് അഫ്സൽ, ഉമശങ്കർ (തൃശൂർ), പൗലോ വിക്ടർ, അഫിൻ, വിഘ്‌നേഷ്, യൂരി കർവാലോ (കൊമ്പൻസ്) എന്നിവരും രണ്ടാം പകുതിയിൽ കളത്തിലെത്തി. ബ്രസീലിയൻ താരങ്ങളായ റൊണാൾഡ്, പൗലോ വിക്ടർ എന്നിവരെ മുൻനിർത്തി തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയപ്പോൾ കൊമ്പൻസ് ഹോം ഗ്രൗണ്ടിൽ സീസണിലെ രണ്ടാം തോൽവി വഴങ്ങി. 6941 പേർ ഇന്നലെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി.
Adjust Story Font
16

