Quantcast

ഡിബ്രുയിനെയുടെ പകരക്കാരനെ തേടി സിറ്റി, മധ്യനിര താരത്തിനായി റയൽ; യൂറോപ്പിൽ കളംമാറാൻ താരങ്ങൾ

ജർമൻ യുവമിഡ്ഫീൽഡർ ഫ്‌ളോറിയാൻ വിർട്‌സിനായി പ്രധാന ക്ലബുകളെല്ലാം രംഗത്തുണ്ട്

MediaOne Logo

Sports Desk

  • Published:

    17 May 2025 7:25 PM IST

City looking for De Bruynes replacement, Real for a midfielder; Players to change places in Europe
X

ആരാകും മാഞ്ചസ്റ്റർ സിറ്റിയിൽ കെവിൻ ഡിബ്രുയിനെയുടെ പകരക്കാരൻ... റയൽ മാഡ്രിഡിൽ സാബി അലോൺയോയുടെ കരുനീക്കങ്ങൾ എന്തെല്ലാം... ആർസനലിലും ചെൽസിയിലും പുതിയ സ്ട്രൈക്കർമാരെത്തുമോ... യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ കിരീടചിത്രം ഏതാണ്ട്് തെളിഞ്ഞതോടെ ഇനി എല്ലാ കണ്ണുകളും ട്രാൻസ്ഫർ വിപണിയിലേക്ക്. വിൻഡോ ഓപ്പണാവാൻ ഇനിയും ദിവസങ്ങളുണ്ടെങ്കിലും അണിയറയിൽ ചടുലനീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. നടപ്പുസീസണിൽ തങ്ങളുടെ വീക്ക്നെസ് കൃത്യമായി മനസിലാക്കിയ ക്ലബുകൾ പെർഫെക്ട് റീപ്ലെയ്സ്മെന്റിനായി വലവിരിച്ചു കഴിഞ്ഞു.



ഇത്തവണ ചാമ്പ്യൻസ് ലീഗിലും ലാലീഗയിലും കാലിടറിയവരാണ് റയൽ മാഡ്രിഡ്. ബദ്ധവൈരികളായ ബാഴ്സലോണക്കെതിരെ സമ്പൂർണ്ണ പരാജയം നേരിട്ട സീസൺ. എതിരാളികൾ കരുത്താർജ്ജിച്ചതോടെ പുതിയ വെടിക്കോപ്പുകളെയെത്തിക്കാതെ മറ്റൊരു ഓപ്ഷനില്ലെന്ന ബോധ്യം റയൽ മാനേജ്മെന്റിനുണ്ട്. കാർലോ ആഞ്ചലോട്ടിക്ക് പകരം പുതിയകാല പരിശീലകൻ സാബി അലോൺസോയെത്തിച്ചതും ഇതിന്റെ ആദ്യ പടിയായാണ്. മാസങ്ങൾക്ക് മുൻപ് തന്നെ ലിവർപൂൾ റൈറ്റ്ബാക് ട്രെൻഡ് അലക്സാണ്ടർ അർണോൾഡ് ഡീൽ വിജയകരമായി പൂർത്തിയാക്കാനായി. ഏറ്റവുമൊടുവിൽ പ്രതിരോധനിരയിലേക്ക് 20 കാരൻ ഡീൻ ഹ്യൂസനെയും ഇംഗ്ലണ്ടിൽ നിന്ന് സ്‌പെയിനിലെത്തിക്കാനായി.



ഇംഗ്ലീഷ് ക്ലബ് ബോൺമൗത്ത് ആവശ്യപ്പെട്ട 58 മില്യൺ റിലീസ് ക്ലോസ് നൽകാൻ ക്ലബ് സന്നദ്ധമാണെന്നാണ് റിപ്പോർട്ടുകൾ. മികച്ച ഫോമിലുള്ള യങ് സ്പാനിഷ് താരത്തെയെത്തിക്കുന്നതിലൂടെ പ്രതിരോധത്തിലെ പ്രശ്നങ്ങൽ പരിഹരിക്കാമെന്നാണ് റയൽ കരുതുന്നത്. ലോങ്ബോളുകൾ നൽകാനുള്ള മികവും ടാക്ലിങ്കിലെ കൃത്യയതയുമെല്ലാമാണ് സ്പാനിഷ് താരത്തെ റയൽ റഡാറിലെത്തിച്ചത്. കരിയറിൽ അവസാനത്തിലെത്തി നിൽക്കുന്ന ലൂക്കാ മോഡ്രിചിന്റെ പകരക്കാരനെയും റയലിന് കണ്ടെത്തേണ്ടതുണ്ട്. ലിവർപൂളിൽ നിന്ന് മാക് അലിസ്റ്ററിനടക്കം നോക്കമിട്ടെങ്കിലും ലിവർപൂൾ വിടുന്നതിൽ അർജന്റീനൻ താരം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സീസണിൽ ലാലീഗ കിരീടമടക്കം നേടി മികച്ച ഫോമിലുള്ള ബാഴ്‌സലോണ ഇത്തവണ ട്രാൻസ്ഫർ വിപണിയിൽ വലിയതോതിൽ ഇടപെടാനിടയില്ല. പ്രതിരോധ നിരയിലേക്ക് ക്രിസ്റ്റൽപാലസ് താരം മാർക്ക് ്ഗുയിയെ എത്തിക്കാൻ കറ്റാലൻ ക്ലബ് ശ്രമിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



2024-25 സീസണിൽ ഏറ്റവുമധികം പരിക്കേറ്റ ടീം പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്. പ്രീമിയർ ലീഗിലെ വലിയ തിരിച്ചടിക്ക് പുറമെ യുസിഎല്ലിലും കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ അടുത്ത സീസണിൽ പെർഫെക്ട് കംബാകിനാണ് നീലപട തയാറെടുക്കുന്നത്. എന്നാൽ ദീർഘകാലം ടീമിന്റെ മധ്യനിരയിലെ ബുദ്ധികേന്ദ്രമായ കെവിൻ ഡിബ്രുയിനെയുടെ പടിയിറക്കം ചാമ്പ്യൻക്ലബിൽ വലിയ പ്രതിസന്ധിയായി ഉരുണ്ടുകൂടുന്നു. ആരാകും കെഡിബിയുടെ പകരക്കാരനെന്നതതിൽ ഇതുവരെ വ്യക്തതയൊന്നുമായില്ല. നിലവിൽ ബയേർ ലെവർകൂസന്റെ ഫ്ളോറിയാൻ റിട്സാണ് പ്രധാന ടാർഗറ്റ്. ബുണ്ടെസ്‌ലീഗയിൽ ഗോളടിച്ചും അടിപ്പിച്ചും മുന്നേറുന്ന ജർമൻ യങ് മിഡ്ഫീൽഡറെ ഫ്യൂച്ചർ താരമായാണ് ക്ലബ് കാണുന്നത്. എന്നാൽ ഈ ഡിൽ അനായാസം ലക്ഷ്യംകാണാനാകില്ലെന്ന് സിറ്റിക്കറിയാം. യുവ ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർക്കായി ബയേൺമ്യൂണിക്, ലിവർപൂൾ അടക്കം കാര്യമായി രംഗത്തുണ്ട്. അതേസമയം, 22 കാരനായി റെക്കോർഡ് തുക മുടക്കാൻവരെ സിറ്റി തയാറാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നോട്ടിങ്ഹാം ഫോറസ്റ്റിന്റെ മോർഗൻ ഗിബ്സ് വൈറ്റ്, എസി മിലാന്റെ റെയിൻഡേഴ്സ് എന്നിവരേയും മധ്യനിരയിലേക്ക് സിറ്റി സെക്കന്റ് ഓപ്ഷനായി പരിഗണിക്കുന്നു.



മധ്യനിര താരങ്ങൾക്കൊപ്പം സ്‌ട്രൈക്കർമാർക്കും ട്രാൻസ്ഫർ വിപണിയിൽ വൻ ഡിമാൻഡാണ്. ആർസനൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളെല്ലാം മുന്നേറ്റത്തിൽ മികച്ച ഓപ്ഷനായുള്ള തിരച്ചിലിലാണ്. ഇംഗ്ലീഷ് ക്ലബ് വോൾവ്സിന്റെ ബ്രസീലിയൻ ഫോർവേഡ് മത്തേയൂസ് കുന്യയെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. 45 മില്യണോളം ഇതിനായി ക്ലബ് മുടക്കുമെന്നും റിപ്പോർട്ടുണ്ട്. നിലവിൽ ടീമിലുള്ള ജോഷ്വാ സിർക്സിയെ സീസണൊടുവിൽ ഒഴിവാക്കാൻ പരിശീലകൻ റൂബെൻ അമോറിമിന് പദ്ധതിയുണ്ടെന്നും വാർത്തകൾ വരുന്നു. ബ്രൈട്ടന്റെ ബ്രസീലിയൻ ഫോർവേഡ് ജോ പെഡ്രോയാണ് മുന്നേറ്റനിരയിലേക്കുള്ള ആർസലിന്റെ പ്രധാന ടാർഗറ്റ്. സീസണിൽ ബ്രൈട്ടൻ കുതിപ്പിലെ ചാലകശക്തിയായ 23 കാരൻ ഇതുവരെയായി 30 ഗോളുകളും സ്‌കോർ ചെയ്തിട്ടുണ്ട്. മികച്ചൊരു സ്ട്രൈക്കറുടെ അഭാവം ചാമ്പ്യൻസ് ലീഗിലടക്കം തിരിച്ചടിച്ചതോടെ ഗണ്ണേഴ്സ് അടുത്ത സീസൺ മുന്നിൽകണ്ട് കൃത്യമായ നീക്കങ്ങളാണ് നടത്തുന്നത്. നേരത്തെ റയൽ സോസിഡാഡിൽ നിന്ന് ഡിഫൻസീവ് മിഡ്ഫീൽഡർ മാർട്ടിൻ സുബിമെൻഡിയുമായും ക്ലബ് ഡീലിലെത്തിയിരുന്നു.



ട്രാൻസ്ഫർ വിപണി ആരംഭിച്ചാൽ സ്ഥിരമായി വാർത്തകളിൽ നിറയുന്ന ക്ലബാണ് ചെൽസി. ഇത്തവണയും താരങ്ങളെ ടാർഗെറ്റ് ചെയ്ത് നീലപട റേസിൽ മുന്നിലുണ്ട്. ദീർഘകാലമായി ക്ലബ് നേരിടുന്ന മുന്നേറ്റനിരയിലെ പ്രശ്നം പരിഹരിക്കാൻ മികച്ചൊരു സ്ട്രൈക്കറെയാണ് അവർക്ക് ആവശ്യം. സെനഗൽ താരം നിക്കോളാസ് ജാക്സൻ നിറംമങ്ങിയതും മറ്റൊരു ഓപ്ഷനിലേക്ക് പോകാൻ നീലപടയെ നിർബന്ധിതമാക്കി. ഇപ്സ്വിച് ടൗൺ യങ് ഫോർവേഡ് ലിയാം ഡെലപ്, ആർബി ലെയ്പിഗിന്റെ ബെഞ്ചമിൻ സെസ്‌കോ എന്നിവർക്ക് പുറമെ ബ്രസീലിയൻ താരം ജോ പെഡ്രോയും ലിസ്റ്റിലുണ്ട്. കഴിഞ്ഞ സമ്മറിൽ നടക്കാതെ പോയ നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ഒസിമൻ ഡീലിനുള്ള ശ്രമമും ഒരുഭാഗത്ത് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ യൂറോപ്പിൽ പൊന്നുംവിലയുള്ള സ്പോട്ടിങ് സിപിയുടെ സ്ട്രൈക്കർ വിക്ടർ ഗ്യോകറിസിനായി പ്രധാന ഇംഗ്ലീഷ് ക്ലബുകളെല്ലാം രംഗത്തുണ്ട്. തകർപ്പൻ ഫോമിലുള്ള 26 കാരനായി ആർസനൽ, യുണൈറ്റഡ്, ചെൽസി തുടങ്ങി പ്രധാന ക്ലബുകളെല്ലാം വലിയതുട മുടക്കാൻ പോലും തയാറായേക്കും.



സീസൺ അവസാനം സ്വീഡിഷ് താരം ക്ലബ് വിടുമെന്നുറപ്പാണെങ്കിലും ആരുടെ കൂടാരത്തിലേക്ക് എന്നറിയാൻ ഇനിയും കാത്തിരിക്കണം. ന്യൂകാസിൽ യുണൈറ്റഡിന്റെ സ്വീഡിഷ് സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസാക്കാണ് മറ്റൊരു പ്രധാന താരം. താരത്തിനായി മാസങ്ങൾക്ക് മുൻപ് തന്നെ പ്രമുഖ ക്ലബുകൾ രംഗത്തെത്തിയിരുന്നു. ഡച്ച് താരോദയം ജെർമി ഫ്രിങ്പോങിനെയെത്തിച്ച് അലക്‌സാണ്ടർ അർണോൾഡിന്റെ വിടവ് നികത്താൻ ലിവർപൂളിനും പദ്ധതിയുണ്ട്. ട്രാൻസ്വർ വിൻഡോ ചൂടുപിടിക്കാൻ ഇനിയും നാളേറെയുണ്ട്. എന്നാൽ കളത്തിന് പുറത്ത് ചരടുവലികൾ ഇതിനകം തുടങ്ങികഴിഞ്ഞു. യൂറോപ്യൻ ഫുട്ബോളിനെ മാറ്റിമറിക്കുന്ന മറ്റൊരു ട്രാൻസ്ഫർ സാഗക്കായി കാത്തിരിക്കാം.

TAGS :

Next Story