ഷൂട്ടൗട്ടിൽ ലിവർപൂളിനെ വീഴ്ത്തി പിഎസ്ജി; രാജകീയം ബാഴ്‌സ ക്വാർട്ടറിൽ
ബയേൺ മ്യൂണികും ഇന്റർ മിലാനും ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തി

ലണ്ടൻ: അത്യന്തം ആവേശകരമായ മത്സരത്തിൽ ലിവർപൂളിനെ തോൽപിച്ച് പിഎസ്ജി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ. ലിവർപൂൾ തട്ടകമായ ആൻഫീൽഡിൽ നടന്ന രണ്ടാംപാദ പ്രീക്വാർട്ടറിൽ 12ാം മിനിറ്റിൽ ഡെംബലയുടെ ഗോളിൽ ഫ്രഞ്ച് ക്ലബ് മുന്നിലെത്തി ഇതോടെ ഇരുപാദങ്ങളിലുമായി മത്സരം 1-1 സമനിലയിലായി. ആദ്യപാദത്തിൽ ഒരുഗോളിന് പിന്നിൽ നിന്ന പിഎസ്ജിയുടെ തിരിച്ചുവരവ് കൂടിയായി ഈ മത്സരം. ഗോൾ വീണതോടെ ആക്രമണം ശക്തമാക്കിയ ചെമ്പട പിഎസ്ജി ബോക്‌സിലേക്ക് ഇരമ്പിയെത്തി. എന്നാൽ നിർഭാഗ്യം ഇംഗ്ലീഷ് ക്ലബിനെ വേട്ടയാടി. മറുഭാഗത്ത് ലഭിച്ച അവസരങ്ങളിൽ എതിർബോക്‌സിലേക്ക് ഫ്രഞ്ച് ക്ലബും മുന്നേറിയതോടെ അവസാനനിമിഷം മത്സരം ആവേശമായി. എന്നാൽ മുഴുവൻ സമയവും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.
പിഎസ്ജിക്കായി കിക്കെടുത്ത വിറ്റീഞ്ഞ, ഗോൺസാലോ റാമോസ്, ഡെംബലെ, ഡിസൈർ ഡോയി എന്നിവർ വലകുലുക്കി. എന്നാൽ ലിവർപൂളിന്റെ ഡാർവിൻ ന്യൂനസ്, കർട്ടിസ് ജോൺസ് എന്നിവരുടെ ഷോട്ട് ഫുൾലെങ്ത് ഡൈവിലൂടെ തട്ടിയകറ്റി ഇറ്റാലിയൻ ഗോൾകീപ്പർ പിഎസ്ജി രക്ഷകനായി. ഒടുവിൽ 4-1ന് ഷൂട്ടൗട്ട് ജയിച്ച് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.
മറ്റൊരു മത്സരത്തിൽ ബെൻഫികയെ തോൽപിച്ച് ബാഴ്‌സലോണ അവസാന എട്ടിൽ സ്ഥാനം പിടിച്ചു. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിമ്പിക് ലൂയിസ് കമ്പനി സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കറ്റാലൻ ക്ലബിന്റെ ജയം. ബ്രസീലിയൻ റഫീഞ്ഞ(11,42) ഇരട്ടഗോൾ നേടിയ മത്സരത്തിൽ ലമീൻ യമാലും(27) ലക്ഷ്യംകണ്ടു. ബെൻഫികക്കായി നികോളാസ് ഒട്ടമെൻഡി(13) ആശ്വാസ ഗോൾനേടി. ബോക്‌സിന് പുറത്തുനിന്ന് പോസ്റ്റിന്റെ വലത് മൂലയിലേക്ക് അടിച്ചുകയറ്റിയാണ് യമാൽ വണ്ടർ ഗോൾനേടിയത്. മറ്റു മത്സരങ്ങളിൽ ഇന്റർ മിലാൻ 2-1ന് ഫെയർനൂദിനേയും ബയേൺ മ്യൂണിക് എതിരില്ലാത്ത രണ്ട് ഗോളിന് ബയേൺ ലെവർകൂസനേയും തോൽപിച്ചു.
Adjust Story Font
16

