തോമസ് പാർടെയുടെ സൈനിങ്ങിനെതിരെ രംഗത്തിറങ്ങി വിയ്യ റയൽ ആരാധകർ
ഇത് ക്ലബ് ചരിത്രത്തിലെ ഇരുണ്ട ദിനമെന്ന് വിമർശനം

വിയ്യാറയൽ: മുൻ ആർസനൽ താരം തോമസ് പാർടെയെ ടീമിലെത്തിക്കുന്നതിൽ വിയ്യറയലിൽ വൻ ആരാധക പ്രതിഷേധം. പാർടെയുടെ സൈനിംഗ് നടത്തരുത് എന്ന് ആവശ്യപ്പെട്ട് നൂറോളം ആരാധകർ ഒപ്പിട്ട നിവേദനം ക്ലബിന് സമർപ്പിച്ചു. ലൈംഗികാതിക്രമം ഉൾപ്പടെയുള്ള കേസുകൾ ആരോപിക്കപ്പെട്ട താരത്തെ ഒരു കാരണവശാലും ടീമിലെത്തിക്കരുതെന്നാണ് ആരാധകരുടെ പക്ഷം.
ബലാത്സംഗവും ലൈംഗികാതിക്രമവും ഉൾപ്പടെ ആറ് വകുപ്പുകളിൽ കേസ് ചുമത്തപ്പെട്ട പാർടെ ചൊവ്വാഴ്ച വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ ഹാജരായിരുന്നു. 2021-22 ൽ ആർസനലിന് വേണ്ടി കളിച്ചിരുന്ന കാലത്താണ് കേസിനാസപദമായ സംഭവങ്ങൾ നടന്നത്. 32 കാരനായ താരം സ്‌പെയിനിലേക്ക് മാറുന്ന സാഹചര്യത്തിൽ മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടുകൂടി ജാമ്യം അനുവദിച്ചു. ഒരു വർഷത്തേക്കാണ് വിയ്യ റയൽ പാർടെയുമായി കരാറിലെത്തിയിരിക്കുന്നത്.
റയൽ മാഡ്രിഡ്, ബാഴ്‌സലോണ തുടങ്ങിയ ക്ലബുകളിൽ നിന്ന് വ്യത്യസ്തമായി ഫാൻസുമായി അത്രയധികം ഇഴുകിചേർന്ന് പ്രവർത്തിക്കുന്ന ക്ലബാണ് വിയ്യാറയൽ. ക്ലബിലേക്കുള്ള പാർടെയുടെ വരവ് ലോകമെമ്പാടുമുളള ലൈംഗിക അതിക്രമ ബാധിതരുടെ മുഖത്തുള്ള അടിക്ക് സമാനമാണെന്ന് ആരാധകർ നിവേദനത്തിൽ സൂചിപ്പിച്ചു. 'നോ ടു തോമസ് പാർടെ' എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വയറലാണ്.
സംഭവത്തിൽ ക്ലബ് അധികൃതർ ഇതുവരെ പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.
Adjust Story Font
16

