സ്റ്റേഡിയത്തിൽ വുവുസേലകൾ വേണ്ട; ലോകകപ്പിൽ കടുത്ത നിയന്ത്രണവുമായി ഫിഫ
2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പോടെയാണ് വുവുസേലകൾ ആഗോളതലത്തിൽ ശ്രദ്ധേയമായത്.

വാഷിങ്ടൺ: ലോകകപ്പ് കിക്കോഫിന് ദിവസങ്ങൾ ബാക്കിനിൽക്കെ മത്സരം കാണാനെത്തുന്നവർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ഫിഫ. വലിയ ശബ്ദമുയർത്തി സ്റ്റേഡിയത്തിൽ ആഘോഷാന്തരീക്ഷം സൃഷ്ടിക്കുന്ന വുവുസേലകൾ, എയർഹോണുകൾ എന്നിവക്ക് പ്രവേശനമുണ്ടാകില്ല. വെള്ളകുപ്പി ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് നേരത്തെ ഫിഫ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വിലക്കുകൾ വരുന്നത്. യുഎസ്എ, കാനഡ, മെക്‌സികോ എന്നിവിടങ്ങളിൽ സ്‌റ്റേഡിയം പെരുമാറ്റചട്ടത്തിന്റെ ഭാഗമായാണ് ഈ പ്ലാസ്റ്റിക് ഹോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പോടെയാണ് വുവുസേലകൾ ആഗോളതലത്തിൽ ശ്രദ്ധേയമായത്. എന്നാൽ ശബ്ദകോലാഹലമെന്ന നിലയിൽ വിമർശനവും ഉയർന്നിരുന്നു. ഫിഫയുടെ പെരുമാറ്റചട്ടം അനുസരിച്ച് ലേസർ ഉപകരണങ്ങൾക്കും അനുവാദമുണ്ടാകില്ല. നിയമങ്ങൾ ലംഘിക്കുന്നവരെ സ്‌റ്റേഡിയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയോ പുറത്താക്കുകയോ ചെയ്യും.
48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് നടക്കുന്നത്. ജൂൺ 11-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
Adjust Story Font
16

