ഇന്ത്യൻ ഫുട്‍ബോളെന്ന ഭീമനെ ഉണർത്താൻ സാവി വന്നാൽ മതിയോ?
സാവിയുടെ പേരിലെത്തിയ വ്യാജ അപേക്ഷ എഐഎഫ്എഫിന്റെ പി.ആർ സ്റ്റണ്ടോ?

മുൻ ഫിഫ പ്രെസിഡന്റ് സെപ് ബ്ലാറ്ററുടെ ഉറങ്ങി കിടക്കുന്ന ഭീമൻ. ആർസീൻ വെങ്ങർക്കത് അധികമാരും തിരഞ്ഞു ചെല്ലാത്ത ഒരു സ്വർണ ഖനിയാണ്. പറഞ്ഞു വരുന്നത് മറ്റൊന്നിനെയും പറ്റിയല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാതാളത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ഫുട്‍ബോളെന്ന പ്രതിഭാസത്തെ പറ്റിയാണ്. 2026 വരെ കരാറിലുള്ള ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കി മനോലോ മാർക്‌സിനെ കൊണ്ടുവരുന്നു. 8 മത്സരങ്ങൾക്ക് ശേഷം തനിക്ക് പറ്റിയയിടമല്ലെന്ന് പറഞ്ഞ് മനോലോ സ്വയമേ രാജി വെച്ചിറങ്ങുന്നു. പിന്നാലെ പരിശീലകനെ തിരഞ്ഞ ഇന്ത്യൻ ഫുടബോൾ ഫെഡറെഷന് അങ് സ്‌പെയിനിൽ നിന്നും ഒരു അപേക്ഷ വന്നു. കല്യാൺ ചൗബെയും, സുബ്രത പോളും, ഐ എം വിജയനുമടക്കമുള്ളവരുടെ കണ്ണ് തള്ളിച്ച ഒരു ആപ്ലികേഷൻ. സ്പെയ്നിന്റെയും ബാഴ്സലോണയുടെയും ഒരു കാലത്തെ ബുദ്ധികേന്ദ്രമായിരുന്ന സാക്ഷാൽ സാവി ഹെർണാണ്ടസിന്റേത്.
ആദ്യ 100 റാങ്കിൽ നിന്നിരുന്ന ഒരു ടീം ഇന്ന് 133 എന്ന സമീപകാല മോശം റാങ്കിലാണ്. ടീം വിടുന്ന പരിശീലകരൊക്കെയും ഫെഡറേഷനെയും അവരുടെ രാഷ്ട്രീയ താല്പര്യങ്ങളെയും രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. ഒസിഐ , പിഐഓ താരങ്ങളെ ടീമിലെത്തിക്കാൻ ആരാധകരുടെ മുറവിളി തുടങ്ങിയിട്ട് നാളേറെയായി. ഇതിനെല്ലാമിടയിൽ ഒരു പുകമറ സൃഷ്ടിക്കാൻ എഐഎഫ്എഫ് നടത്തിയ പി.ആർ സ്റ്റാണ്ടായിരുന്നോ സാവിയുടെ ആപ്ലികേഷൻ? പരിശീലകനെ തേടിയുള്ള ഇന്ത്യൻ ഫുടബോൾ ഫെഡറേഷന്റെ നാൾ വഴികളിലൂടെ ഒന്ന് കണ്ണോടിക്കാം.
മൂന്നാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാൽ ജൂലൈ 4 നാണ് എഐഎഫ്എഫ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുതിയ പരിശീലകനെ തിരഞ്ഞുള്ള അറിയിപ്പ് പുറത്തുവിടുന്നത്. ജൂലൈ 22 ന് ഇന്ത്യക്കകത്തും പുറത്തുനിന്നുമായി ഏതാണ്ട് 170 അപേക്ഷകളാണ് ഫെഡറേഷന് ലഭിച്ചത്. മുൻ ലിവർപൂൾ താരങ്ങളായിരുന്ന റോബി ഫൗളർ, ഹാരി കീവൽ ഐഎസ്എൽ പരിചയസമ്പത്തുള്ള സെർജിയോ ലൊബേര, ലോപസ് ഹബ്ബാസ് എന്നിവർക്ക് പുറമെ ഇന്ത്യൻ പരിശീലകരായ സനോജ് സെൻ , ഖാലിദ് ജമീൽ എന്നിവരും അപേക്ഷകരുടെ പട്ടികയിലുണ്ടായിരുന്നു. മുമ്പ് രണ്ട് തവണ ദേശീയ ടീം പരിശീലകനായിരുന്ന സ്റ്റീഫൻ കോൺസ്റ്റൻന്റൈനും ഇക്കുറി വീണ്ടും അപേക്ഷയുമായി എത്തി.
പിന്നാലെ ലോകഫുടബോളിനെ തന്നെ പിടിച്ചു കുലുക്കിയ വാർത്തെയെത്തി. ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് സാവി ഹെർണാണ്ടസ് അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ഖത്തറിൽ അൽ സാദിനൊപ്പം ഏഷ്യൻ ഫുടബോളിന്റെ വേഗവും താളവും അറിഞ്ഞ സാവി വീണ്ടുമൊരിക്കൽ കൂടി വൻ കരയിലേക്ക് മടങ്ങി വരുന്നു. മുൻ ഗോൾകീപ്പറും നിലവിലെ ദേശീയ ടീം ഡയറക്ടുമായ സുബ്രത പാലാണ് വാർത്ത പുറത്തുവിട്ടതെന്നത് വിശ്വാസ്യത ഉറപ്പ് വരുത്തി. അന്താരാഷ്ട്ര മാധ്യമങ്ങൾ കൂടി ഏറ്റുപിടിച്ചതോടെ എങ്ങും ചർച്ച വിഷയം ഇന്ത്യൻ ഫുടബോൾ മാത്രം. പക്ഷെ സാമ്പത്തികം എഐഎഫ്എഫിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. അതിനാൽ തന്നെ സാവിയെ പരിശീലകരുടെ അവസാന പട്ടികയിലേക്ക് പരിഗണിക്കാൻ എഐഎഫ്എഫ് ഒരുക്കമല്ല. മറ്റു മൂന്ന് പരിശീലകരുടെ പേരാണ് ടെക്നിക്കൽ കമ്മിറ്റി നിർദ്ദേശിച്ചത്. മാധ്യമങ്ങളെ കണ്ട കമ്മിറ്റി അംഗമായ ഐ.എം വിജയൻ പ്രതികരിച്ചു. സാവിയുടെ പേര് കേട്ട അന്ധാളിപ്പ് വിട്ട് മാറത്ത ഇന്ത്യൻ ആരാധകർക്ക് ഈ സ്റ്റേറ്റ്മെന്റ് വലിയൊരു അടിയായി. ബോർഡിന്റെ ഇത്തരമൊരു മനോഭാവത്തെ അവർ നന്നായി പഴിച്ചു. ഇന്ത്യൻ ഫുടബോളിനെ അടുത്ത തലത്തിലേക്ക് കൊണ്ടെത്തിക്കാൻ എത്തിയ മാലാഖയെ പണത്തിന്റെ പേര് പറഞ്ഞ് ബോർഡ് മടക്കിയയച്ചു. വാർത്ത ഖനവും വേഗവും കൂടിയതോടെ വിവരം സാവിയുടെ ചെവിയിലുമെത്തി.
സാവി ഇന്ത്യൻ പരിശീലക കുപ്പായത്തിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പേരിൽ വന്നത് വ്യാജമായ അപേക്ഷയാണ്. വാർത്തയെ പറ്റി സാവിയുടെ അടുത്ത വൃത്തങ്ങൾ ആദ്യ പ്രതികരണം നടത്തി. പിന്നാലെ അന്വേഷണം ആരംഭിച്ച എഐഎഫ്എഫും അതെ സ്ഥിതീകരണത്തിലാണ് എത്തിയത്. വന്നത് വ്യാജ ഇ മെയിൽ തന്നെ. പെപ് ഗാർഡിയോളയുടെ പേരിൽ വന്ന അപേക്ഷക്ക് സമാനമായ ഒന്ന്. വന്ന അപേക്ഷകളുടെ ക്രെഡിബിലിറ്റി പരിശോധിക്കാതെയാണോ ബോർഡ് ഇവ പരിഗണിക്കുന്നത്? എന്തിന്റെ പേരിലാണ് സുബ്രത പാലിനെ പോലെയുള്ള അധികാരികൾ ഇത്തരമൊരു വാർത്ത പടച്ചു വിട്ടത്? പബ്ലിസിറ്റിക്ക് വേണ്ടിയുള്ള എഐഎഫ്എഫിന്റെ ചീപ് പി.ആർ സ്റ്റാണ്ടാണോ ഇത്? അതോ കേവലം ഒരു എഞ്ചിനീറിങ് വിദ്യാർത്ഥിയുടെ വ്യാജ ഇ മെയിലിൽ കണ്ണ് തള്ളിയപ്പോ പറ്റിയ അബദ്ധമോ? ഏതായാലും കൂനിന്മേൽ കുരുവെന്ന പോലെ നാണക്കേടിന്റെ പടുകുഴിയിൽ നിൽക്കുന്ന ഇന്ത്യൻ ഫുടബോളിന്റെ മേൽ ഒരു സ്പാനിഷ് പൊൻ തൂവൽ കൂടി ചാർത്തപ്പെട്ടു.
പരിശീലകനാണോ ഇന്ത്യൻ ഫുടബോളിന്റെ പ്രശനം. അല്ല എന്നുള്ളതാണ് വാസ്തവം. കഴിവിനും പ്രതിഭക്കുമപ്പുറം രാഷ്ട്രീയ താല്പര്യങ്ങളെ കൂടി ഫുടബോളിൽ കലർത്തുന്ന തലവന്മാരുള്ള ഒരു കൂട്ടം, അവർ നയിക്കുന്ന ഒരു ഫെഡറേഷൻ. ദേശീയ ടീമിലുമപ്പുറം പണം കായ്ക്കുന്ന ഫ്രാഞ്ചയ്‌സി ഫുടബോളിന് പ്രാധാന്യം കൽപ്പിക്കുന്ന താരങ്ങൾ. ഇവരാണ് ഇന്ത്യൻ ഫുടബോളിനെ പിന്നോട്ട് വലിക്കുന്നത്. ഇന്ത്യയിൽ ഫുട്‍ബോളെന്നത് തടവിലടക്കപ്പെട്ട ഒരു കായിക വിനോദമാണെന്നാണ് മുൻ പരിശീലകൻ ഇഗോർ സ്റ്റിമേക്കിന്റെ വാദം. അനുയോജ്യരായ താരങ്ങളെ തിരഞ്ഞെടുക്കാൻ സാധിക്കാത്തതാണ് തന്നെ അലട്ടിയെതെന്ന് മനോലോയും അടുത്തിടെ പറഞ്ഞു. താരങ്ങളെ തിരഞ്ഞെടുക്കാൻ രാഷ്ട്രീയ താല്പര്യങ്ങൾ മാനദണ്ഡമാവുമ്പോൾ, ജ്യോതിഷ പ്രകാരം ആദ്യ ഇലവൻ പ്രഖ്യാപിക്കുമ്പോൾ, ഒസിഐ താരങ്ങൾക്ക് നേരെ മനപ്പൂർവം കണ്ണടക്കുമ്പോൾ സാവിയും ഗാർഡിയോളയും പോലെയുള്ള പരിശീലകർ വന്നാലും ഇന്ത്യ എന്ന ഭീമൻ ഉറക്കമുണരുമോ ?
Adjust Story Font
16

