'ഞങ്ങള്‍ക്ക് ഫ്രാന്‍സിനെ ഭയമില്ല, അവര്‍ പേടിക്കണം': മുന്നറിയിപ്പുമായി ലമീന്‍ യമാല്‍
ഫിഫ ലോകകപ്പ് 2026 സെമിഫൈനലിൽ ഫ്രാൻസിനെയാണ് സ്പെയിനിന് നേരിടാനുള്ളത്

ലോസ് ആഞ്ചല്‍സ്: ഫ്രാന്‍സിന് മുന്നറിയിപ്പുമായി സ്പെയിൻ മുന്നേറ്റതാരം ലമീൻ യമാൽ. ഫിഫ ലോകകപ്പ് 2026 സെമിഫൈനലിൽ ഫ്രാൻസിനെയാണ് സ്പെയിനിന് നേരിടാനുള്ളത്. 2018 ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ ഭയപ്പെടുന്നില്ലെന്നും, ഫ്രാൻസ്, സ്പെയിനിനെയാണ് ഭയപ്പെടേണ്ടതെന്നും യമാൽ വ്യക്തമാക്കി.
ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനൽ വിജയത്തിന് ശേഷം, പ്ലെയർ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ട യമാൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “കഴിഞ്ഞ രണ്ട് പ്രധാന ടൂര്‍ണമെന്റുകളിലും ഞങ്ങളാണ് ഫ്രാൻസിനെ പുറത്താക്കിയത്. അതിനാൽ അവർ ഞങ്ങളെ ഭയപ്പെടണം. ഞങ്ങൾക്ക് ഒരു ഭയവുമില്ല”-യമാൽ പറഞ്ഞു.
സമീപകാല മത്സരങ്ങളിൽ ഫ്രാൻസിനെതിരെ മികച്ച റെക്കോർഡുമായാണ് സ്പെയിൻ സെമി ഫൈനലിലേക്ക് എത്തുന്നത്. യൂറോ 2024 സെമിഫൈനലിൽ ഫ്രാൻസിനെ 2-1ന് തോൽപ്പിച്ച സ്പെയിൻ, 2025 യുവേഫ നേഷൻസ് ലീഗ് ഫൈനലില്‍ 5-4ന് വീണ്ടും വിജയം സ്വന്തമാക്കിയിരുന്നു. ഈ രണ്ട് വിജയങ്ങളുമാണ് സെമി ഫൈനലിന് മുന്നോടിയായി സ്പാനിഷ് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകങ്ങള്‍.
അതേസമയം, ഫ്രാൻസ് തുടർച്ചയായ മൂന്നാം ഫിഫ ലോകകപ്പ് ഫൈനലിലേക്കാണ് കണ്ണുവെക്കുന്നത്. 2018ൽ ക്രൊയേഷ്യയെ തോൽപ്പിച്ച് ലോകകപ്പ് കിരീടം നേടിയ ഫ്രാൻസ്, 2022 ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ട് റണ്ണറപ്പായിരുന്നു. 2026 ലോകകപ്പിലും സെമി ഫൈനലിലെത്തിയതോടെ, തുടർച്ചയായി മൂന്ന് ലോകകപ്പ് സെമിഫൈനലുകൾ കളിക്കുന്ന അപൂർവ നേട്ടവും ഫ്രാൻസ് സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ ജർമനിയും ബ്രസീലും മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ജർമനി 2002 മുതൽ 2014 വരെ തുടർച്ചയായി നാല് ലോകകപ്പ് സെമിഫൈനലുകളിൽ എത്തിയപ്പോൾ, ബ്രസീൽ 1994 മുതൽ 2002 വരെ തുടർച്ചയായി മൂന്ന് ലോകകപ്പ് സെമിഫൈനലുകളിലും മൂന്ന് ഫൈനലുകളിലും ഇടം നേടിയിരുന്നു.
Adjust Story Font
16

