'പരസ്യ ഇടവേളയോ ആരോഗ്യ സംരക്ഷണമോ'; ചർച്ചയായി ലോകകപ്പിലെ ഹൈഡ്രേഷൻ ബ്രേക്ക് നിയമം
നെതർലൻഡ്‌സ് ക്യാപ്റ്റൻ വിർജിൽ വാൻഡെക് അടക്കമുള്ളവർ കളിക്കിടെയുള്ള ഇടവേളയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു

ന്യൂയോർക്ക്: അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടന്നുവരുന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പുരോഗമിക്കവെ ചർച്ചയായി ഹൈഡ്രേഷൻ ബ്രേക്ക് നിയമം. കളിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന നിർബന്ധിത ഇടവേളക്കെതിരെ വിമർശനമുയർത്തി മുൻ താരങ്ങളും പരിശീലകരുമടക്കം നിരവധി പ്രമുഖരാണ് ഇതിനകം രംഗത്തെത്തിയത്. ലോകകപ്പിനായി ഫിഫ അവതരിപ്പിച്ച പുതിയ നിയമപ്രകാരം, ഓരോ പകുതിയിലും ഏകദേശം 22-ാം മിനിറ്റിൽ മത്സരം നിർത്തി ഹൈഡ്രേഷൻ ബ്രേക്ക് അനുവദിക്കണമെന്നാണ് റഫറിമാർക്ക് നൽകിയ നിർദേശം. കാലാവസ്ഥ അത്ര പ്രശ്‌നമല്ലാത്ത സാഹചര്യമാണെങ്കിലും ഹൈഡ്രേഷൻ ബ്രേക്ക് നിർബന്ധമായി നടത്തുന്നു. ഈ ഇടവേളകളിൽ പരസ്യങ്ങൾ സംപ്രേഷണം ചെയ്യാൻ ബ്രോഡ്കാസ്റ്റർമാർക്ക് ഫിഫ അനുമതി നൽകിയതും ചർച്ചകൾക്ക് കാരണമാകുന്നു. മത്സരഗതിയ്ക്കിടെ ഇത്തരത്തിൽ മൂന്ന് മിനിറ്റോളം നിർത്തിവെക്കുന്നത് കളിയുടെ ഗതിമാറ്റുമെന്നാണ് ഫുട്‌ബോൾ പണ്ഡിറ്റുകളടക്കം പറയുന്നത്. ഒരു ടീമിന്റെ തിരിച്ചുവരവ് പലപ്പോഴും ഒരു നിമിഷത്തെ മികവിലല്ല, മറിച്ച് തുടർച്ചയായ സമ്മർദത്തിലൂടെയും ആക്രമണങ്ങളിലൂടെയുമാണ് രൂപപ്പെടുന്നതെന്നാണ് ഇവർ വാദിക്കുന്നത്.
കളി ആവേശകരമായ ഘട്ടത്തിലെത്തുമ്പോൾ അപ്രതീക്ഷിതമായി വിസിൽ മുഴങ്ങി എല്ലാവരും ടച്ച്ലൈനിലേക്ക് മടങ്ങുന്നത് കളിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നുവെന്നാണ് അവരുടെ അഭിപ്രായം. ഈ വിമർശനം ആരാധകരിൽ മാത്രം ഒതുങ്ങുന്നില്ല. മത്സര സാഹചര്യങ്ങൾ അത്ര കഠിനമല്ലാത്തപ്പോൾ ഇത്തരമൊരു ഇടവേളയുടെ ആവശ്യകതയെ നിരവധി താരങ്ങളും പരിശീലകരും ചോദ്യം ചെയ്തിട്ടുണ്ട്. നെതർലൻഡ്സ് നായകൻ വിർജിൽ വാൻഡെക്ക് അടക്കമുള്ളവരും ഫിഫയുടെ ഈ പരിഷ്‌കാരത്തിനെതിരെ രംഗത്തെത്തിയിരുന്നു. മത്സരത്തിനിടെ പരസ്യത്തിലേക്ക് മാറുന്നത് കാഴ്ചാനുഭവത്തെ ബാധിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ പരിശീലകൻ മൗറിസിയോ പൊച്ചറ്റീനോയും സമാന അഭിപ്രായമുയർത്തിയിരുന്നു. കാലാവസ്ഥ അതീവ വെല്ലുവിളിയാകുന്ന സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം ഇടവേളകൾക്ക് പ്രസക്തിയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മറുവശത്ത്, ഹൈഡ്രേഷൻ ബ്രേക്കുകൾ പരിശീലകർക്ക് തന്ത്രങ്ങൾ മാറ്റിപണിയാനുള്ള അവസരമാണെന്ന മറുവാദവും ശക്തമാണ്. മൊറോക്കോയ്ക്കെതിരായ മത്സരത്തിൽ ബ്രസീൽ സമ്മർദത്തിലായിരിക്കെ ലഭിച്ച ഹൈഡ്രേഷൻ ബ്രേക്ക് പരിശീലകൻ കാർലോ ആൻസലോട്ടിക്ക് കളിക്കാരുമായി നേരിട്ട് സംസാരിക്കാനും തന്ത്രങ്ങൾ തിരുത്താനും അവസരം നൽകി. കളി പുനരാരംഭിച്ചതിന് പിന്നാലെ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ സമനില ഗോൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഫുട്‌ബോളിൽ സാധാരണയായി പരിശീലകർക്ക് മത്സരത്തിനിടെ ടീമിനെ നേരിട്ട് പുനഃസംഘടിപ്പിക്കാൻ അധിക അവസരങ്ങൾ ലഭിക്കാറില്ല. പരിക്കുകളോ മറ്റു ഇടവേളകളോ മാത്രമാണ് പലപ്പോഴും ആശ്രയം. പുതിയ നിയമം ഓരോ മത്സരത്തിലും രണ്ടുതവണ അത്തരം അവസരമാണ് തുറന്നുകൊടുക്കുന്നത്. എന്നാൽ ഇത് എല്ലാ ടീമുകൾക്കും പോസിറ്റീവ് ആകണമെന്നുമില്ല.
ജർമനിക്കെതിരെ സമനില പിടിച്ച കുറസാവോ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനിടെയായിരുന്നു ഹൈഡ്രേഷൻ ബ്രേക്ക്. ഇടവേളയ്ക്ക് ശേഷം ജർമനി വീണ്ടും നിയന്ത്രണം പിടിച്ചടക്കുകയും ഒടുവിൽ 7-1ന്റെ വമ്പൻ ജയം സ്വന്തമാക്കുകയും ചെയ്തു. തോൽവിക്ക് കാരണം ഇടവേളയല്ലെങ്കിലും മത്സരത്തിന്റെ ഗതി മാറാൻ അത് കാരണമായിരിക്കാമെന്നാണ് വിലയിരുത്തൽ.മുൻ സ്പാനിഷ് താരം ജുവാൻ മാതയും ഒരു കളിക്കാരന്റെ കാഴ്ചപ്പാടിൽ ഇത്തരം ഇടവേളകൾ അത്ര അനുകൂലമല്ലെന്നാണ് അഭിപ്രായപ്പെട്ടത്. തോൽവിയിലേക്ക് നീങ്ങുന്ന ടീം ഗോൾ തേടുമ്പോഴും മുന്നിലുള്ള ടീം കളിയുടെ നിയന്ത്രണം നിലനിർത്താൻ ശ്രമിക്കുമ്പോഴും ഈ ഇടവേളകൾ സ്വാഭാവിക താളം തെറ്റിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
പരസ്യങ്ങളിലും കോടികളുടെ വരുമാനമാണ് ഈ ബ്രേക്കിലൂടെ നേടിയെടുക്കുന്നത്. ഹൈഡ്രേഷൻ ബ്രേക്കിന് ശേഷം കളി പുനരാരംഭിക്കുന്നതിന് 30 സെക്കൻഡ് മുമ്പ് സംപ്രേഷണം ലൈവിലേക്ക് മടങ്ങണമെന്ന് ഫിഫയുടെ നിർദേശമുണ്ട്. എന്നാൽ ചില മത്സരങ്ങളിൽ അത് കൃത്യമായി പാലിക്കപ്പെട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. സ്‌റ്റേഡിയത്തിൽ എത്തുന്ന ആരാധകരും ഈ ബ്രേക്കിനെതിരെ പരസ്യവിമർശനമുയർത്തുകയും ചെയ്തിരുന്നു. ഡാലസിൽ നടന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരത്തിനിടെ ഇടവേള പ്രഖ്യാപിച്ചപ്പോൾ സ്റ്റേഡിയത്തിലെ ചില ആരാധകർ പ്രതിഷേധ സൂചകമായി കൂവിയിരുന്നു. മറ്റ് മത്സരങ്ങളിലും സമാന പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിക്കറ്റ് സർക്കിളുകളിൽ ചൂടുപിടിക്കുകയാണ്
Adjust Story Font
16

