ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച് സാവി; പണമില്ലാത്തതിനാൽ ഒഴിവാക്കി എഐഎഫ്എഫ്

ഡൽഹി: ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച് സ്പാനിഷ് ഇതിഹാസ താരവും മുൻ ബാഴ്‌സലോണ പരിശീലകനുമായിരുന്ന സാവി ഹെർണാണ്ടസ്. ഈ മാസം രണ്ടാംതിയ്യതിയാണ് മനോലോ മർകസ് ഇന്ത്യൻ പരിശീലക സ്ഥാനത്തുനിന്ന് രാജിവെച്ചത്. രണ്ട് ദിവസം മുൻപാണ് അതിന്റെ പട്ടിക പുറത്തുവിട്ടത്. 170 അപേക്ഷകളാണ് എഐഎഫ്എഫിന് ലഭിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ പരിശീലക സ്ഥാനമേറ്റെടുത്ത മനോലോ മർകസിന്റെ കീഴിൽ ഇന്ത്യ എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. റാങ്കിങ്ങിൽ പിന്നിലുള്ള ഹോംഗ് കോങിനോടേറ്റ തോൽവിയാണ് മാർകേസിന്റെ സ്ഥാനം തെറിപ്പിച്ചത്. ഇതേ തുടർന്നാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകൾ സ്വീകരിക്കാൻ തയ്യാറായത്.
പുറത്തുവിട്ട പട്ടികയിൽ മുൻ ഐഎസ്എൽ പരിശീലകനും നിലവിലെ ഇന്റർ കാശി പരിശീലകനായ അന്റോണിയോ ഹബാസ്, നിലവിലെ ഒഡീഷ പരിശീലകനായ സെർജിയോ ലൊബേര, മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, മുൻ ലിവർപൂൾ താരങ്ങളായ റോബി ഫൗളർ, ഹരി കീവെൽ, സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ് തുടങ്ങിയവരുണ്ടായിരുന്നു. നിലവിലെ ജംഷഡ്‌പൂർ പരിശീലകൻ ഖാലിദ് ജമീൽ, സാൻജോയ് സെൻ, സന്തോഷ് കശ്യപ് തുടങ്ങിയവരാണ് പട്ടികയിലെ ഇന്ത്യൻ സാന്നിധ്യമായുണ്ടായിരുന്നത്.
ആ നീണ്ട പട്ടികയിൽ സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസുമുണ്ടായിരുന്നു എന്നതാണ് പുതിയ വിവരം. ഇന്ത്യൻ ഫുട്ബോൾ വിദഗ്ധനായ മർക്കസ് മെഗല്ലോയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ സാവിയുടെ പ്രതിഫലം ഇന്ത്യൻ ഫുട്ബോളിന് താങ്ങാനാകില്ലയെന്ന് ചൂണ്ടിക്കാട്ടി അവസാന പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ഇതേകുറിച്ച് മുൻ ഇന്ത്യൻ താരവും നിലവിലെ എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റി ചെയർമാനായ ഐ എം വിജയൻ മീഡിയ വണ്ണിനോടു പ്രതികരിച്ചതിങ്ങനെ.
‘‘സാവി അപേക്ഷിച്ചിരുന്നു, പക്ഷെ ചെലവ് താങ്ങില്ല. ഖാലിദ് ജമീലിനെയും സ്റ്റീഫൻ കോൺസ്റ്റൈന്റനെയുമാണ് ടെക്നിക്കൽ കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്"
ഇത്രയും നാൾ വിദേശ പരിശീലകരായിരുന്നു ഇന്ത്യൻ ടീമിന്റെ ചുമതലയിൽ ഇനി ഇന്ത്യൻ പരിശീലകർക്ക് അവസരം നൽകാമെന്നാണ് ടെക്നിക്കൽ കമ്മിറ്റിയുടെ അഭിപ്രയം. പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.
Adjust Story Font
16

