ഇത് റിഹേഴ്‌സൽ നടത്താനുള്ള വേദിയല്ല, ലോകകപ്പാണ് ; ഹോക്കി ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഫെഡറേഷനെതിരെ രൂക്ഷ വിമർശനവുമായി പിആർ ശ്രീജേഷ്

ന്യൂഡൽഹി : 2026 ഹോക്കി ലോകകപ്പിൽ നിന്നും ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെ ഹോക്കി ഫെഡറേഷനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഗോൾകീപ്പർ പിആർ ശ്രീജേഷ്. ലോകകപ്പിനെ ഫെഡറേഷൻ വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്നും, ഏഷ്യൻ കപ്പിനുള്ള ഒരുക്കം പോലെയാണ് ടീമിനെ ടൂർണമെന്റിന് പറഞ്ഞയച്ചതെന്നുമാണ് താരത്തിന്റെ പ്രധാന വിമർശനം. തന്റെ എക്സ് അകൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'നിങ്ങൾ പേടിക്കേണ്ട, ലോകകപ്പിൽ ഒന്നും വലിയ കാര്യമില്ല. ഏഷ്യൻ ഗെയിംസ് വരാനുണ്ടല്ലോ, അതിൽ ഒരു മെഡൽ നേടി 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സ് സ്വപ്നം കാണുക' ഹാസ്യ രൂപേണ ഫെഡറേഷനെ കളിയാക്കിയാണ് ശ്രീജേഷിന്റെ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്. ലോകകപ്പിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ വനിത ടീമിന്റെ മുഖ്യ പരിശീലകൻ അവധിയിൽ പോയതിനെയും ശ്രീജേഷ് തന്റെ പോസ്റ്റിൽ വിമർശിക്കുന്നുണ്ട്. നിർണായക സമയത്ത് ടീമിനൊപ്പം ഉണ്ടാവേണ്ടിയിരുന്ന പരിശീലകൻ വിട്ടുനിന്നിട്ടും ടീം നന്നായി കളിച്ചുവെന്നും അതിലപ്പുറം എന്താണ് അവർക്ക് ചെയ്യാനാവുകയെന്നും ശ്രീജേഷ് ചോദിക്കുന്നു.
പുരുഷ ടീം ഒരു മികച്ച എതിരാളിയോട് പരാജയപ്പെടുമ്പോൾ ഇതിനെ ഒരു അനുഭവമാക്കി എടുക്കണമെന്ന ഫെഡറേഷൻ നിലപാടിനെ രൂക്ഷമായ ഭാഷയിൽ തന്നെ താരം വിമർശിക്കുന്നുണ്ട്. മികച്ച പ്രകടനം പുറത്തെടുത്തു എന്ന സ്ഥിരം പല്ലവിയല്ല ടീമിന്റെ കാര്യത്തിൽ വേണ്ടതെന്നും തോൽവികൾ ഒരു പാഠമാക്കി എടുക്കണമെന്ന രീതി മാറ്റണമെന്നും താരം പോസ്റ്റിൽ കുറിച്ചു. 'നല്ല പ്രകടനം' പുറത്തെടുക്കുന്ന ഒരു ടീമിനെയാണോ നമുക്ക് വേണ്ടത്, അതോ ലോകത്തിലെ മികച്ച ടീമുകളെ പരാജയപ്പെടുത്തുന്ന ഒരു ടീമിനെയാണോ?. ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാണ് താരത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ബെൽജിയം, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഹോക്കി ലോകകപ്പിൽ ഇന്ത്യൻ പുരുഷ, വനിത ടീമുകൾ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു.
Adjust Story Font
16

