Quantcast

ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ മറക്കാനാവാത്ത അട്ടിമറി; ബ്രിട്ടീഷുകാരെ വീഴ്ത്തിയ അമേരിക്കയുടെ വിജയഗാഥ

ഫുട്ബോളിന്‍റെ അതിസുന്ദരമായ അനിശ്ചിതത്വത്തിന്‍റെയും അപ്രവചനീയതയുടെയും ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി ഇപ്പോഴും നിലനില്‍ക്കുന്നു

MediaOne Logo

Web Desk

  • Published:

    9 Oct 2022 7:44 AM IST

ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ മറക്കാനാവാത്ത അട്ടിമറി;  ബ്രിട്ടീഷുകാരെ വീഴ്ത്തിയ അമേരിക്കയുടെ വിജയഗാഥ
X

ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിൽ എല്ലാ കാലവും ഒർത്തിരിക്കുന്ന ഒരു അട്ടിമറിയുടെ ചരിത്രമാണ് ഇനി. 1950 ലോകകപ്പിൽ ഫുട്ബോളിലെ രാജാക്കന്മാര്‍ എന്ന പേരും പെരുമയുമായി എത്തിയ ബ്രിട്ടീഷുകാരെ വീഴ്ത്തിയ അമേരിക്കയുടെ അട്ടിമറി വിജയത്തിന്‍റെ കഥ. ഫുട്ബോളിന്‍റെ അതിസുന്ദരമായ അനിശ്ചിതത്വത്തിന്‍റെയും അപ്രവചനീയതയുടെയും ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി ഇപ്പോഴും നിലനില്‍ക്കുന്നു.

കായിക ലോകത്തിന് കാല്‍പ്പന്തുകളിയെ പരിചയപ്പെടുത്തിയവരാണ് ഇംഗ്ലീഷുകാര്‍. ഫുട്ബോള്‍ മൈതാനത്തെ തറവാട്ടുകാരാണ്. 1950ലെ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിച്ചിരുന്നവര്‍. രണ്ടാം മത്സരത്തില്‍ എതിരാളികള്‍ അമേരിക്കയാണ്. ഫുട്ബോള്‍ കളി തീരെ വശമില്ലാത്തവരാണ്. പ്രൊഫഷണല്‍ താരങ്ങള്‍ നന്നെ കുറവായ ടൂര്‍ണമെന്‍റില്‍ അതീവ ദുര്‍ബലര്‍. മറ്റുള്ള ജോലികളൊക്കെ ചെയ്യുന്നവരില്‍ ഫുട്ബോള്‍ അത്യാവശ്യം കളിക്കാനറിയാവുന്നവരെ തെരഞ്ഞെടുത്ത് ടീം സെറ്റാക്കിയതാണ്. ഒറ്റ പരിശീലന മത്സരം മാത്രമാണ് ബ്രസീലിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ആ ടീമിന് ലഭിച്ചത്. അവരാണ് ബ്രിട്ടനെ നേരിടുന്നത്. അങ്ങനെ വിസില്‍ മുഴങ്ങുന്നു. കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഇംഗ്ലീഷുകാരുടെ മേധാവിത്വം. എന്നാൽ മുപ്പത്തിയെട്ടാം മിനുട്ടില്‍ അപ്രതീക്ഷിതമായ ഒരു കാഴ്ചയ്ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നു.ഇംഗ്ലീഷുകാരുടെ വല തുളച്ചൊരു ഗോള്‍ പതിച്ചിരിക്കുന്നു. കായിക ലോകം ഞെട്ടിത്തരിച്ചു നിൽക്കുന്നു. ഹെയ്തിയില്‍ നിന്നും അമേരിക്കയിലെത്തിയ കുടിയേറ്റക്കാരനായ ഗേജന്‍സാണ് ഗോൾ സ്കോറർ.

കളി തീരാന്‍ പിന്നെയും അറുപത്തിമൂന്ന് മിനുട്ടുണ്ടായിരുന്നു. പക്ഷെ ടോം ഫിന്നേ, ബില്ലി റൈറ്റ്, ആല്ഫ് റംസി തുടങ്ങിയവര്‍ അണിനിരന്ന വിഖ്യാതരായ ഇംഗ്ലീഷ് മുന്നേറ്റനിരയെ വരച്ച വരയില്‍ നിര്‍ത്തി അമേരിക്ക വിജയം കൈപ്പിടിയിലൊതുക്കി. ഇംഗ്ലീഷുകാരുടെ ഗോള്‍ ശ്രമങ്ങളെല്ലാം തകര്‍ത്ത അമേരിക്കന്‍ പ്രതിരോധ നിരയുടെ നെടുന്തൂണ്‍ ഒരു പോസ്റ്റ്മാനായിരുന്നു. പേര് ഹാരി കിയേവ്. 2012 ലാണ് കിയേവ് ജീവിത മൈതാനത്ത് നിന്ന് വിടപറയുന്നത്. മരിക്കുന്നതിന് മുമ്പ് വരെ ഓരോ ലോകകപ്പ് വരുമ്പോഴും അമേരിക്കന്‍ മാധ്യമങ്ങള്‍ കിയേവിനെ തേടിയെത്തി. പ്രായാധിക്യത്തിലും ആ മത്സരത്തെ കുറിച്ചോര്‍ക്കുമ്പോള്‍ കിയേവിന്‍റെ രോമകൂപങ്ങള്‍ ചെറുപ്പം കാണിച്ചു. ശ്രദ്ധേയമായ കാര്യം ആ ചരിത്ര ഗോളിന്‍റെ കൃത്യമായ ദൃശ്യങ്ങള്‍ ഇപ്പോഴും ഫിഫയുടെ പക്കലില്ല. പക്ഷെ അമേരിക്കയിലെയും ബ്രസീലിലെയും മാധ്യമങ്ങളുടെ മുന്‍ പേജുകള്‍ ആ ചരിത്ര അട്ടിമറിയുടെ മരണമില്ലാത്ത സാക്ഷികളാണ്.

TAGS :

Next Story