Quantcast

വലതുമാറിയും ഇടതു ചാടിയുമൊക്കെ സിക്സറുകള്‍, കോഹ്‍ലി വരെ തലകുനിച്ചു; മാനംമുട്ടെ 'സ്കൈ' ഷോ

ഇന്നിങ്സിലെ ആദ്യ പന്ത് മുതലേ ബിഗ് ഹിറ്റ് അനായാസമായി സാധ്യമാകുന്ന സൂര്യകുമാര്‍ സേവാഗിനെപ്പോലെ എതിര്‍നിരയില്‍ സര്‍വനാശം വിതക്കാന്‍ കെല്‍പ്പുള്ള ഓപ്പണറായി ഭാവിയില്‍ പരിണമിച്ചാലും അത്ഭുതപ്പെടാനില്ല.

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2022-09-01 11:04:28.0

Published:

1 Sep 2022 10:48 AM GMT

വലതുമാറിയും ഇടതു ചാടിയുമൊക്കെ സിക്സറുകള്‍, കോഹ്‍ലി വരെ തലകുനിച്ചു; മാനംമുട്ടെ സ്കൈ ഷോ
X

മുന്നേറ്റനിര ബാറ്റിങിന്‍റെ പ്രാഥമിക പാഠങ്ങള്‍ പോലും മറന്നിടത്ത് അവസാന ഓവറുകളില്‍ സര്‍ക്കസ് അഭ്യാസിയെപ്പോലെ ബാറ്റ് വീശിയാണ് ഹോങ്കോങിനെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ സ്കോര്‍ 190 കടത്തിയത്. താരതമ്യേന ദുര്‍ബലരായ ഹോങ്കോങിനെതിരെപ്പോലും റണ്‍നിരക്ക് ഏഴിനോടടുത്ത് മാത്രമുണ്ടായിരുന്ന സമയത്താണ് സൂര്യകുമാര്‍ യാദവെത്തി ഇന്ത്യന്‍ ഇന്നിങ്സിനെ ടോപ് ഗിയറില്‍ ചലിപ്പിച്ചത്. ഒരു ഘട്ടത്തില്‍ ടീം ടോട്ടല്‍ 150-160 ല്‍ ഒതുങ്ങപ്പോയേക്കുമെന്ന ആശങ്ക പടര്‍ന്നപ്പോഴാണ് ആരാധകരുടെ പ്രിയപ്പെട്ട സ്കൈ കപ്പിത്താന്‍റെ റോള്‍ ഏറ്റെടുത്തത്. വെറും 26 പന്തില്‍ ആറ് സിക്സറും ആറ് ബൌണ്ടറികളും നിറം പകര്‍ന്ന ഇന്നിങ്സില്‍ സൂര്യകുമാര്‍ യാദവ് 68 റണ്‍സാണ് അടിച്ചെടുത്തത്

സൂര്യകുമാർ അദ്ദേഹത്തിന്‍റെ ക്ലാസും കാലിബറും ആരാധകരെ ഒന്നുകൂടെ ഓർമിപ്പിച്ചു എന്ന് പറയാം. ഒരുപരിധി വരെ സൂര്യകുമാര്‍ യാദവ് ക്രീസിലെത്താന്‍ വൈകുന്നത് ടി20യില്‍ ഇന്ത്യന്‍ ഇന്നിങ്സ് റണ്‍നിരക്കിനെ ബാധിക്കുന്നുണ്ടെന്ന് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാണ്. ഇന്ത്യയുടെ ടോട്ടലുകൾ 200 കടക്കാന്‍ യാദവിനെ ഓപ്പണിങ് പൊസിഷനിലേക്ക് പരിഗണിക്കാനും നിര്‍ദേശിക്കുന്നവരേറെയുണ്ട്. ടി20 ഫോർമാറ്റിനെ കൃത്യമായി ഡീകോഡ് ചെയ്ത ചുരുക്കം ഇന്ത്യൻ പ്ലെയേഴ്സില്‍ പ്രധാനിയാണ് സൂര്യകുമാറെന്നും അടിവരയിട്ട് പറയാം.

ഫീൽഡ് പ്ലെസ് മെന്‍റ് മുതല്‍ ഗ്രൗണ്ടിന്‍റ ഡൈമൻഷൻ വരെ അയാള്‍ കൃത്യമായി അളന്നെടുക്കുന്നുണ്ട്, ബൗളറുടെ പേസും സ്വിങും കൃത്യമായി ജഡ്ജ് ചെയ്യാനും 'സ്കൈ'ക്ക് നന്നായി കഴിയുന്നുണ്ട്. മികച്ച റിസ്റ്റ് വർക്കും അദ്ദേഹത്തിന്‍റെ ബാറ്റിങില്‍ എടുത്ത് പറയേണ്ട ഒന്നാണ്. അൺ ഓർത്തോഡോക്സ് ഷോട്ടുകൾക്ക് പുറമെ നല്ല വടിവൊത്ത ഒന്നാന്തരം സ്ട്രോക്കുകളും സൂര്യകുമാറിന്‍റെ ബാറ്റില്‍ നിന്ന് പ്രവഹിക്കുന്നുണ്ട്. ഇന്നിങ്സിലെ ആദ്യ പന്ത് മുതലേ ബിഗ് ഹിറ്റ് അനായാസമായി സാധ്യമാകുന്ന സൂര്യകുമാര്‍ സേവാഗിനെപ്പോലെ എതിര്‍നിരയില്‍ സര്‍വനാശം വിതക്കാന്‍ കെല്‍പ്പുള്ള ഓപ്പണറായി ഭാവിയില്‍ പരിണമിച്ചാലും അത്ഭുതപ്പെടാനില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പ്രത്യേകിച്ച് ഇന്ത്യൻ ടി ട്വൻറി സൈഡിലെ മോസ്റ്റ് ഡെയ്ഞ്ചറസ് ബാറ്റ്സ്മാൻ ആയി സൂര്യകുമാര്‍ യാദവ് ഇതിനോടകം തന്നെ രൂപാന്തരപ്പെട്ടു കഴിഞ്ഞു.

അതേസമയം ഹോങ്കോങ്ങിനെതിരായ ഏഷ്യകപ്പ് മത്സരത്തിൽ ഇന്ത്യക്കായി വെടിക്കെട്ട് അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന് മുന്നിൽ തലകുനിച്ച് സാക്ഷാല്‍ വിരാട് കോഹ്‍ലി. സൂര്യകുമാറിന്‍റെ ഇന്നിങ്സിനെ പ്രകീര്‍ത്തിക്കാനായിരുന്നു കോഹ്‍ലിയുടെ തലകുനിക്കല്‍. കോഹ്ലിയുടെ പ്രവർത്തിയെ ഹൃദയസ്പർശിയായ അംഗീകാരമെന്നായിരുന്നു സൂര്യകുമാർ യാദവ് വിശേഷപ്പിച്ചത്. ഇങ്ങനെയൊന്ന് ഇതിന് മുമ്പ് കണ്ടിട്ടില്ല. കോഹ്ലിയുമൊത്ത് ബാറ്റിങ് താൻ നന്നായി ആസ്വദിച്ചുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. വിരാട്​ കോഹ്​ലിയുടെ തിരിച്ചുവരവും സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ടും അരങ്ങുതകർത്ത മത്സരത്തിൽ ആധികാരിക ജയത്തോടെ ഇന്ത്യ ഏഷ്യ കപ്പിന്‍റെ സൂപ്പർ ഫോറിൽ ഇടംപിടിച്ചിരുന്നു.

ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടെ കാണികളോട് സൂര്യകുമാർ യാദവിനെ പ്രോൽസാഹിപ്പിക്കാനും കോഹ്ലി ആവശ്യപ്പെട്ടിരുന്നു. മത്സരത്തിൽ കോഹ്ലിയും സൂര്യകുമാർ യാദവും ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

TAGS :

Next Story