Quantcast

ഫൈനല്‍ ഡേ ത്രില്ലര്‍, ടിക്കറ്റും സൗജന്യം... ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്; അവസാന ദിനം ഗ്യാലറി നിറയും

ഇതിനുമുമ്പ് എഡ്ജബാസ്റ്റണില്‍ ഫോര്‍ത്ത് ഇന്നിങ്സില്‍ ചേസ് ചെയ്തു വിജയിച്ച ഉയര്‍ന്ന സ്കോര്‍ 281 റണ്‍സാണ്. അന്ന് ദക്ഷിണാഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-07-05 08:35:52.0

Published:

5 July 2022 8:23 AM GMT

ഫൈനല്‍ ഡേ ത്രില്ലര്‍, ടിക്കറ്റും സൗജന്യം... ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്; അവസാന ദിനം ഗ്യാലറി നിറയും
X

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്‍റെ അവസാന ദിനമായ ഇന്ന് ഗ്യാലറി നിറയുമെന്ന് ഉറപ്പാണ്. ഒരു ദിവസവും ഏഴ് വിക്കറ്റുമാണ് ഇന്ത്യക്ക് മുന്നിലുള്ളതെങ്കില്‍, ഇംഗ്ലണ്ടിന് 90 ഓവറുകളില്‍ നേടേണ്ടത് 119 റൺസാണ്. ഇതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണെന്ന് വ്യക്തമായി. അവസാന ദിവസത്തിന്‍റെ ആവേശം കൂട്ടാന്‍ നേരത്തെ തന്നെ അഞ്ചാം ദിനം കാണികള്‍ക്ക് പ്രവേശനം സൌജന്യമായിരിക്കുമെന്ന് വോര്‍ക്ഷയര്‍ അധികൃതര്‍ അറിയിച്ചിരുന്നു.

ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് കിരീടം സ്വന്തമാക്കി ചരിത്രമെഴുതാനുള്ള ഇന്ത്യൻ സ്വപ്‌നങ്ങൾക്കു മുന്നിൽ വിലങ്ങുതടിയായി നില്‍ക്കുന്നത് ജോ റൂട്ട്-ജോണി ബെയർസ്‌റ്റോ കൂട്ടുകെട്ടാണ്. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു കഴിഞ്ഞു. 7 വിക്കറ്റ് കൈശമുള്ള ഇംഗ്ലണ്ടിന് ലക്ഷ്യത്തിലേക്ക് വേണ്ടത് വെറും 119 റൺസാണ്. നാലാം ഇന്നിങ്സില്‍ 378 എന്ന മികച്ച ടാര്‍ഗറ്റ് തന്നെയാണ് ഇന്ത്യ മുന്നോട്ടുവെച്ചതെങ്കിലും ഇംഗ്ലണ്ടിന്‍റെ ചേസിങ് അനായാസമാക്കിയത് അവരുടെ പുതിയ ശൈലി തന്നെയാണ്.

ഇതിനുമുമ്പ് എഡ്ജബാസ്റ്റണില്‍ ഫോര്‍ത്ത് ഇന്നിങ്സില്‍ ചേസ് ചെയ്തു വിജയിച്ച ഉയര്‍ന്ന സ്കോര്‍ 281 റണ്‍സാണ്. അന്ന് ദക്ഷിണാഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ 208 റണ്‍സ് ചേസ് ചെയ്ത് വിജയിച്ചതാണ് ഇംഗ്ലണ്ടിന്‍റെ എഡ്ജ്ബാസ്റ്റണിലെ മികച്ച റെക്കോര്ഡ്.

76 റൺസെടുത്ത് റൂട്ടും 72 റൺസെടുത്ത് ബെയർസ്റ്റോയും മികച്ച ഫോമിലാണ്. മൂന്നിന് 109 എന്ന നിലയിൽ തകർച്ച മുന്നിൽക്കണ്ട ഇംഗ്ലണ്ട് പടയുടെ രക്ഷകരായി ഒരിക്കൽകൂടി റൂട്ടും ബെയർസ്‌റ്റോയും അവതരിക്കുകയായിരുന്നു.

നിലവില്‍ ഇന്ത്യ(2 - 1)ന് ലീഡ് ചെയ്യുന്ന പരമ്പരയില്‍ സമനില മാത്രം നേടിയാലും കിരീടം ഇന്ത്യക്ക് സ്വന്തമാകും. പരമ്പരയിലെ അവസാന മത്സരത്തിൽ വിജയം മാത്രം മുന്നിൽ കാണുന്ന ജസ്പ്രീത് ബുമ്രയും സംഘവും 378 റൺസിന്‍റെ കൂറ്റൻ ലക്ഷ്യമാണ് ബെൻ സ്റ്റോക്‌സിനും സംഘത്തിനും മുന്നിൽ ഉയർത്തിയത്. രണ്ടാം ഇന്നിങ്‌സിൽ ഋഷഭ് പന്തിന്‍റെയും, ചേതേശ്വർ പുജാരയുടെയും അർധ സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ മികച്ച ടോട്ടലിലേക്ക് കുതിച്ചത്. കണ്ടെത്തിയത്. ആദ്യ ഇന്നിങ്സിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞുകളിച്ച ഋഷഭ് പന്ത് രണ്ടാം ഇന്നിങ്‌സിലും തകർപ്പൻ ഫോം തുടർന്നപ്പോൾ ഇന്ത്യ അതിവേഗം ലീഡ് ഉയർത്തുകയായിരുന്നു.

എന്നാൽ പതിവ് ടെസ്റ്റ് ശൈലിയില്‍ നിന്ന് ഇംഗ്ലണ്ട് എത്രയോ മെച്ചപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യ ഉയർത്തിയ ടോട്ടൽ ജയത്തിന് മതിയാകില്ലെന്ന് തെളിയിക്കുകയാണ് റൂട്ട്-ബെയർസ്‌റ്റോ സഖ്യം. ഇരുവരും ചേർന്ന് അനായാസം സ്കോര്‍ കണ്ടെത്തുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണിൽ കാണുന്നത്.

ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് അവര്‍ ആഗ്രഹിച്ച തുടക്കം തന്നെയാണ് ഓപ്പണർമാരായ അലെക്‌സ് ലീസും സാക് ക്രൗളിയും ചേർന്ന് നൽകിയത്. ഇന്ത്യൻ ബൗളർമാർക്ക് ഒരു തരത്തിലും അവസരം നൽകാതെ ഏകദിന ശൈലിയിലാണ് ഇരുവരും ബാറ്റ് വീശിയത്. ലീസിനും ക്രൗളിക്കും മുന്നിൽ ഇന്ത്യൻ ബൗളർമാർ പകച്ചുനിൽക്കുമ്പോഴായിരുന്നു നായകൻ ബുമ്രയുടെ വക ബ്രേക്ത്രൂ. ബുംറയുടെ മനോഹരമായ ഇൻസ്വിങ്ങറിൽ ക്രൗളിയുടെ പോരാട്ടം അവസാനിച്ചു. പുറത്താകുമ്പോൾ ഏഴ് ബൗണ്ടറി സഹിതം 46 റൺസെടുത്തിരുന്നു താരം.

ക്രൗളി പോയതിനു പിന്നാലെ മൂന്നാമനായി ഇറങ്ങിയ ഒലി പോപ്പിനെയും തിരിച്ചയച്ച് ബുമ്ര വീണ്ടും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. പന്തിന് ക്യാച്ച് നൽകി പൂജ്യനായി ആയിരുന്നു പോപ്പിന്‍റെ മടക്കം. തൊട്ടുപിറകെ അർധസെഞ്ച്വറി കടന്ന ലീസിനെ ജഡേജയും മുഹമ്മദ് ഷമിയും ചേർന്ന റണ്ണൗട്ടിലൂടെ പുറത്താക്കി. പുറത്താകുമ്പോൾ വെറും 65 പന്തിൽ എട്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 56 റൺസെടുത്തിരുന്നു അലെക്‌സ് ലീസ്. തുടർന്നാണ് ഇന്ത്യയ്ക്ക് കൂടുതൽ തലവേദന സൃഷ്ടിച്ച് റൂട്ടും ബെയർസ്‌റ്റോയും ഒന്നിക്കുന്നത്.

അതേസമയം എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർ വംശീയ അധിക്ഷേപത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ടെസ്റ്റിന്‍റെ നാലാം ദിവസത്തിലെ അവസാന സെഷനിടെയാണ് സംഭവം. ഇതിനുപിന്നാലെ സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമായി ഇന്ത്യന്‍ ആരാധകര്‍ ട്വിറ്ററില്‍ എത്തി. ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ കേട്ടാലറയ്ക്കുന്ന തെറി വാക്കുകളുമായാണ് ഇംഗ്ലണ്ട് കാണികള്‍ വംശീയമായി അധിക്ഷേപിച്ചതെന്ന് നിരവധി പേര്‍ ട്വീറ്റ് ചെയ്തു.

സംഭവം വിവാദമായതോടെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇംഗ്ലണ്ട് ആരാധകരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ആ സമയത്തുതന്നെ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്. സംഭവം വിവാദമായതോടെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇംഗ്ലണ്ട് ആരാധകരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ആ സമയത്തുതന്നെ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

TAGS :

Next Story