Quantcast

ലോർഡ്‌സിൽ ഇന്ത്യൻ ഹീറോയിസം

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ ആധികാരിക ജയം

MediaOne Logo

Shaheer

  • Updated:

    2021-08-16 20:25:41.0

Published:

16 Aug 2021 6:45 PM GMT

ലോർഡ്‌സിൽ ഇന്ത്യൻ ഹീറോയിസം
X

ക്രിക്കറ്റ് മക്കയായ ലോർഡ്‌സിൽ വീണ്ടും ഇന്ത്യൻ ഹീറോയിസം. 2002 നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിൽ സൗരവ് ഗാംഗുലിയും സംഘവും ഇംഗ്ലീഷ് സംഘത്തിനെതിരെ അവരുടെ സ്വന്തം മണ്ണിൽ നേടിയ ചരിത്ര വിജയത്തിന് രണ്ടു പതിറ്റാണ്ട് പിന്നിടാൻ ഒരു വർഷം മാത്രം മതി. ഇപ്പോഴിതാ ലോർഡ്‌സിൽ മറ്റൊരു ത്രസിപ്പിക്കുന്ന വിജയവുമായി വിരാട് കോഹ്ലിയും സംഘവും. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ ആധികാരിക ജയം. ഇതോടെ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

ലോർഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് ഏഴു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യൻ ടെസ്റ്റ് സംഘം ഒരു വിജയം സ്വന്തമാക്കുന്നത്. ഈ മൈതാനത്തിലെ മൂന്നാമത്തെ ടെസ്റ്റ് വിജയം. ഒരു തരത്തിൽ പറഞ്ഞാൽ ഇന്ത്യൻ പേസർമാർ നേടിത്തന്ന ജയമാണിത്; ബാറ്റ് കൊണ്ടും പന്തുകൊണ്ടും. രണ്ടാം ഇന്നിങ്‌സിൽ പരാജയം തന്നെ മുന്നിൽകണ്ട ഘട്ടത്തിൽ എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും നടത്തിയ അസാമാന്യമായ പോരാട്ടം. പിന്നീട് കളി ഇംഗ്ലണ്ട് സമനിലയിലേക്കുകൊണ്ടുപോകുമെന്നു പ്രതീക്ഷിച്ചിടത്തുനിന്ന് നിർണായക ഘട്ടങ്ങളിലെല്ലാം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ കൂടാരം കയറ്റിയ മുഹമ്മദ് സിറാജും ബുംറയും ഇശാന്തും ഷമിയുമെല്ലാം നടത്തിയ മികച്ച പേസ് ആക്രമണം. ഒപ്പം ആദ്യ ഇന്നിങ്‌സിൽ കെഎൽ രാഹുൽ നേടിയ 129 റൺസും രോഹിത് നേടിയ 83 റൺസും വിസ്മരിച്ചുകൂടാ. രണ്ടാം ഇന്നിങ്‌സിൽ കൂട്ടത്തകർച്ച മുന്നിൽകണ്ട ടീമിനെ രക്ഷിച്ച അജിങ്ക്യ രഹാനെയും ചേതേശ്വർ പുജാരയുടെയും വിസ്മയകരമായ ചെറുത്തുനിൽപ്പും മറക്കാനാകാത്തതുതന്നെ.


കോഹ്ലിയുടെ വിശ്വസ്തനായി വീണ്ടും സിറാജ്

ഇന്ത്യ ഉയർത്തിയ 272 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനുമുൻപിൽ തോൽക്കാതെ പിടിച്ചുനിൽക്കുക എന്ന ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. എന്നാൽ, ആദ്യ ഓവറിൽ തന്നെ ബുംറ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഓപണർ റോറി ബേൺസിനെ മുഹമ്മദ് സിറാജിന്റെ കൈയിലെത്തിച്ചു. തൊട്ടുപിന്നാലെ രണ്ടാം ഓവർ എറിയാനെത്തിയ ഷമി അടുത്ത ഓപണർ ഡോം സിബ്ലിയെയും പറഞ്ഞയച്ചു. ഇത്തവണ പന്തിനായിരുന്നു ക്യാച്ച്. രണ്ടുപേരും സംപൂജ്യർ. സ്വന്തം മണ്ണിൽ ഇംഗ്ലീഷ് ഓപണർമാർ അക്കൗണ്ട തുറക്കാനാകാതെ പുറത്താകുന്നത് ചരിത്രത്തിലാദ്യം.

തുടർന്നെത്തിയ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് ഹസീബ് ഹമീദുമായി ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, ഹസീബിന്റെ ഇന്നിങ്‌സ അധികം നീണ്ടുനിന്നില്ല. ഇശാന്ത് ശർമ വിക്കറ്റിനു മുന്നിൽ കുരുക്കുമ്പോൾ 45 പന്തിൽ ഒൻപത് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിറകെ ബെയര്‍‌സ്റ്റോയെയും(24 പന്തിൽ രണ്ട് റൺസ്) ഇശാന്ത് വിക്കറ്റിനു മുന്നിൽ കുരുക്കി. തുടർന്നെത്തിയ ജോസ് ബട്‌ലറുമായി ചേർന്ന് റൂട്ട് പ്രതിരോധമുറപ്പിക്കാൻ നോക്കിയെങ്കിലും ബുംറയ്ക്കു മുൻപിൽ കീഴടങ്ങി. കോഹ്ലിക്ക് ക്യാച്ച് നല്കി മടങ്ങുമ്പോൾ 60 പന്തിൽ 33 റൺസായിരുന്നു റൂട്ട് നേടിയത്.

തുടർന്നെത്തിയ മോയിൻ അലിയുമായി ചേർന്ന് ബട്‌ലർ പ്രതിരോധക്കോട്ടെ കെട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇന്ത്യൻ ബൗളർമാരെ വശംകെടുത്തി അലിയും ബട്‌ലറും ചെറുത്തുനിൽപ്പ് ആരംഭിച്ചു. അവിടെയാണ് നായകൻ കോഹ്ലിയുടെ രക്ഷകനായി മുഹമ്മദ് സിറാജ് അവതരിച്ചത്. 42 പന്തിൽ 13 റൺസ് എടുത്തുനിൽക്കെ മനോഹരമായൊരു പന്തിലൂടെ അലിയെ കോഹ്ലിയുടെ തന്നെ കൈകളിലെത്തിച്ചു സിറാജ്. തൊട്ടടുത്ത പന്തിൽ സാം കറനെയും പുറത്താക്കി ഗാലറിയെ സിറാജ് കോരിത്തരിപ്പിച്ചു.

ഒൻപതാമനായി എത്തി ഇന്ത്യൻ വിജയം തട്ടിയെടുക്കുമെന്നു തോന്നിച്ച ഒലി റോബിൻസനെ(35 പന്തിൽ ഒൻപത്) ബുംറ വിക്കറ്റിനുമുന്നിൽ കുരുക്കി. എന്നാൽ, തകർക്കാനാകാതെ ഉറച്ചുനിന്ന ജോസ് ബട്‌ലറെ പന്തിന്റെ കൈയിലെത്തിച്ച് സിറാജ് വീണ്ടും കളി ഇന്ത്യയുടെ വരുതിയിലുറപ്പിച്ചു. പുറത്താകുമ്പോൾ 96 പന്തിൽ മൂന്ന് ഫോറുമായി 25 റൺസായിരുന്നു ബട്‌ലറിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ ആൻഡേഴ്‌സന്റെ കുറ്റി പിഴുത് സിറാജ് ഇന്ത്യയുടെ ചരിത്രവിജയത്തിന്റെ നായകനായി.

രണ്ട് ഇന്നിങ്സുകളിലും നാലു വിക്കറ്റ് വീതം വീഴ്ത്തി സിറാജ് നായകന്‍റെ വിശ്വാസം കാത്തു. രണ്ടാം ഇന്നിങ്സില്‍ ബുംറ മൂന്നും ഇശാന്ത് രണ്ടും വിക്കറ്റുകളും ഷമി ഒരു വിക്കറ്റും നേടി.


ഹീറോകളായി ഷമിയും ബുംറയും

ആദ്യ ഇന്നിങ്സിലെ ടോപ്സ്‌കോറർമാർ കെഎൽ രാഹുലും രോഹിത് ശർമയും തുടക്കത്തിലേ കീഴടങ്ങി. രക്ഷകനാകേണ്ട നായകൻ വിരാട് കോഹ്ലി പോരാടാൻ മറന്ന് മടങ്ങി. ഇടയ്ക്ക് ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയും പാറപോലെ ഉറച്ച് ഇന്ത്യയെ കാത്തു. എന്നാൽ, ഇന്ത്യയെ വിജയപ്രതീക്ഷയുള്ള സ്‌കോറിലേക്കെത്തിക്കാനാകാതെ ഇരുവരും തിരിച്ചുനടക്കുകയും ചെയ്തു ചെയ്തു. യുവതാരം റിഷഭ് പന്ത് ഒരിക്കൽകൂടി ഹീറോയിസം കാണിക്കുമെന്നായിരുന്നു ഇന്ത്യൻ ആരാധകരുടെ അവസാന പ്രതീക്ഷ. എന്നാൽ, അതും സംഭവിച്ചില്ല.

ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാനദിനം റിഷഭ് പന്തിനു വേണ്ടി ഗൃഹപാഠം ചെയ്തു വന്ന ഇംഗ്ലീഷ് ബൗളർമാരെയും ക്രിക്കറ്റ് ആരാധകരെയെല്ലാം ഞെട്ടിച്ച് ഒടുവിൽ വാലറ്റത്തിന്റെ അസാമാന്യ ചെറുത്തുനിൽപ്പ്. അർധസെഞ്ച്വറി(56*)യുമായി ശരിക്കും ഹീറോയായത് മുഹമ്മദ് ഷമി. ഷമിക്ക് ഉറച്ച പിന്തുണയുമായി ജസ്പ്രീത് ബുംറ(34*)യും. ഇരുവരും ചേർന്ന് ഇന്ത്യൻ ലീഡ് 271 റൺസായി ഉയർത്തി.

എട്ടു വിക്കറ്റ് നഷ്ടത്തിൽ സ്‌കോർ 298ൽ നിൽക്കെ നായകൻ വിരാട് കോഹ്ലി ഡിക്ലയർ ചെയ്യുകയായിരുന്നു. 60 ഓവറിൽ 272 എന്ന ടോട്ടൽ പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് ഓപണർമാരെ ആദ്യ ഓവറുകളിൽ തന്നെ മടക്കിയയച്ച് വീണ്ടും ഷമിയും ബുംറയും ഇന്ത്യയ്ക്ക് വിജയപ്രതീക്ഷകൾ നൽകി. നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 48 ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 232 റൺസ്. ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് എട്ടു വിക്കറ്റും.

കഴിഞ്ഞ ദിവസം കളിനിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. 14 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ഇശാന്ത് ശർമയുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. അവസാന ദിനമായ ഇന്ന് കളി തുടങ്ങി നാലാമത്തെ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് റിഷഭ് പന്തിനെ നഷ്ടമായി. റോബിൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബട്‌ലറിനു ക്യാച്ച് നൽകി മടങ്ങുകയായിരുന്നു പന്ത്(22). അധികം വൈകാതെ റോബിൻസന്റെ പന്തിൽ തന്നെ ഇശാന്തും കീഴടങ്ങി. ഒൻപതാം വിക്കറ്റിൽ ഒന്നിച്ച ബുംറയും ഷമിയുമാണ് ഇന്ത്യയുടെ ലീഡ് 200ലേക്ക് ഉയർത്തിയത്. 26 റൺസുമായി ഷമിയും 20 റൺസുമായി ബുംറയും ഇന്ത്യൻ സ്‌കോർ ഭേദപ്പെട്ട നിലയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് നേടിയ 27 റൺസ് ലീഡ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപണർമാരായ കെ.എൽ രാഹുൽ, രോഹിത് ശർമ്മ, നായകൻ വിരാട് കോഹ്ലി എന്നിങ്ങനെ മൂന്ന് മുൻനിര ബാറ്റ്‌സ്മാന്മാരെ തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. തുടർന്നങ്ങോട്ട് ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയും ചേർന്ന് നടത്തിയ അസാമാന്യമായ പ്രതിരോധമാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് ക്ഷമാപൂർവം ഇന്ത്യൻ സ്‌കോർ കെട്ടിപ്പടുത്തു. ഇടയ്ക്ക് ദീർഘനാളത്തെ റൺസ് ക്ഷാമത്തിന് അറുതിവരുത്തി രഹാനെ അർധസെഞ്ച്വറിയും കടന്നു. ഇംഗ്ലീഷ് ബൗളർമാരുടെ ക്ഷമകെടുത്തിയ കൂട്ടുകെട്ട് ഒടുവിൽ മാർക് വുഡാണ് തകർത്തത്. പുജാരയെ നായകൻ റൂട്ടിന്റെ കൈയിലെത്തിച്ചായിരുന്നു വുഡിന്റെ ഇടപെടൽ. പുറത്താകുമ്പോൾ 206 പന്തിൽ നാല് ഫോറുമായി 45 റൺസായിരുന്നു പുജാരയുടെ സമ്പാദ്യം. പുജാര പോയതോടെ രഹാനെയുടെ ഇന്നിങ്‌സും അധികം നീണ്ടുനിന്നില്ല. മോയിൻ അലിയുടെ പന്തിൽ ബട്‌ലറിനു ക്യാച്ച് നൽകി രഹാനെയും മടങ്ങി. 146 പന്തിൽ അഞ്ച് ഫോർ സഹിതം 61 റൺസാണ് ഇന്ത്യൻ ഉപനായകൻ നേടിയത്. തുടർന്നെത്തിയ രവീന്ദ്ര ജഡേജ(ആറ്) അലിയുടെ മനോഹരമായ പന്തിൽ ക്ലീൻ ബൗൾഡായി.

ഉജ്ജ്വല പോരാട്ടത്തിനൊടുവിൽ ഒൻപതാം വിക്കറ്റിൽ ഷമിയും ബുംറയും ചേർന്നു കുറിച്ചത് റെക്കോർഡാണ്; 77 റൺസിന്റെ കൂട്ടുകെട്ട്. ഇംഗ്ലീഷ് മണ്ണിൽ ഒൻപതാം വിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്‌കോർ. 1982ൽ കപിൽദേവും മദൻലാലും ചേർന്ന് ഇതേ മൈതാനത്ത് നേടിയ 66 റൺസ് കൂട്ടുകെട്ടാണ് ഇരുവരും പഴങ്കഥയാക്കിയത്.

TAGS :

Next Story