ചാമ്പ്യന്‍ ഇന്ത്യ; കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്തു
ഒരു പതിറ്റാണ്ടിന് ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ മുത്തം

ദുബൈ: ഇന്ത്യൻ ആരാധകരുടെ ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. കിവീസിനെ നാല് വിക്കറ്റിന് തകർത്ത് രോഹിത് ശർമയും സംഘവും ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. ആറ് പന്ത് ശേഷിക്കേയാണ് ഇന്ത്യ വിജയം കൈപ്പിടിയിലാക്കിയത്. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും 48 റൺസെടുത്ത ശ്രേയസ് അയ്യറും 34 റൺസുമായി പുറത്താവാതെ നിന്ന കെ.എൽ രാഹുലും ചേർന്നാണ് ഇന്ത്യക്ക് ഐതിഹാസിക ജയം സമ്മാനിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് ഐ.സി.സി ടൂര്‍ണമെന്‍റുകളുടെ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ അതില്‍ രണ്ടിലും കിരീടമണിഞ്ഞു.
മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്. 105 റൺസ് സ്‌കോർബോർഡിൽ ചേർത്ത ശേഷമാണ് ഈ പാർട്ട്ണർഷിപ്പ് വേർപിരിഞ്ഞത്. 31 റണ്‍സെടുത്ത ശുഭ്മാൻ ഗില്ലിനെ ഒരു തകർപ്പൻ കാച്ചിൽ ഗ്ലെൻ ഫിലിപ്‌സ് പറഞ്ഞയച്ചു. പിന്നെ തുടരെ രണ്ട് വിക്കറ്റുകൾ കൂടി. 20ാം ഓവറിൽ വിരാട് കോഹ്ലിയും 27ാം ഓവറിൽ രോഹിതും കൂടാരം കയറി. 83 പന്തിൽ മൂന്ന് സിക്‌സും ഏഴ് ഫോറും സഹിതം 76 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം.
നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യറും അഞ്ചാമനായെത്തിയ അക്‌സർ പട്ടേലും ചേർന്ന് പിന്നീട് രക്ഷാ ദൗത്യം ഏറ്റെടുത്തു. 39ാം ഓവറിൽ 48 റൺസെടുത്ത ശ്രേയസ് അയ്യറും 42ാം ഓവറിൽ 29 റൺസുമായി അക്‌സറും മടങ്ങിയതോടെ ആരാധകരുടെ ചങ്കിടിപ്പേറി. എന്നാൽ അവസാന ഓവറുകളിൽ കരുതലോടെ കളിച്ച കെ.എൽ രാഹുൽ ഹർദിക് പാണ്ഡ്യയേയും രവീന്ദ്ര ജഡേജയേയും കൂട്ടുപിടിച്ച് ഇന്ത്യക്ക് ആവേശജയവും കിരീടവും സമ്മാനിച്ചു. രാഹുൽ 34 റൺസുമായി പുറത്താവാതെ നിന്നു.
Adjust Story Font
16

