ഐപിഎൽ ഇനി എങ്ങോട്ട്? പരിഗണനയിലുള്ള രാജ്യങ്ങള്‍ ഇവയാണ്
ലോകകപ്പ് വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകുന്ന മുറയ്ക്ക് ഐപിഎൽ വേദിയിലും തീരുമാനമായേക്കും; സെപ്റ്റംബറിൽ തന്നെ ബാക്കി മത്സരങ്ങൾ നടക്കാനാണ് സാധ്യത

കോവിഡ് പ്രതിസന്ധിക്കിടെ ഐപിഎൽ നിർത്തിവച്ചതോടെ ബദൽ വേദികളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യമനുസരിച്ച് ഈ വർഷം ഇന്ത്യയിൽ തന്നെ ബാക്കി മത്സരങ്ങൾ നടത്തുന്ന കാര്യം ചിന്തിക്കാനാകാത്തതാണ്. അതിനാൽ, രാജ്യത്തിനു പുറത്തുള്ള വേദികളെച്ചൊല്ലിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
കഴിഞ്ഞ സീസൺ അടക്കം രണ്ടുതവണ ഐപിഎല്ലിന് വേദിയായ യുഎഇ തന്നെയാണ് സജീവമായി ഉയരുന്ന പേര്. ഇതോടൊപ്പം ബ്രിട്ടൻ, ഓസ്‌ട്രേലിയ രാജ്യങ്ങളും പരിഗണനയിലുണ്ടെന്ന് അറിയുന്നു. മുൻപ് ദക്ഷിണാഫ്രിക്കയും ഒരു സീസണിന് വേദിയായിരുന്നെങ്കിലും ഇത്തവണ രാജ്യം പരിഗണിക്കപ്പെടില്ലെന്നാണ് സൂചന. ടൂർണമെന്റിന്റെ പ്രധാന ആകർഷണമായ വിദേശ താരങ്ങൾ ഇന്ത്യയിലെ കോവിഡ് ഭീകരത നേരിട്ടറിഞ്ഞാണ് നാട്ടിലേക്ക് മടങ്ങുന്നത്. അതിനാൽ, ഇവർ അടുത്ത കാലത്തൊന്നും ഇന്ത്യയിലേക്കുള്ള മടക്കം ആലോചിക്കില്ലെന്നുറപ്പാണ്. ഈയൊരു ഘടകം കൂടിയാണ് ഇന്ത്യയിൽ ബാക്കി മത്സരങ്ങൾ നടത്താനുള്ള സാധ്യത അടയ്ക്കുന്നത്. അതിനിടെ, ഓസ്‌ട്രേലിയ കടുത്ത നടപടികളാണ് ഇന്ത്യയിൽനിന്ന് എത്തുന്നവർക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിമുതൽ ഇത്തരം ലീഗുകളുമായി കരാറിൽ ഒപ്പുവയ്ക്കും മുൻപ് കാര്യങ്ങൾ ആലോചിച്ചുവേണമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ താരങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പും നൽകിക്കഴിഞ്ഞിട്ടുണ്ട്. അങ്ങനെവന്നാൽ വിദേശതാരങ്ങളില്ലാതെ ഐപിഎൽ നടത്തുകയാകും മുന്നിലുള്ള മറ്റൊരു മാർഗം. എന്നാൽ, ഒരു വിപുലമായ മുഷ്താഖ് അലി ട്രോഫി പതിപ്പായി മാത്രമായിരിക്കും ആളുകൾ ഇതിനെ കാണുക. ഇതിനപ്പുറം ഐപിഎല്ലിന്റെ വാണിജ്യ താൽപര്യങ്ങൾക്കും വൻ തിരിച്ചടിയാകുമിത്.
ഇതിനിടയിൽ, കളി വിദേശത്തായിരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് വിവിധ നിർദേശങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട ഉന്നതവൃത്തം ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ബിസിസിഐ അന്തിമ തീരുമാനമെടുക്കുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎൽ 2021 രണ്ടാംഘട്ടത്തിന്റെ സാധ്യതകൾ ഇങ്ങനെയാണ്
1) ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റും. സെപ്റ്റംബർ 14നു സമാപിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം താരങ്ങൾ യുഎഇയിലേക്ക് തിരിക്കും. യുഎഇയിൽ ഒരു ആഴ്ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ഐപിഎല്ലിൽ ബാക്കിയുള്ള 31 മത്സരങ്ങൾ നടത്തും. ഒക്ടോബർ 22ന് ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുൻപ് തന്നെ മത്സരങ്ങൾ പൂർത്തിയാക്കുന്ന തരത്തിലായിരിക്കും മത്സരങ്ങൾ ക്രമീകരിക്കുക. സെപ്റ്റംബറിൽ കടുത്ത ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന പ്രതികൂല ഘടകം ഒഴിച്ചുനിർത്തിയാൽ ബിസിസിഐയുടെ പരിഗണനയിലുള്ള ഒന്നാമത്തെ വേദി യുഎഇ തന്നെയായിരിക്കും. പ്രത്യേകിച്ചും കോവിഡിനിടെ കഴിഞ്ഞ സീസൺ ഒരു പരാതിക്കും ഇടയില്ലാതെ വളരെ ഭംഗിയായി നടത്താനായത് യുഎഇക്ക് അനുകൂലമാകുന്ന ഏറ്റവും പ്രധാന ഘടകമായിരിക്കും.
2) ടി20 ലോകകപ്പ് യുഎഇയിൽ നടത്താൻ തീരുമാനിക്കുകയാണെങ്കിൽ ഒരുപക്ഷെ ഇംഗ്ലണ്ടിൽ ഐപിഎൽ നടത്തുന്ന കാര്യങ്ങൾ ആലോചിച്ചേക്കും. സെപ്റ്റംബറിൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നടക്കുന്നതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. ഇംഗ്ലണ്ടിൽ ഐപിഎൽ നടത്തണമെന്ന ആവശ്യം ലണ്ടൻ മേയർ സാദിഖ് ഖാൻ അടക്കമുള്ളവർ നേരത്തെ ഉന്നയിച്ചിരുന്നതും ഒരു അനുകൂല ഘടകമാണ്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനായി ഇന്ത്യൻ ടീം അടുത്ത മാസം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് ഒരുപക്ഷെ സെപ്റ്റംബറിലെ പര്യടനം വരെക്കും താരങ്ങൾ അവിടെത്തന്നെ തങ്ങാനും സാധ്യതയുണ്ട്. സെപ്റ്റംബറിൽ ഇംഗ്ലണ്ടിലെ കാലാവസ്ഥ കൂടുതൽ അനുകൂലമായതിനാൽ ഒരുപക്ഷെ അവിടത്തന്നെ ഐപിഎൽ നടത്തുന്ന കാര്യം ബിസിസിഐ ചിന്തിച്ചേക്കും. ഇവിടെ ടൂർണമെന്റ് പൂർത്തിയാക്കി നേരെ യുഎഇയിലേക്ക് ലോകകപ്പിന് തിരിക്കാനായിരിക്കും പദ്ധതി. വിദേശ താരങ്ങൾക്ക് കൂടുതൽ താൽപര്യമുള്ള ഒരു വേദിയും ഇംഗ്ലണ്ടായിരിക്കും.
3) ഓസ്‌ട്രേലിയയാണ് മറ്റൊരു സാധ്യതാ വേദി. നേരത്തെ ഓസ്‌ട്രേലിയയിൽ നടക്കാനിരുന്ന ടി20 ലോകകപ്പ് കോവിഡ് പ്രതിസന്ധികളെത്തുടർന്നായിരുന്നു ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചത്. എന്നാൽ, ഇന്ത്യയിലെ സാധ്യതയും മങ്ങിയതോടെ രണ്ടു മൂന്നു മാസങ്ങൾക്കകം ഓസ്‌ട്രേലിയയിലെ സ്ഥിതി മെച്ചപ്പെട്ടാൽ ഒരുപക്ഷെ ലോകകപ്പ് ഓസീസ് മണ്ണിലേക്കുതന്നെ തിരികെയെത്തിയേക്കാം.
അങ്ങനെയാകുമ്പോൾ ലോകകപ്പിനോട് ചേർന്ന് ഐപിഎൽ രണ്ടാംഘട്ടം ഓസ്‌ട്രേലിയയിൽ തന്നെ സംഘടിപ്പിക്കുന്നത് ബുദ്ധിപരമായ നീക്കമാകും. വിദേശതാരങ്ങളെല്ലാം ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തുന്നതു തന്നെയാണ് ഏറ്റവും അനുകൂല ഘടകം. ഇതിനു പുറമെ ഇതുവരെ ഐപിഎല്ലിന് ആതിഥ്യമരുളാത്ത രാജ്യമെന്ന നിലയ്ക്ക് ടൂർണമെന്റിന്റെ കൂടുതൽ പ്രചാരണത്തിനും വിപണി വിജയത്തിനും പുതിയ വേദികൾ സഹായിക്കുമെന്നും ബന്ധപ്പെട്ടവർ കരുതുന്നു.
Adjust Story Font
16

