Quantcast

പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയാണോ മുംബൈയുടെ പ്രശ്നം ?

ആര്‍.സി.ബിക്കെതിരായ മത്സരത്തിന് ശേഷം ഹര്‍ദികിന്‍റെ ക്യാപ്റ്റന്‍സിയെ കുറിച്ച വിമര്‍ശനങ്ങള്‍ ഐ.പി.എല്‍ സര്‍ക്കിളുകളില്‍ നിറയുകയാണ്

MediaOne Logo

Web Desk

  • Published:

    9 April 2025 3:45 PM IST

പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയാണോ മുംബൈയുടെ പ്രശ്നം ?
X

ഹർദിക് നന്നായി ബാറ്റ് ചെയ്‌തെന്ന് എനിക്കറിയാം. എന്നാല്‍ എല്ലാത്തിന്‍റെയുമൊടുക്കം ഒരു പാണ്ഡ്യക്ക് തോല്‍ക്കേണ്ടി വരും.'' മുംബൈക്കെതിരായ മത്സരത്തിന് ശേഷം ക്രുണാൽ പാണ്ഡ്യ മനസ് തുറക്കുകയായിരുന്നു. മുംബൈ ഇന്നിങ്‌സിലെ 15ാം ഓവർ. ക്രുണാൽ പാണ്ഡ്യ പന്തെടുത്തു. ക്രീസിൽ തിലക് വർമയാണ്. ആദ്യ പന്തിനെ ലോങ് ഓഫിലേക്ക് തട്ടിയിട്ട് തിലക് ക്യാപ്റ്റൻ ഹർദികിന് സ്‌ട്രൈക്ക് കൈമാറി. വാംഖഡേയിലെ 22 വാര പിച്ചിൽ നിങ്ങൾക്കിപ്പോൾ രണ്ട് സഹോദരങ്ങളെ കാണാം.

മൈതാനത്തരങ്ങേറുന്നൊരു മഹാ യുദ്ധത്തിൽ രണ്ടു ചേരികളിൽ രണ്ടു നിറങ്ങളിലാണ് അവർ നിലയുറപ്പിച്ചിരിക്കുന്നത്. ഗാലറിയും കമന്ററി ബോക്‌സും ആകാംക്ഷയോടെ ക്രൂണാലിന്റെ രണ്ടാം പന്തിനായി കാത്ത് നിന്നു. അയാൾ റണ്ണപ്പ് ചെയ്തു. ഹർദികിന് ആ സമയത്തൊരു പയ്യെപ്പോക്കിനെ കുറിച്ച് ചിന്തിക്കാൻ പോലുമാവുമായിരുന്നില്ല. നേരിട്ട ആദ്യ പന്ത് തന്നെ ലോങ് ഓഫിലൂടെ ഗാലറിയിലേക്ക് മൂളിപ്പറന്നു. അടുത്ത പന്ത് ഡീപ് സ്‌ക്വയർ ലെഗ്ഗിലൂടെയാണ് നിലംതൊടാതെ അതിർത്തി കടന്നത്. രണ്ട് സ്റ്റൈലിഷ് ഷോട്ടുകൾ ഗാലറിയെ ചുംബിച്ചു. വാംഖഡേ ഇളകി മറിഞ്ഞു. ക്രുണാലിന്റെ മനസിനെ സമ്മർദം പൊതിഞ്ഞു തുടങ്ങി. അടുത്ത രണ്ട് പന്തുകളും വൈഡിലവസാനിച്ചു. നാലാം പന്തിൽ സിംഗിളെടുത്ത് പൂർത്തിയാക്കുമ്പോൾ ബോളിങ് എന്റിൽ പുഞ്ചിരിച്ച് ഹർദികിനെ കാത്ത് നിൽക്കുകയായിരുന്നു ക്രുണാൽ. ഇരുവരും പിന്നെയെന്തോ സ്വകാര്യം പറഞ്ഞു.

തൊട്ടു മുമ്പത്തെ ഓവറിൽ ജോഷ് ഹേസൽവുഡിനെതിരെ രണ്ട് സിക്‌സും രണ്ട് ഫോറും പറത്തിയ പാണ്ഡ്യ വാംഖഡെയുടെ പ്രതീക്ഷകളെ വാനോളമുയർത്തിയിരുന്നു. ഒരു ഘട്ടത്തിൽ മുംബൈക്ക് ജയിക്കാൻ 123 റൺസാണ് വേണ്ടിയിരുന്നത്. പൊടുന്നനെ പിന്നെയത് 30 പന്തിൽ 65 റൺസായി ചുരുങ്ങി. പക്ഷെ തിലകും ഹർദികും അടുത്തടുത്ത ഓവറിൽ വീണത് മുംബൈക്ക് ഇരുട്ടടിയായി. നമൻ ധീറും സാന്റ്‌നറും ചാഹറുമൊക്കെ പോയ വേഗത്തിൽ തിരിച്ചെത്തി. ആർ.സി.ബിക്കായി അവസാന ഓവർ എറിഞ്ഞ ക്രുണാൽ മൂന്ന് വിക്കറ്റാണ് പോക്കറ്റിലാക്കിയത്. ഡഗ്ഗൗട്ടിൽ നിറകണ്ണുകളോടെ നിസ്സഹായനായി ഹർദിക് ഇരിപ്പുണ്ട്. അഞ്ച് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ അതിൽ നാലും തോറ്റ് അയാളുടെ ടീമിപ്പോൾ എട്ടാം സ്ഥാനത്താണ്.

പക്ഷെ വാംഖഡെയുടെ അന്തരീക്ഷം ഇപ്പോൾ പഴയത് പോലെയല്ല. അയാളെ ആരും പഴി പറയുന്നില്ല. തോൽവികളുടെ പാപഭാരം ആരും അയാളുടെ തലയിലിട്ട് കയ്യൊഴിയുന്നില്ല. ഗാലറി അയാൾക്ക് നേരെ കൂവിയാർക്കുന്നില്ല. ഒരു വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ടോസ് മുതലിങ്ങോട്ട് കളി തീരും വരെ സ്വന്തം കാണികളുടെ കൂവലുകളേറ്റു വാങ്ങിയൊരാൾ. കളിക്കിടെ മൈതാനത്തൊരു പട്ടിയിറങ്ങിയാൽ പട്ടിയെ ഹർദികെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്ന ഗാലറി സ്റ്റാന്റുകൾ. രോഹിതിനെ മാറ്റിയതിന്റെ അമർഷം മുഴുവൻ ആരാധകർ തീർത്തത് അയാളുടെ മേലെയാണ്. എന്നാൽ ടി20 ലോക കിരീടം ഇന്ത്യൻ ഷെൽഫിലെത്തിച്ച് ഹർദിക് തന്നെ കൂവിയാർത്ത ഗാലറിയെ കൊണ്ട് തന്നെ കയ്യടിപ്പിച്ചു.

സമീപ കാലത്തൊന്നും ഇന്ത്യൻ ക്രിക്കറ്റിന് ഹർദിക് പാണ്ഡ്യയെ പോലെയൊരു ഓൾ റൗണ്ടറെ കണ്ടെത്താനായിട്ടില്ല എന്നതാണ് സത്യം. സീസണിൽ മുംബൈ തോറ്റ മത്സരങ്ങളിൽ പോലും ഹർദികിന്റെ പ്രകടനങ്ങൾ നോക്കൂ. കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗവിനെതിരെ അഞ്ച് വിക്കറ്റാണ് ഹർദിക് പോക്കറ്റിലാക്കിയത്. ഐ.പി.എൽ ചരിത്രത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ നായകൻ എന്ന റെക്കോർഡ് ആ മത്സരത്തിൽ അയാളെ തേടിയെത്തി. ആ മത്സരത്തിൽ 12 റൺസിന് തോൽക്കാനായിരുന്നു മുംബൈയുടെ വിധി. ഗുജറാത്തിനോട് തോറ്റ മത്സരത്തിൽ നാലോവറിൽ വെറും 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് കീശയിലാക്കി. ഇന്നലെ ബംഗളൂരുവിനെതിരെ 15 പന്തിൽ അടിച്ചെടുത്തത് 42 റൺസ്. നാലോവർ എറിഞ്ഞ് രണ്ട് വിക്കറ്റും വീഴ്ത്തി. ടീമിനായി തന്‍റെ പരമാവധി അയാള്‍ നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

ഇനി ഹര്‍ദികിന്‍റെ ക്യാപ്റ്റന്‍സിക്കാണോ പ്രശ്നം? ഇന്നലെ മുംബൈക്കെതിരായ വിജയത്തിന് ശേഷം ബംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‍ലി നടത്തിയൊരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. മലയാളി താരം വിഘ്നേഷ് പുത്തൂറിന് ഒരോവര്‍ മാത്രം നല്‍കിയത് തങ്ങള്‍ക്ക് ഗുണമായെന്നായിരുന്നു കോഹ്‍ലിയുടെ പ്രതികരണം. ''ചൈനാ മാന്‍ ബോളറെ നേരിടല്‍ ഒരല്‍പം ബുദ്ധിമുട്ടേറിയ പണിയാണ്. എന്നാല്‍ മുംബൈ ഒരോവറിന് ശേഷം അയാളെ പിന്‍വലിച്ചു. 25 റണ്‍സോളം ഞങ്ങള്‍ക്ക് ഇത് കൊണ്ട് മാത്രം സ്കോര്‍ബോര്‍ഡില്‍ അധികം ചേര്‍ക്കാനായി. വാംഖഡേയില്‍ പേസര്‍മാരെ നേരിടാന്‍ എളുപ്പമാണ്''-. കോഹ്ലി പറഞ്ഞു വച്ചു.

ഇതോടെ ഹര്‍ദികിന്‍റെ ബോളിങ് റൊട്ടേഷനെതിരെ വിമര്‍ശനമുയര്‍ന്നു. നിരന്തരം തല്ല് കൊണ്ട് സാന്‍റ്നര്‍ക്ക നാലോവര്‍ കൊടുക്കുകയും ഒരു വിക്കറ്റെടുത്ത വിഘ്നേഷിനെ ഒരോവറിന് ശേഷം പിന്‍വലിക്കുകയും ചെയ്തത് ആരാധകര്‍ ചര്‍ച്ചയാക്കി. അതേ സമയം വിഘ്നേഷ് പൂത്തൂരിനെ ഒരല്‍പം സൂക്ഷ്മതയോടെയാണ് മുംബൈ ഉപയോഗിക്കുന്നത് എന്ന പക്ഷക്കാരാണ് ക്രിക്കറ്റ് പണ്ഡിറ്റുകളില്‍ പലരും.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തിലക് വര്‍മയെ റിട്ടയര്‍ഡ് ഔട്ടാക്കിയ തീരുമാനത്തിലും ഹര്‍ദികിനെതിരെ ചിലര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് മുംബൈ നായകനും ജയവര്‍ധനേയും വിശദീകരണവുമായി രംഗത്തെത്തി.

കീറോണ്‍ പൊള്ളാര്‍ഡ് ഒഴിച്ചിട്ട ഫിനിഷറുടെ ഒഴിവിലേക്ക് നാളിത് വരെ ഒരു പകരക്കാരനെ കണ്ടെത്താനായിട്ടില്ല എന്നതാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുംബൈ നേരിടുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന്. ഈ സീസണില്‍ മാത്രം ജയിക്കാവുന്ന രണ്ട് കളികളാണ് മികച്ചൊരു ഫിനിഷറില്ലാത്തത് കൊണ്ട് മാത്രം മുംബൈ കൈവിട്ട് കളഞ്ഞത്. എല്ലാം തീര്‍ന്നുവെന്ന് വിധിയെഴുതാനായിട്ടില്ലെങ്കിലും മുംബൈ നിരയില്‍ പ്രശ്നങ്ങളൊരുപാട് ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഹര്‍ദികിന് ഈ സംഘത്തെ ചിത്രത്തിലേക്ക് തിരികെ കൊണ്ടുവരാനാവുമോ? കാത്തിരുന്ന് കാണണം.


TAGS :

Next Story