ജിങ്കന്‍ തിരികെ ബ്ലാസ്റ്റേഴ്സിലേക്കോ...?; താരം മോഹന്‍ ബഗാന്‍ വിട്ടു

ഇന്നും ഐ.എസ്.എല്ലില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി പന്തു തട്ടിയ താരമെന്ന റെക്കോര്‍ഡ് ജിങ്കന്‍റെ പേരിലാണ്.

MediaOne Logo

Web Desk

  • Published:

    30 July 2022 9:46 AM GMT

ജിങ്കന്‍ തിരികെ ബ്ലാസ്റ്റേഴ്സിലേക്കോ...?; താരം മോഹന്‍ ബഗാന്‍ വിട്ടു
X

എ.ടി.കെ മോഹന്‍ ബഗാന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍ ക്ലബുമായുള്ള കരാര്‍ അവസാനിപ്പിച്ചു. വരുന്ന ഐ.എസ്.എല്‍ സീസണില്‍ താരം എ.ടി.കെയിലുണ്ടാകില്ലെന്ന് ക്ലബ് തന്നെയാണ് അറിയിച്ചത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയായിരുന്നു എ.ടി.കെ മോഹന്‍ ബഗാന്‍ ഇക്കാര്യം പുറത്തുവിട്ടത്. ജിങ്കന്‍റെ സേവനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് മോഹൻ ബഗാൻ ട്വീറ്റ് ചെയ്യുകയായിരുന്നു.


രണ്ടു സീസണ്‍ മുമ്പ് വരെ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സന്ദേശ് ജിങ്കന്‍ 2020 ലാണ് എ.ടി.കെയിലെത്തുന്നത്. നീണ്ട ആറുവര്‍ഷം ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധ നിരയെ കോട്ടകെട്ടി കാത്ത സെന്‍റര് ബാക്കായ ജിങ്കന് കേരളത്തില്‍ വലിയൊരു ആരാധകവൃദ്ധം തന്നെയുണ്ട്. ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന ജിങ്കന്‍ 21ആം വയസിലാണ് മഞ്ഞക്കുപ്പായത്തില്‍ ആദ്യമെത്തുന്നത്. ആദ്യ സീസണില്‍ തന്നെ എമര്‍ജിംഗ് പ്ലയറായ ജിങ്കന്‍ അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ നായകനുമായി.

ക്ലബിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ ജിങ്കനെ 2020 സീസണില്‍ നിലനിര്‍ത്താതിരിക്കാനുള്ള കാരണമെന്നായിരുന്നു അന്ന് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. 2022 വരെ കരാര്‍ ബാക്കിയുള്ളപ്പോഴായിരുന്നു ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നത്. ഇന്നും ഏറ്റവുമധികം മത്സരങ്ങളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി പന്തു തട്ടിയ താരമെന്ന റെക്കോര്‍ഡ് ജിങ്കന്‍റെ പേരിലാണ്.

ബ്ലാസ്റ്റേഴ്സില്‍ നിന്ന് എ.ടി.കെയിലെത്തിയ ജിങ്കന്‍ പിന്നീട് മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യയിൽ പോയിരുന്നു. ജിങ്കന്‍ അഞ്ച് വർഷത്തെ കരാറാണ് എ.ടി.കെയുമായി ഒപ്പുവെച്ചിരുന്നത്. എന്നാല്‍ ക്രൊയേഷ്യൻ ക്ലബായ സിബെനിക്കില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ താരം ആ വിദേശ ക്ലബുമായി കരാറിലെത്തകയായിരുന്നു. എ.ടി.കെയുമായുള്ള കരാറില്‍ യൂറോപ്യന്‍ ടീമുകളില്‍ നിന്ന് ഓഫർ വന്നാൽ റിലീസ് ചെയ്തു കൊടുക്കാമെന്ന് അവര്‍ വ്യവസ്ഥ വെച്ചിരുന്നു. അങ്ങനെ ജിങ്കന്‍ ക്രൊയേഷ്യന്‍ ക്ലബിനായി പന്തു തട്ടാനെത്തി.

എന്നാല്‍ ക്രൊയേഷ്യന്‍ ക്ലബില്‍ അധിക കാലം പിടിച്ചുനില്‍ക്കാന്‍ ജിങ്കനായില്ല. അധികം വൈകാതെ ഐ.എസ്.എല്ലിലേക്ക് താരം തിരികെ മടങ്ങുകയായിരുന്നു. പരിക്കും ആദ്യ ഇലവനിലേക്കുള്ള കടുത്ത മത്സരവും കാരണം താരത്തിന് അവിടെ അധികം അവസരം ലഭിച്ചിരുന്നില്ല. അങ്ങനെ ജിങ്കൻ തിരികെ ബഗാനിലേക്ക് വരികയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ച് ജിങ്കന്‍ വീണ്ടും പുറത്തുവന്നിരിക്കുകയാണ്.

മലയാളി ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയായ ജിങ്കന്‍ തിരികെ ബ്ലാസ്റ്റേഴ്സിലെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജിങ്കനായി ഈസ്റ്റ് ബംഗാളും രംഗത്തുണ്ട്.

TAGS :

Next Story