Quantcast

ലീഡിനരികെ വീണ് കേരളം; ഇനി പ്രതീക്ഷ ബോളര്‍മാരില്‍

വിദര്‍ഭക്ക് 37 റണ്‍സിന്‍റെ നിര്‍ണായക ലീഡ്

MediaOne Logo

Web Desk

  • Published:

    28 Feb 2025 5:12 PM IST

ലീഡിനരികെ വീണ് കേരളം; ഇനി പ്രതീക്ഷ ബോളര്‍മാരില്‍
X

നാഗ്പൂര്‍: രഞ്ജി ട്രോഫി കലാശപ്പോരിൽ ലീഡിനരികെ വീണ് കേരളം. 37 റൺസിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് പിടിച്ച വിദർഭക്ക് കളിയിൽ മേധാവിത്വമായി. ആദ്യ ഇന്നിങ്‌സിൽ കേരളത്തിന്റെ പോരാട്ടം 342 റൺസിൽ അവസാനിച്ചു.

മൂന്നാം സെഷന്റെ അവസാനം 18 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ദർശൻ നൽകണ്ഡേയും ഹർഷ് ദൂബേയും പാർഥ് രെഖാഡെയായും ചേർന്നാണ് വിദർഭക്ക് നിർണായക ലീഡ് സമ്മാനിച്ചത്. ഇനി കളി ജയിച്ചാൽ അല്ലാതെ കേരളത്തിന് കിരീടം ചൂടാനാവില്ല.

സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ വീണ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റാണ് വിദർഭക്ക് ഏറെ നിർണായകമായത്. 98 റൺസെടുത്ത് നിൽക്കേ രെഖാഡെയെ കൂറ്റനടിക്ക് ശ്രമിച്ച സച്ചിൻ കരുൺ നായരുടെ കയ്യിൽ വിശ്രമിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ജലജ് സക്‌സേന സച്ചിന് മികച്ച പിന്തുണ നൽകിയെങ്കിലും കേരളത്തെ ലീഡിലേക്ക് നയിക്കാനായില്ല.

52 പന്തിൽ 10 റൺസെടുത്ത ഈഡൻ ആപ്പിൾ ടോം അവസാന ഓവറുകളില്‍ ഒരു വന്മതിൽ പണിയാൻ ശ്രമിച്ചെങ്കിലും രെഖാഡെ അതും പൊളിച്ചതോടെ വിദർബ ലീഡെടുത്തു. രണ്ട് ദിവസമാണ് ഇനി കളിയിൽ ബാക്കിയുള്ളത്. നാളെ വിദർഭയെ ഓൾ ഔട്ടാക്കിയ ശേഷം അവസാന ദിനം ലീഡ് മറികടക്കാനായാൽ കേരളത്തിന് പ്രഥമ കിരീടത്തിൽ മുത്തമിടാം.

TAGS :

Next Story