Quantcast

കോഹ്‍ലി മുതല്‍ ദൂബേ വരെ ദുരന്തം; സഞ്ജുവിനെ ഇനിയും ബെഞ്ചിലിരുത്തണോ?

ശിവം ദൂബേ പന്തെറിയുന്നില്ല എങ്കിൽ സഞ്ജുവിനെ നിർബന്ധമായും ടീമിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി നേരത്തേ തന്നെ സഞ്ജയ് മഞ്ജരേക്കരടക്കമുള്ള മുൻ ഇന്ത്യൻ താരങ്ങൾ രംഗത്ത് വന്നിരുന്നു

MediaOne Logo

Web Desk

  • Published:

    22 Jun 2024 2:13 AM GMT

sanju samson
X

sanju samson

സഞ്ജുവിനെ ലോകകപ്പ് ടീമിലെടുത്തത് സൈഡ് ബെഞ്ചിലിങ്ങനെ വെറുതെയിരുത്താനാണോ? ആരാധകരുടെ ചോദ്യം ടീം മാനേജ്‌മെന്റിനോടാണ്. ടി20 ലോകകപ്പിൽ ആദ്യ സൂപ്പർ 8 പോരാട്ടത്തിലെ ഇലവനെ പ്രഖ്യാപിച്ചപ്പോൾ ഇക്കുറിയും സഞ്ജുവിന്റെ പേരുണ്ടായിരുന്നില്ല. കളിയിൽ അഫ്ഗാനിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയെങ്കിലും ആരാധകർ ഏറെ പ്രതീക്ഷ വച്ച പല താരങ്ങളും ഒരിക്കൽ കൂടി നിരാശപ്പെടുത്തി.

ഇതിൽ ശിവം ദൂബേയുടെ ഫോമില്ലായ്മയാണ് ആരാധകരെ ഏറെ ചൊടിപ്പിച്ചത്. ലോകകപ്പിൽ കളത്തിലിറങ്ങിയ ഒറ്റ മത്സരത്തിലാണ് ഇതുവരെ ദൂബേക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായത്. അഫ്ഗാനിസ്താനെതിരെ വെറും പത്ത് റൺസെടുത്താണ് താരം കൂടാരം കയറിയത്. പാകിസ്താനെതിരെ മൂന്ന് റൺസിന് പുറത്തായ ദൂബേ അമേരിക്കക്കെതിരെ മാത്രമാണ് തിളങ്ങിയത്. സ്പിന്നർമാരെ മികച്ച രീതിയിൽ നേരിടാൻ കഴിയുമെന്നതിനാലാണ് അഫ്ഗാനെതിരെ ദൂബേ ഒരിക്കൽ കൂടി ടീമിൽ ഇടംപിടിച്ചത്. എന്നാൽ ആധുനികക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ റാഷിദ് ഖാന് മുന്നിൽ തന്നെ വീഴാനായിരുന്നു താരത്തിന്റെ വിധി.

ശിവം ദൂബേ പന്തെറിയുന്നില്ല എങ്കിൽ സഞ്ജുവിനെ നിർബന്ധമായും ടീമിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി നേരത്തേ തന്നെ സഞ്ജയ് മഞ്ജരേക്കരടക്കമുള്ള മുൻ ഇന്ത്യൻ താരങ്ങൾ രംഗത്ത് വന്നിരുന്നു. ഓൾ റൗണ്ടർ റോളിൽ ടീമിൽ ഇടംപിടിച്ച ദൂബേയെ രോഹിത് ശർമ പല മത്സരങ്ങളിലും ബോളിങ് ഓപ്ഷനായി പരിഗണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അഫ്ഗാനെതിരെയും താരം പന്തെറിഞ്ഞിരുന്നില്ല. ബാറ്റിങ്ങിലും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയാതായതോടെയാണ് സൈഡ് ബെഞ്ചിലിരിക്കുന്ന സഞ്ജു സാംസണെ ടീമിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തിയത്.

കഴിഞ്ഞ മൂന്ന് സീസണുകളിലായി ഐ.പി.എല്ലിൽ പുലർത്തുന്ന സ്ഥിരതയാർന്ന പ്രകടനങ്ങളാണ് ഇക്കുറി ദൂബേയെ ലോകകപ്പ് ടീമിലെത്തിച്ചത്. എന്നാൽ നിരന്തരമായി അവസരം ലഭിച്ചിട്ടും ഐ.പി.എല്ലിൽ പുറത്തെടുക്കുന്ന മിന്നും പ്രകടനമൊന്നും ആരാധകർ ലോകകപ്പിൽ ദൂബേയുടെ ബാറ്റിൽ നിന്ന് കണ്ടില്ല. മോശം ഫോം തുടർക്കഥയായതോടെ ദൂബേക്കെതിരെ വിമർശന ശരങ്ങളുമായി നിരവധി പേർ രംഗത്തെത്തി. ഐ.പി.എല്ലും ലോകകപ്പും ഒന്നല്ല എന്നാണ് കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം മുരളി വിജയ് ദൂബേയെ കുറിച്ച് പറഞ്ഞത്.

'അന്താരാഷ്ട്ര ക്രിക്കറ്റിനേയും ഐ.പി.എല്ലിനേയിം ഒരേ ത്രാസിലിട്ട് അളക്കരുത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ദൂബേ മോശം ഫോമിലാണെന്ന് തന്നെ പറയേണ്ടി വരും. പലപ്പോഴും ക്രീസിൽ അയാൽ സ്ട്രഗിൾ ചെയ്യുന്നത് കാണാം. ആസ്‌ത്രേലിയക്കെതിരായ മത്സരം അയാളുടെ ദൗർബല്യങ്ങളെ കുറച്ച് കൂടി പുറത്ത് കൊണ്ട് വരും'- വിജയ് പറഞ്ഞു.

ആസ്‌ത്രേലിയക്കെതിരെയും ബംഗ്ലാദേശിനെതിരെയുമുള്ള മത്സരങ്ങൾ സെമി പ്രവേശത്തിന് ഏറെ നിർണായകമാണ് എന്നിരിക്കെ സഞ്ജുവിന് അവസരം നൽകാൻ ടീം മാനേജ്‌മെന്റ് തയ്യാറാവുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. സന്നാഹ മത്സരത്തിലും ഐ.പി.എല്ലിലെ അവസാന മത്സരങ്ങളിലും തിളങ്ങാതെ പോയതാണ് ഗ്രൂപ്പ് റൗണ്ടിൽ സഞ്ജുവിന്‍റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചത്. എന്നാൽ വിരാട് കോഹ്ലിയടക്കം ടീമിലെ വന്മരങ്ങളൊക്കെ മോശം ഫോമിലാണ് ബാറ്റ് വീശുന്നത് എന്നതിനാൽ തന്നെ അവസരം ലഭിക്കാതെ ബെഞ്ചിലിരിക്കുന്ന താരങ്ങളെ പരീക്ഷിക്കാൻ മാനേജ്‌മെന്റ് തയ്യാറാവുമോ എന്നാണിനി അറിയേണ്ടത്.

ഐ.പി.എല്ലിൽ മിന്നും പ്രകടനം നടത്തി ലോകകപ്പിനത്തിയ കോഹ്ലി ഇക്കുറി അമ്പേ പരാജയമായിരുന്നു. ഐ.പി.എല്ലിലെ ഓറഞ്ച് ക്യാപ്പ് ജേതാവായ കോഹ്ലിക്ക് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിൽ ഒരിക്കൽ പോലും രണ്ടക്കം കടക്കാനായില്ല. മുഴുവൻ മത്സരങ്ങളിലും ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം ഓപ്പണറുടെ റോളിലാണ് കോഹ്ലി ക്രീസിലെത്തിയത്. ആദ്യ മത്സരത്തിൽ അയർലന്റിനെതിരെ ഒരു റണ്ണായിരുന്നു താരത്തിന്റെ സമ്പാദ്യം. പാകിസ്താനെതിരെ നാല് റൺസിന് പുറത്തായപ്പോൾ അമേരിക്കെതിരായി ഗോൾഡൻ ഡക്കായി കൂടാരം കയറി. അഫ്ഗാനിസ്താനെതിരെ മാത്രമാണ് താരം രണ്ടക്കം കടന്നത്. ആ മത്സരത്തിലാവട്ടെ 24 പന്ത് നേരിട്ട താരം എടുത്തത് 24 റൺസ്. കോഹ്ലിയുടെ ബാറ്റിൽ നിന്നാകെ പിറന്നത് ഒരൊറ്റ സിക്‌സർ. ക്യാപ്റ്റൻ രോഹിത് ശർമയുടെ കാര്യവും വ്യത്യസ്തമല്ല. പാകിസ്താനെതിരെ 13 റൺസിന് പുറത്തായ രോഹിത് അമേരിക്കക്കെതിരെ കൂടാരം കയറിയത് മൂന്ന് റൺസിന്. അഫ്ഗാനെതിരെ എട്ട് റണ്ണായിരുന്നു ഇന്ത്യൻ നായകന്റെ സമ്പാദ്യം.

കോഹ്ലിയെ ഓപ്പണിങ്ങിൽ തന്നെ കളിപ്പിക്കണോ അതോ വിഖ്യാതമായ മൂന്നാം നമ്പറിലേക്ക് തന്നെ ഇറക്കണോ എന്ന ചോദ്യം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ നിന്ന് ഉയരുന്നുണ്ട്. കോഹ്ലിയെ ഓപ്പണിങ്ങിൽ നിന്നും മാറ്റിയാൽ മൂന്നാം നമ്പറിൽ മോശമല്ലാതെ ബാറ്റേന്തുന്ന റിഷബ് പന്തിെൻറ പൊസിഷനും മാറ്റേണ്ടിവരും. മാത്രമല്ല, ഓപ്പണിങ്ങിൽ പുതിയൊരാളെയും കൊണ്ടുവരണം. അത് ബാറ്റിങ് ഓർഡറിനെയും ടീം ലൈനപ്പിനെയും ആകെ അട്ടിമറിക്കും. അതുകൊണ്ടുതന്നെ ബാറ്റിംഗ് സഹായകരമാകുന്ന കരീബിയൻ പിച്ചിൽ കളി മുറുകും വരെ കോഹ്ലിയെത്തന്നെ ഓപ്പണിങ് കളിപ്പിക്കാനാണ് സാധ്യത. ജദേജയും അക്സറും ഒരുമിച്ച് കളിക്കണോ അതോ സ്പെഷ്യലിസ്റ്റ് സ്പിന്നറെ കൊണ്ടുവരണോ എന്ന ചോദ്യവും ബാക്കിയാണ്.

അതേ സമയം ബാറ്റർമാർ അമ്പേ പരാജയമായ ടൂർണമെന്റിൽ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബോളിങ് ഡിപ്പാർട്ട്‌മെന്റ് തകർപ്പൻ ഫോമിലാണ്. പാകിസ്താനെതിരെയടക്കം പല മത്സരങ്ങളിലും ഇന്ത്യ വിജയതീരമണഞ്ഞത് ബോളർമാരുടെ ചിറകിലേറിയാണ്. നാല് മത്സരങ്ങളിൽ 10 വിക്കറ്റ് നേടിയ അർഷദീപ് സിങ്ങും എട്ട് വിക്കറ്റ് നേടിയ ബുംറയുമാണ് ഇന്ത്യൻ പേസാക്രമങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നത്. ഒപ്പം ഹർദിക് പാണ്ഡ്യയും മുഹമ്മദ് സിറാജുമൊക്കെ മിന്നും ഫോമിലാണ്.

TAGS :

Next Story