Quantcast

ജോടയ്ക്കും സലാഹിനും ഇരട്ട ഗോള്‍; ലീഡ്സിനെ ഗോള്‍ മഴയില്‍ മുക്കി ലിവര്‍പൂള്‍

അഞ്ച് മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി

MediaOne Logo

Web Desk

  • Published:

    18 April 2023 2:06 AM GMT

Leeds United, ,Liverpool,Premier League,Diogo Jota,Mohamed Salah
X

അഞ്ച് മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി ലിവര്‍പൂള്‍. എല്ലൻഡ് റോഡില്‍ വെച്ചുനടന്ന മത്സരത്തില്‍ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ ആറ് ഗോളിന് തകര്‍ത്തായിരുന്നു ലിവര്‍പൂളിന്‍റെ മിന്നും ജയം. ലിവര്‍പൂളിനായി മുഹമ്മദ് സലാഹും ദിയൊഗോ ജോടയും രണ്ട് ഗോളുകള്‍ വീതം സ്കോര്‍ ചെയ്തപ്പോള്‍ കോഡി ഗാക്പോയും ഡാർവിൻ നൂനെസും ഓരോ ഗോള്‍ വീതമടിച്ച് പട്ടിക പൂര്‍ത്തിയാക്കി. ലീഡ്സിനായി സിനിസ്റ്റെര ആശ്വാസ ഗോള്‍ നേടി.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴ് ഗോളിന് തകര്‍ത്തുവിട്ട ശേഷം പ്രീമിയര്‍ ലീഗില്‍ ഒരു മത്സരം പോലും ജയിക്കാനാകാത്ത നിരാശയിലായിരുന്നു ലിവര്‍പൂള്‍. മൂന്ന് തോല്‍വിയും രണ്ട് സമനിലയുമായി നീങ്ങിയ ലിവര്‍പൂളിനെ സംബന്ധിച്ച് ലീഡ്സിനെതിരായ ജയം ആത്മവിശ്വാസമുയര്‍ത്തുന്ന ഒന്നാണ്.

ആദ്യ പകുതിയുടെ 35-ാം മിനുട്ടിൽ അലക്സാണ്ടർ അർനോൾഡ് നൽകിയ പാസിൽ നിന്ന് ഗാക്പോ ആണ് ലിവര്‍പൂളിന്‍റെ ഗോള്‍ വേട്ട തുടങ്ങിവെക്കുന്നത്. കൃത്യം നാല് മിനുട്ടുകൾക്ക് ശേഷം സലാഹിന്‍റെ ഒരു കിടിലൻ ഫിനിഷ് ലിവർപൂളിന്‍റെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ സിനിസ്റ്റെരയിലൂടെ ലീഡ്സ് ഒരു ഗോൾ മടക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. 52-ാം മിനുട്ടില്‍ ദിയൊഗോ ജോടയുടെ ആദ്യ ഗോളും 64-ാം മിനുട്ടില്‍ സലാഹിന്‍റെ രണ്ടാം ഗോളും വന്നു. 73-ാം മിനുട്ടില്‍ ദിയൊഗോ ജോട ഗോള്‍ നേട്ടം രണ്ടാക്കി. ഒടുവില്‍ 90-ാം മിനുട്ടില്‍ ഡാർവിൻ നൂനെസ് കൂടി സ്കോര്‍ ചെയ്തതോടെ ലിവര്‍പൂള്‍ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

ജയത്തോടെ ലിവർപൂളിന് 47 പോയിന്‍റായി. 30 മത്സരങ്ങളിൽ നിന്ന് 47 പോയിന്‍റോടെ ലീഗില്‍ എട്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. തോല്‍വി വഴങ്ങിയ ലീഡ്സ് 16-ാം സ്ഥാനത്താണ്. 74 പോയിന്‍റോടെ ആഴ്സനലും 70 പോയിന്‍റോടെ സിറ്റിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

TAGS :

Next Story