Quantcast

അയോധ്യയിലെ‌ രാമക്ഷേത്രം സന്ദർശിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ് താരങ്ങൾ; വിവാദം

പഞ്ചാബ് കിങ്സിനെതിരായ വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായാണ് ബുധനാഴ്ച താരങ്ങൾ രാമക്ഷേത്രത്തിലെത്തിയത്.

MediaOne Logo

Web Desk

  • Published:

    12 April 2023 1:01 PM GMT

അയോധ്യയിലെ‌ രാമക്ഷേത്രം സന്ദർശിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ് താരങ്ങൾ; വിവാദം
X

ലഖ്നൗ: യു.പിയിലെ അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഇടത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രം സന്ദർശിക്കാനെത്തി ഐ.പി.എൽ ടീമുകളിലൊന്നായ ലഖ്നൗ സൂപ്പർ ജയന്റ്സ് താരങ്ങൾ. രവി ബിഷ്ണോയും ബാറ്റിങ് കോച്ച് വിജയ് ദഹിയയും അടക്കമുള്ളവരാണ് രാമക്ഷേത്രം സന്ദർശിക്കാനെത്തിയത്.

പഞ്ചാബ് കിങ്സിനെതിരായ വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായാണ് ബുധനാഴ്ച താരങ്ങൾ രാമക്ഷേത്രത്തിലെത്തിയത്. എൽഎസ്ജി താരങ്ങളും പരിശീലകനും ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം താരങ്ങൾ ക്ഷേത്ര കവാടത്തിനു മുന്നിൽ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രം പുറത്തുവന്നതിനു പിന്നാലെ സന്ദർശനം വിവാദമായി. സന്ദർശനത്തിൽ നിരവധി പേരാണ് താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയയിൽ രം​ഗത്തെത്തിയിരിക്കുന്നത്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രം അടുത്ത വർഷം ജനുവരി ഒന്നിനു തുറന്നുകൊടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

നിലവിൽ ഐപിഎല്ലിൽ മികച്ച പ്രകടനമാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നടത്തുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്ന് വിജയങ്ങളുമായി അവർ ഒന്നാം സ്ഥാനത്താണ്. ഏപ്രിൽ 15ന് പഞ്ചാബ് കിങ്സിനെതിരെ ഏകാന സ്റ്റേഡിയത്തിലാണ് അടുത്ത കളി.

അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒരു വിക്കറ്റിന് വീഴ്ത്തിയാണ് സീസണിലെ മൂന്നാം ജയം ലഖ്‌നൗ നേടിയത്. 213 എന്ന കൂറ്റൻ ടോട്ടല്‍ ചേസ് ചെയ്തിറങ്ങിയ ലഖ്നൗവിനായി നിക്കോളാസ് പൂരനും മാര്‍ക്കസ് സ്റ്റോയിനിസും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് വിജയം സമ്മാനിച്ചത്.




TAGS :

Next Story