Quantcast

ഇത്തിഹാദിൽ ആഴ്സനലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം

MediaOne Logo

Web Desk

  • Updated:

    2023-04-26 21:37:33.0

Published:

26 April 2023 8:07 PM GMT

Manchester City
X

മാഞ്ചസ്റ്റർ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടത്തിനായുളള നിർണ്ണായക പോരാട്ടത്തിൽ ആഴ്സനലിനെതിരെ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. മാഞ്ചസ്റ്റർ സിറ്റക്കായി കെവിൻ ഡിബ്രുയിൻ ഇര‍ട്ട ​ഗോളുകൾ (7,54, മിനുട്ടുകളിൽ‍) നേടിയപ്പോൾ, മറ്റ് ​ഗോളുകൾ ജോൺ സ്റ്റോൺസ് (45+1), ഏർലിം​ഗ് ഹാളണ്ട് (90+5) എന്നിവർ നേടി. ആഴ്സനലിനായി 86-ാം മിനുറ്റിൽ റോബ് ഹോൾഡിം​ഗാണ് ആശ്വാസ ​ഗോൾ നേടിയത്. ഇന്നത്തെ വിജയത്തോടെ ലീ​ഗിൽ ആഴ്സനലുമായുളള പോയിന്റ് വ്യത്യാസം രണ്ടായി കുറക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞു.

മത്സരം ചൂട് പിടിച്ച് തുടങ്ങുന്നതിനു മുമ്പ് തന്നെ 7-ാം മിനുറ്റിൽ കെവിൻ ഡിബ്രൂയിനായിരുന്നു സിറ്റിയുടെ ആദ്യ ​ഗോൾ നേടിയത്. പ്രതിരോധനിരയിൽ നിന്ന് ഉയർന്നു വന്ന പന്ത് മൈതാന മധ്യത്ത് വെച്ച് സ്വീകരിച്ച ഹാളണ്ട് കൃത്യമായ പാസ് ഡിബ്രൂയിനു നൽകുന്നു, പന്തുമായി ഒറ്റക്ക് കുതിച്ച താരം ബോക്സിനു പുറത്തു നിന്ന് ​മികച്ചൊരു ഷോട്ട് ഉതിർത്തതോടെ ആഴ്സനലിന്റെ ഗോൾ കീപ്പർക്ക് യാതൊരു അവസരവും അതിനു മുന്നിലുണ്ടായില്ല. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി താരത്തിന്റെ ആറാം ​ഗോളാണിത്. 25-ാം മിനുറ്റിൽ ഇതിനു സമാനമായ അവസരം ഡിബ്രൂയിനു ഒരിക്കൽ‍ കൂടി ലഭിച്ചെങ്കിലും ബെൻ വൈറ്റ് ​ഗണ്ണേഴ്സിന്റെ രക്ഷക്കെത്തി. രണ്ടു മിനുറ്റുകൾക്ക് ശേഷം ഹാളണ്ടിനും മികച്ച അവസരം ലഭിച്ചെങ്കിലും ആഴ്സനലിന്റെ ഗോൾ കീപ്പർ റാംസീഡെൽ ആ അവസരം തട്ടിയകറ്റി. ഒരു ​ഗോൾ നേടിയെങ്കിലും ആദ്യ പകുതിയിൽ തന്നെ ലീഡ് ഉയർത്താനായി സിറ്റി നിരന്തരം ആഴ്സനൽ ​ഗോൾ മുഖത്തേക്ക് മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു. ​അതിന്റെ ഫലം മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിനു മുമ്പ് കിട്ടുകയും ചെയ്തു. ആദ്യ പകുതിയിലെ ഇഞ്ചുറി സമയത്ത് കെവിൻ ഡിബ്രൂയിനെ എടുത്ത ഫ്രീകിക്ക് ജോൺ സ്റ്റോൺസ് മികച്ച ഹെ‍ഡറിലൂടെ ​വലയിലെത്തിച്ചു. ആദ്യം ലെെൻ റഫറി ​ഗോൾ അനുവദിച്ചില്ലെങ്കിലും വാർ പരിശോധനയിലൂടെ പിന്നീട് ​ഗോൾ അനുവദിച്ചു.

രണ്ടാം പകുതിയിൽ 54-ാം മിനുറ്റിൽ കെവിൻ ഡിബ്രൂയിൻ തന്റെ രണ്ടാമത്തെെ ​ഗോൾ നേടി ടീമിന്റെ ലീ‍ഡ് മൂന്നായി ഉയർത്തിയതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് മത്സരം ഏകദേശം ഉറപ്പിക്കാനായി. 86-ാം മിനുറ്റിൽ റോബ് ഹോൾഡിം​ഗ് ആഴ്സനലിനായി ​ഗോൾ നേടിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചു വരാൻ അപ്പോഴേക്കും സമയം ​ഗണ്ണേഴ്സിനു നഷ്ടമായിരുന്നു. മത്സരം അവസാനിക്കുന്നതിനു സെക്കന്റുകൾ ശേഷിക്കെ ഏർലിം​ഗ് ഹാളണ്ട് ആഴ്സനലിനു മുകളിൽ സിറ്റിയുടെ അവസാന ആണിയും അടിച്ചു ​ഗോൾ പട്ടിക പൂർത്തിയാക്കി. താരത്തിന്റെ പ്രീമിയർ ലീ​ഗിലെ 33-ാം ​ഗോളാണിത്. ആൻഡി കോളും (1993-94), അലൻ ഷിയററും (1994-95) സ്ഥാപിച്ച 34 ഗോളുകളുടെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് റെക്കോർഡ് 29 ലീഗ് മത്സരങ്ങളിൽ നിന്ന് ഇതിനകം തന്നെ 33 ഗോളുകൾ നേടിയ താരം മറികടക്കുമെന്ന് ഉറപ്പാണ്.

നേരത്തെ ഈ സീസണിൽ‍‍ ലീ​ഗിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ആഴ്സനലിനെ ഒന്നിനെതിരെ മൂന്നു ​ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചിരുന്നു. 2015-നു ശേഷം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വിജയിക്കാൻ കഴിയാതിരുന്ന ആഴ്സനലിന്റെ കാത്തിരിപ്പ് ഇനിയും കൂടും. ഇന്നത്തെ മത്സരം വിജയിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 31- മത്സരങ്ങളിൽ നിന്ന് 73- പോയിന്റ് നേടാനായി. 75- പോയിന്റുമായി ആഴ്സനലാണ് ഒന്നാമതെങ്കിലും സിറ്റിയേക്കാളും രണ്ട് മത്സരം അധികം അവർ കളിച്ചിട്ടുണ്ട്.

മറ്റ് പ്രീമിയർ ലീ​ഗ് മത്സരങ്ങൾ

മുൻ ചാമ്പ്യൻമാരായ ചെൽസി ഇന്ന് വീണ്ടും പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ടു ​ഗോളിന് ബ്രെൻഡ്ഫോർഡായിരുന്നു ചെൽസിയെ പരാജയപ്പെടുത്തിയത്. താത്കാലിക പരിശീലകൻ ലംപാർഡിന് കീഴിൽ ഇതു വരെ ഒറ്റ മത്സരവും ജയിക്കാൻ ടീമിനു കഴിഞ്ഞിട്ടില്ല. വോൾവ്സ് എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെയും ആസ്റ്റൺ വില്ല എതിരില്ലാത്ത ഒരു ​ഗോളിനു തോൽപ്പിച്ചപ്പോൾ, ഒന്നിനെതിരെ മൂന്ന് ​ഗോളിനു നോട്ടിം​ഗ്ഹാം ഫോറസ്റ്റ് ബ്രൈറ്റനെയും ഒന്നിനെതിരെ രണ്ട് ​ഗോളിനു ലിവർ‍പൂൾ വെസ്റ്റ്​ഹാമിനെയും പരാജയപ്പെടുത്തി. ലീഡ്സ് യുണൈറ്റ‍ഡ് ലെസ്റ്റർ സിറ്റി മത്സരം 1-1 സമനിലയിൽ കലാശിച്ചു.

TAGS :

Next Story