Quantcast

''ഒളിമ്പിക്‌സിലും ഞാനും നീരജും ഒന്നും രണ്ടും സ്ഥാനത്തുണ്ടാവും''- അർഷദ് നദീം

അർഷദ് നന്നായി എറിയുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നാണ് മത്സര ശേഷം നീരജ് ചോപ്ര പ്രതികരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-08-29 16:26:39.0

Published:

29 Aug 2023 1:01 PM GMT

neeraj chopra arshad nadeem
X

ലോക കായിക വേദികളില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയും പാക് താരം അര്‍ഷദ് നദീമും എതിരാളികളാണെങ്കിലും ഫീല്‍ഡിന് പുറത്ത് ഇരുവരും നല്ല സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ ജാവ്‍ലിനില്‍ ഇരുവരും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തിരുന്നു. മത്സരത്തിന് ശേഷം അര്‍ഷദിനെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന നീരജ് ചോപ്രയുടെ ദൃശ്യങ്ങള്‍ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

അർഷദ് നന്നായി എറിയുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നാണ് മത്സര ശേഷം നീരജ് പ്രതികരിച്ചത്. മുമ്പ് ജാവ്‌ലിനിൽ യൂറോപ്പ്യൻ താരങ്ങളുടെ ആധിപത്യമായിരുന്നു. ഇപ്പോൾ നമ്മൾ അവരെ കവച്ചു വക്കാൻ തുടങ്ങിയിരിക്കുന്നു എന്നും നീരജ് പറഞ്ഞു.

ഇപ്പോഴിതാ അര്‍ഷദ് നദീമിന്‍റെ പ്രതികണവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഒളിമ്പിക്സിലും ഇന്ത്യയും പാകിസ്താനും ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ടാവുമെന്നാണ് അര്‍ഷദ് പ്രതികരിച്ചത്.

''നീരജ് ഭായിയുടെ കാര്യത്തിൽ സന്തോഷമുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പാകിസ്താനും ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ഇൻഷാ അല്ലാഹ് ഒളിമ്പിക്‌സിലും നമ്മൾ ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ടാവും''- അര്‍ഷദ് പറഞ്ഞു.

അര്‍ഷദിനെ കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഒരു പാകിസ്താനി താരത്തെ പരാജയപ്പെടുത്തി മകന്‍ നേടിയ വിജയത്തെ എങ്ങനെ കാണുന്നു എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യം. അതിന് സരോജ് ദേവി നല്‍കിയ മറുപടി ഇങ്ങനെ.

''എല്ലാവരും ഫീൽഡിൽ മത്സരിക്കാനാണ് എത്തുന്നത്. ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ ഉറപ്പായും വിജയിക്കും. അത് കൊണ്ട് അയാൾ പാകിസ്താനിയാണോ ഹരിയാനക്കാരനാണോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. പാക് താരം വിജയിച്ചതിലും ഞാന്‍ സന്തോഷവതിയാണ്''- സരോജ് ദേവി പറഞ്ഞു.

ലോക കായികവേദികളില്‍ അത്ഭുതമാവുകയാണ് നീരജ് ചോപ്ര എന്ന ഇന്ത്യന്‍ വിസ്മയം. കഴിഞ്ഞ ദിവസമാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര സ്വര്‍ണ്ണം എറിഞ്ഞിട്ടത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്നത്. ഫൈനലില്‍ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്. ഇന്ത്യൻ താരങ്ങളായ ഡി.പി മനു, കിഷോർ ജെന തുടങ്ങിയവരും ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തു.വെള്ളി നേടിയ അര്‍ഷദ് എറിഞ്ഞത് 87.82 മീറ്റർ ദൂരമാണ്.

TAGS :

Next Story