Quantcast

'എല്ലാ കല്യാണത്തിനും വേണം': യുഎസിലേക്ക് 'മുങ്ങി' നീരജ് ചോപ്ര

വിവാഹത്തിലേക്ക് ക്ഷണിച്ച് നിരന്തരം വരുന്ന ഫോണ്‍ കോളുകള്‍ പരിശീലനത്തെ ബാധിച്ചതായും താരം വ്യക്തമാക്കുന്നു. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയതിന് ശേഷം മത്സരങ്ങളിലൊന്നും നീരജ് ചോപ്ര പങ്കെടുത്തിട്ടില്ല.

MediaOne Logo

Web Desk

  • Published:

    5 Jan 2022 7:34 AM GMT

എല്ലാ കല്യാണത്തിനും വേണം: യുഎസിലേക്ക് മുങ്ങി നീരജ് ചോപ്ര
X

വിവാഹ ക്ഷണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ യുഎസിലേക്ക് പറന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. വിവാഹത്തിലേക്ക് ക്ഷണിച്ച് നിരന്തരം വരുന്ന ഫോണ്‍ കോളുകള്‍ പരിശീലനത്തെ ബാധിച്ചതായും താരം വ്യക്തമാക്കുന്നു.

ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയതിന് ശേഷം മത്സരങ്ങളിലൊന്നും നീരജ് ചോപ്ര പങ്കെടുത്തിട്ടില്ല. പരിശീലനത്തില്‍ ശ്രദ്ധിക്കാനും ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനുമാണ് ചോപ്ര യുഎസിലേക്ക് വിമാനം കയറിയത്.

'ഞങ്ങൾ, കായിക താരങ്ങൾ, കുടുംബങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ വിട്ടുനിന്ന് കരിയറിലെ ഭൂരിഭാഗം സമയവും മത്സരത്തിനായും പരിശീലനത്തിനുമായാണ് ചെലവഴിക്കുന്നത്. ഒളിമ്പിക്‌സിൽ മെഡൽ നേടിയതിന് ശേഷം പെട്ടെന്ന് തന്നെ ഒരുപാട് ആളുകളെ പരിചയപ്പെടാൻ കഴിഞ്ഞു. അവരുടെ പ്രശംസയും മറ്റുമൊക്കെ എന്നെ സന്തോഷിപ്പിച്ചു. അവ പലപ്പോഴും സമ്മര്‍ദത്തിലാക്കുന്നുണ്ട്. അതിനാല്‍ തുടങ്ങിയിടത്തേക്ക് തന്നെ മടങ്ങേണ്ടിയിരിക്കുന്നു. പരിശീലനത്തിലേക്ക് മടങ്ങിയതിന് ശേഷം ഞാൻ വീണ്ടും കൂടുതൽ ആശ്വാസം കണ്ടെത്തുകയാണ്'- നീരജ് ചോപ്ര പറഞ്ഞു.

'ഹരിയാനയിൽ (ചോപ്രയുടെ ജന്മദേശം) ശൈത്യകാലം ആരംഭിച്ചിട്ടുണ്ട്, അതോടൊപ്പം തന്നെ വിവാഹ സീസണും. അതിനാല്‍ തന്നെ നിരവധി പേരാണ് എന്നെ വിവാഹങ്ങളിലേക്ക് ക്ഷണിക്കുന്നത്. അതെല്ലാം എന്നെ തളര്‍ത്തിയിരുന്നു. ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. മനഃസമാധാനത്തോടെ യുഎസില്‍ പരിശീലിക്കാൻ കഴിയുന്നു, ശല്യങ്ങളൊന്നുമല്ല'- നീരജ് ചോപ്ര പറഞ്ഞു.

ഒളിംപിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ നൂറിലധികം വര്‍ഷത്തെ കാത്തിരിപ്പാണ് നീരജ് അവസാനിപ്പിച്ചത്. ടോക്കിയോയില്‍ നീരജ് ചോപ്ര 87.5 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം വീഴ്ത്തിയപ്പോള്‍ ചരിത്രം പിറന്നു. അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിംപിക് വ്യക്തിഗതയിനത്തില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ കായികതാരവുമായി നീരജ്. ജാവലിൻ ത്രോയിൽ 90 മീറ്റർ ദൂരം മറികടക്കുകയാണ് ലക്ഷ്യമെന്ന് അടുത്തിടെ നീരജ് ചോപ്ര വ്യക്തമാക്കിയിരുന്നു.

TAGS :

Next Story