Quantcast

ഒറ്റ സ്പോട്ട്, മൂന്ന് ടീമുകള്‍; മുംബൈയുടെ വഴിമുടക്കുമോ ഡല്‍ഹി?

ഗുജറാത്തും പഞ്ചാബും ആര്‍.സി.ബിയും ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    19 May 2025 4:17 PM IST

ഒറ്റ സ്പോട്ട്, മൂന്ന് ടീമുകള്‍;  മുംബൈയുടെ വഴിമുടക്കുമോ ഡല്‍ഹി?
X

ഒറ്റ മത്സരം, മൂന്ന് വിജയികൾ. ഡൽഹിക്കെതിരെ 19ാം ഓവറിലെ അവസാന പന്തിനെ ബാക്ക് ഫൂട്ടിൽ ലോങ് ഓണിലൂടെ സായ് സുദർശൻ ഗാലറിയിലെത്തിക്കുമ്പോൾ മൂന്ന് ടീമുകളാണ് ഐ.പി.എൽ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത്. ഗുജറാത്ത്, പഞ്ചാബ്, ആർ.സി.ബി. ഇനി പ്ലേ ഓഫിൽ അവശേഷിക്കുന്നത് ഒറ്റ സ്‌പോട്ട്. അതിനായി പോരടിക്കുന്നത് മൂന്ന് ടീമുകൾ. 60ാം ലീഗ് മത്സരത്തിൽ തന്നെ ഐ.പി.എല്‍ പ്ലേ ഓഫിലെ നാലിൽ മൂന്ന് സ്പോട്ടുകളും ടീമുകള്‍ ഉറപ്പിക്കുന്നത് സമീപകാല ചരിത്രത്തില്‍ അപൂര്‍വമാണ്.

12 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും മൂന്ന് തോൽവിയുമായി 18 പോയിന്റുള്ള ഗുജറാത്താണ് പോയിന്റ് പട്ടികയിൽ ഇപ്പോൾ തലപ്പത്ത്. 12 മത്സരങ്ങളിൽ എട്ട് ജയവും മൂന്ന് തോൽവിയുമായി 17 പോയിന്‍റ് വീതം അക്കൗണ്ടിലുള്ള ആർ.സി.ബിയും പഞ്ചാബും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. മൂന്ന് ടീമുകളും എതിരാളികൾക്ക് മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ച് ആധികാരികമായി തന്നെയാണ് പ്ലേ ഓഫ് ബർത്തുറപ്പിച്ചത്.

പ്ലേ ഓഫിന് ടിക്കറ്റെടുക്കാൻ ഇനി സാധ്യതയുള്ളതും മൂന്ന് ടീമുകൾ. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ആർ.സി.ബിക്കെതിരായ മത്സരം മഴയെടുത്തതോടെ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പായി. നിലവിലെ ഫോമിൽ അവശേഷിക്കുന്ന മൂന്ന് ടീമുകളില്‍ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത് മുംബൈക്ക് തന്നെ. 12 മത്സരങ്ങൾ പൂർത്തിയാവുമ്പോൾ 14 പോയിന്റുമായി മുംബൈ പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനത്താണ്. നെറ്റ് റൺ റേറ്റാവട്ടെ 1.156 ഉം. പോയിന്റ് പട്ടികയിൽ തലപ്പത്തുള്ള ടീമുകൾക്ക് പോലും ഇത്രയും റണ്‍ റേറ്റില്ല.

മെയ് 21 ന് ഡൽഹിക്കെതിരെയും മെയ് 26 ന് പഞ്ചാബിനതിരെയുമാണ് മുംബൈയുടെ അടുത്ത മത്സരങ്ങൾ. ഈ രണ്ട് മത്സരങ്ങളും ജയിച്ചാൽ 18 പോയിന്റുമായി മുംബൈക്ക് നേരിട്ട് പ്ലേ ഓഫിൽ കടക്കാം. ഇനി ഒരു മത്സരം ജയിച്ചാലും മുംബൈക്ക് പ്ലേ ഓഫ് സാധ്യകൾ അവശേഷിക്കുന്നുണ്ട്. അത് അവർ തോൽപ്പിക്കുന്നത് ആരെ എന്നതിന് അനുസരിച്ചിരിക്കും.

പഞ്ചാബിനോട് തോറ്റാലും ഡൽഹിയെ വീഴ്ത്തിയാൽ പ്ലേ ഓഫ് ബർത്ത് ഏറെ കുറേ ഉറപ്പാവും. എന്നാൽ ഡൽഹിയോട് തോറ്റ് പഞ്ചാബിനോട് ജയിച്ചാൽ ഡൽഹിയുടെ പഞ്ചാബുമായുള്ള അവസാനം മത്സരം വരെ കാത്തിരിക്കേണ്ടി വരും. ആ മത്സരത്തിൽ പഞ്ചാബ് ഡൽഹിയെ പരാജയപ്പെടുത്തിയാൽ ഹർദികിനും സംഘത്തിനും പ്ലേ ഓഫ് ടിക്കറ്റെടുക്കാം. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും പരാജയപ്പെട്ടാൽ മുംബൈ പ്ലേ ഓഫ് കാണാതെ ഐ.പി.എൽ പതിനെട്ടാം എഡിഷനിൽ നിന്ന് പുറത്താവും.

ഇനി ഡൽഹിയുടെ സാധ്യതകൾ പരിശോധിക്കാം. മെയ് 20 ന് മുംബൈക്കെതിരെയും മെയ് 24 ന് പഞ്ചാബിനെതിരെയുമാണ് ഡൽഹിയുടെ അടുത്ത മത്സരങ്ങൾ. ഇതിൽ രണ്ടിലും ജയിച്ചാൽ മുംബൈയെ പിന്തള്ളി 17 പോയിന്റുമായി അക്‌സറും സംഘവും പ്ലേ ഓഫ് ബെർത്ത് ഉറപ്പിക്കും. ഇനി മുംബൈയോട് പരാജയപ്പെട്ടാലോ? ടീം പ്ലേ ഓഫ് കാണാതെ പുറത്താവും എന്നുറപ്പ്. അതായത് മുംബൈക്കെതിരായ അടുത്ത മത്സരം ഡൽഹിക്ക് ജീവന്മരണ പോരാട്ടമാണെന്ന് സാരം. ഇനി മുംബൈയോട് ജയിച്ച് പഞ്ചാബിനോട് തോറ്റാലോ? പഞ്ചാബ് മുംബൈയെ തോൽപ്പിക്കുന്നതും കാത്തിരിക്കണം. ഒപ്പം അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്നിൽ ലഖ്‌നൗ പരാജയപ്പെടുകയും വേണം. ഈ സിനാരിയോയിൽ ഡൽഹിക്ക് 15 പോയിന്റും മുംബൈക്കും ലഖ്‌നൗവിനും 14 പോയിന്റും വീതമാവും. നാലാം സ്ഥാനത്തുള്ള ഡൽഹി പ്ലേ ഓഫ് ഉറപ്പിക്കും.

നിലവിൽ പോയിന്റ് പട്ടികയിൽ കെ.കെ.ആറിനും താഴെ ഏഴാം സ്ഥാനത്തുള്ള ലഖ്‌നൗവിന് പത്ത് പോയിന്റാണുള്ളത്. എന്നാൽ മൂന്ന് മത്സരങ്ങൾ അവശേഷിക്കുന്നതിനാൽ പ്ലേ ഓഫ് സാധ്യതകളും അവശേഷിക്കുന്നുണ്ട്. ഇന്ന് ഹൈദരാബാദിനെതിരെയും മെയ് 22 ന് ഗുജറാത്തിനെതിരെയും മെയ് 27 ന് ആർ.സി.ബിക്കെതിരെയുമാണ് ഋഷഭ് പന്തിന്റേയും സംഘത്തിന്റേയും അടുത്ത മത്സരങ്ങൾ. ഈ മൂന്ന് മത്സരങ്ങളിലെ വിജയം, ഒപ്പം മറ്റു ടീമുകളുടെ ഫലങ്ങളെയും അടിസ്ഥാനപ്പെടുത്തിയാവും ലഖ്‌നൗവിന് പ്ലേ ഓഫ് സാധ്യതൾ തുറക്കുക.

അടുത്ത മൂന്ന് മത്സരങ്ങളും ജയിച്ചാൽ 16 പോയിന്‍റുമായിട്ടായിരിക്കും ലഖ്‌നൗ സീസണ്‍ അവസാനിപ്പിക്കുക. ഒപ്പം മറ്റു ചില മത്സര ഫലങ്ങളെ കൂടെ ആശ്രയിക്കണം. ഡൽഹി മുംബൈയെ തോൽപ്പിക്കുകയും പഞ്ചാബിനോട് പരാജയപ്പെടുകയും വേണം, മുംബൈ അടുത്ത രണ്ട് മത്സരങ്ങളും തോൽക്കണം. ഈ സിനാരിയോയിൽ ലഖ്‌നൗവിന് 16 ഉം ഡൽഹിക്ക് 15 ഉം മുംബൈക്ക് 14 ഉം പോയിന്റാവും. നാലാം സ്ഥാനക്കാരായ ലഖ്‌നൗ പ്ലേ ഓഫിൽ പ്രവേശിക്കും. മുംബൈയുടെ വഴിമുടക്കുമോ ഡല്‍ഹി. ലഖ്നൌവിന്‍റെ അപ്രതീക്ഷിത എന്‍ട്രിയുണ്ടാവുമോ. കാത്തിരുന്ന് കാണാം.


TAGS :

Next Story