Quantcast

കോഹ്ലിയുമായുള്ള സൗഹൃദം ക്രിക്കറ്റിനപ്പുറം ഗാഢം: കെയ്ൻ വില്യംസൺ

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ റോസ് ടെയ്‌ലർ വിജയറൺ കുറിച്ച ശേഷം അമിതാഹ്ലാദ പ്രകടനമൊന്നുമില്ലാതെ ന്യൂസിലൻഡ് നായകൻ നേരെ വിരാട് കോഹ്ലിയുടെ അടുത്ത് ചെന്ന് ആലിംഗനം ചെയ്തത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-07-01 16:37:03.0

Published:

1 July 2021 11:05 AM GMT

കോഹ്ലിയുമായുള്ള സൗഹൃദം ക്രിക്കറ്റിനപ്പുറം ഗാഢം: കെയ്ൻ വില്യംസൺ
X

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസനും തമ്മിലുള്ള സൗഹൃദത്തിന് ഒരു പതിറ്റാണ്ടിലേറെക്കാലത്തിന്റെ പഴക്കമുണ്ട്. 2008ൽ അണ്ടർ-19 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ ഇരുടീമുകളുടെയും നായകന്മാരായിരുന്നു കോഹ്ലിയും വില്യംസനും. അന്നു തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. ഏറ്റവുമൊടുവിൽ കഴിഞ്ഞയാഴ്ച നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലും ഇരുരാജ്യത്തിന്റെയും സീനിയർ ടീമുകൾ ഏറ്റുമുട്ടുമ്പോഴും കോഹ്ലിയും വില്യംസനും തന്നെയായിരുന്നു നായകന്മാർ. ഇതിനുമുൻപ് 2019ലെ ലോകകപ്പ് ക്രിക്കറ്റ് സെമി പോരാട്ടത്തിലും വില്യംസൺ കോഹ്ലിപ്പടയെ തകർത്തു.

എന്നാൽ, ഇതിനിടയിലെല്ലാം കോഹ്ലിയും വില്യംസണും തമ്മിലുള്ള സൗഹൃദം ഗാഢമാകുക മാത്രമാണ് ചെയ്തത്. പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ ശേഷം ഇരുവരും നടത്തിയ ആലിംഗന ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ അക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വില്യംസൺ. ക്രിക്കറ്റിനെക്കാളും ഗാഢമാണ് തങ്ങൾ തമ്മിലുള്ള ബന്ധമെന്നാണ് 'ക്രിക്ബസി'നു നൽകിയ അഭിമുഖത്തിൽ വില്യംസൺ വ്യക്തമാക്കിയത്.

''അതൊരു വല്ലാത്ത മുഹൂർത്തമായിരുന്നു. എവിടെവച്ചാണെങ്കിലും ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. കളിയുടെ എല്ലാ ഫോർമാറ്റുകളിലും അവരൊരു അളവുകോൽ വച്ചിട്ടുണ്ട്. വിരാട് കോഹ്ലിയുമായുള്ള സൗഹൃദത്തിന് എത്രയോ വർഷത്തെ പഴക്കമുണ്ട്. അതൊരു മികച്ച അനുഭവമായിരുന്നു. പതിവിലും കവിഞ്ഞ ഒരു സൗഹൃദമാണതെന്ന് ഞങ്ങൾക്ക് അറിയാം. ഞങ്ങളുടെ സൗഹൃദവും ബന്ധവും ക്രിക്കറ്റിനെക്കാളും ഗാഢമാണ്. ഞങ്ങൾ രണ്ടുപേർക്കും അത് അറിയുകയും ചെയ്യും'' വില്യംസൺ കൂട്ടിച്ചേർത്തു.

റിസർവ് ദിനമായി ആറാം ദിവസത്തിലേക്ക് നീണ്ട ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഉയർത്തിയ 139 റൺസിന്റെ ടോട്ടൽ എട്ടു വിക്കറ്റിനു മറികടന്നാണ് ന്യൂസിലൻഡ് കിരീടമുയർത്തിയത്. അർധ സെഞ്ച്വറിയുമായി പുറത്താകാതെനിന്ന കെയ്ൻ വില്യംസൺ തന്നെയാണ് കിവീസ് വിജയം ഉറപ്പാക്കിയത്. എന്നാൽ, റോസ് ടെയ്‌ലർ വിജയറൺ കുറിച്ച ശേഷം അമിതാഹ്ലാദ പ്രകടനമൊന്നുമില്ലാതെ ന്യൂസിലൻഡ് നായകൻ നേരെ വിരാട് കോഹ്ലിയുടെ അടുത്ത് ചെന്ന് ആലിംഗനം ചെയ്തത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

TAGS :

Next Story