Quantcast

കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല; പെലെ പാലിയേറ്റീവ് കെയറില്‍

ചൊവ്വാഴ്ചയാണ് 82കാരനായ പെലെയെ അര്‍ബുദ പുനഃപരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    3 Dec 2022 4:22 PM GMT

കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല; പെലെ പാലിയേറ്റീവ് കെയറില്‍
X

സാവോപോളോ: കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് അര്‍ബുദ ബാധിതനായ ഫുട്ബോള്‍ ഇതിഹാസം പെലെയെ സാന്ത്വന പരിചരണ വിഭാഗത്തിലേക്ക് മാറ്റി. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് പെലെ. ചൊവ്വാഴ്ചയാണ് 82കാരനായ പെലെയെ അര്‍ബുദ പുനഃപരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

"മെഡിക്കൽ മൂല്യനിർണയത്തിന് ശേഷം, പെലെയെ ഒരു സാധാരണ മുറിയിലേക്ക് കൊണ്ടുപോയി, ഒരു അർധ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല." ബുധനാഴ്ച ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. പെലെയുടെ ആരോഗ്യനിലയെക്കുറിച്ച് ആശ്ചര്യപ്പെടേണ്ടതില്ലെന്ന് അദ്ദേഹത്തിന്‍റെ മകള്‍ കെലി നാസിമെന്‍റോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 2021 സെപ്തംബറിലാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ട്യൂമര്‍ നീക്കം ചെയ്യാന്‍ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും പിന്നീട് ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 2019ൽ മൂത്രാശയത്തിലെ അണുബാധയെത്തുടർന്ന്​ താരത്തെ ഫ്രാൻസിലെ ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 92 മത്സരങ്ങളില്‍ നിന്നായി 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ അടിച്ചുകൂട്ടിയത്.

TAGS :

Next Story