Quantcast

പെപ് റോഡ്രിഗോയെ കരുതിയിരിക്കണം

സിറ്റിക്കെതിരെ ഏഴ് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ റോഡ്രിഗോയുടെ സമ്പാദ്യം നാല് ഗോളും ഒരു അസിസ്റ്റുമാണ്

MediaOne Logo

Web Desk

  • Published:

    11 Feb 2025 3:32 PM IST

പെപ് റോഡ്രിഗോയെ കരുതിയിരിക്കണം
X

''മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരങ്ങൾ ഓരോന്നും എനിക്ക് ഏറെ സ്‌പെഷ്യലായിരുന്നു. കരിയറിലെ അവിസ്മരണീയമായ രാത്രികൾ. അത്ഭുതങ്ങൾ വീണ്ടും ആവർത്തിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു''- ഗാർഡിയോളക്കെതിരെ ഇത്തിഹാദിൽ ഒരിക്കൽ കൂടി ബൂട്ട് കെട്ടിയിറങ്ങുന്നതിന് തൊട്ട് മുമ്പ് 24 കാരൻ റോഡ്രിഗോ ഗോസ് മനസ് തുറന്നു. കഴിഞ്ഞ നാല് സീസണുകളിൽ ചാമ്പ്യൻസ് ലീഗിന്റെ ഏതെങ്കിലും ഒരു നിർണായക ഘട്ടത്തിൽ റയലും സിറ്റിയും നേർക്കു നേർ വന്നിട്ടുണ്ട്. റയൽ മാഡ്രിഡിനെതിരായ പോരാട്ടങ്ങൾ ഇപ്പോൾ സിറ്റിക്ക് ഡെർബി കണക്കെയാണെന്നാണ് പെപ് ഗാർഡിയോള പറഞ്ഞു വച്ചത്.

2022 മെയ് അഞ്ച്. കമന്ററി ബോക്‌സിൽ നിന്ന് പീറ്റർ ഡ്രൂറിയുടെ ശബ്ദം ഇടമുറിയാതെ ഒഴുകിയ ആ രാത്രി റയൽ ആരാധകർ ഒരിക്കലും മറക്കാനിടയില്ല. ''ദേ പ്രേ ഫോര്‍ മിറാക്കിള്‍സ്, ആൻഡ് മിറാക്കിൾസ് അറൈവ്ഡ്''

ഗോള്‍ രഹിതമായൊഴുകിക്കൊണ്ടിരുന്നൊരു മത്സരത്തില്‍ കാര്‍ലോ ആഞ്ചലോട്ടി അന്ന് നടത്തിയ നിര്‍ണായകമായൊരു പരീക്ഷണമായിരുന്നു റോഡ്രിഗോ ഗോസ് എന്ന 21 കാരന്‍. അയാളെ കളത്തിലിറക്കാന്‍ കാര്‍ലോ പിന്‍വലിച്ചതാവട്ടെ റയല്‍ മധ്യനിരയിലെ മാന്ത്രികന്‍ ടോണി ക്രൂസിനേയും. ആ നീക്കം ചാമ്പ്യന്‍സ് ലീഗിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു തിരിച്ചുവരവിന്‍റെ തിരക്കഥയാണെന്ന് അപ്പോള്‍ ആരുമറിയുന്നുണ്ടായിരുന്നില്ല. 73ാം മിനിറ്റില്‍ റിയാദ് മെഹ്റസ് നേടിയ ഗോളില്‍ ലീഡുയര്‍ത്തിയ സിറ്റിക്ക് ഇനി പ്രതിരോധത്തിലെ വിടവുകള്‍ മാത്രമടച്ചാല്‍ ഫൈനല്‍ ബെര്‍ത്തുറപ്പിക്കാം. 85 ാം മിനിറ്റില്‍ മെഹ്റസിനെ പിന്‍വലിച്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടീന്യോയെ കളത്തിലിറക്കിയ പെപ്പിന്‍റെ പ്ലാനുകള്‍ കൃത്യമായിരുന്നു. എന്നാല്‍ കാര്‍ലോയുടെ കണക്കുകൂട്ടലുകള്‍ അതുക്കും മേലെയായിരുന്നു.

തോല്‍വിയുറപ്പിച്ച ഘട്ടങ്ങളില്‍ ഇഞ്ചുറി ടൈമിന് മുമ്പേ നിരാശയോടെ സ്റ്റേഡിയം വിടുന്ന ആരാധകരെ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ അന്നാരും കണ്ടില്ല. ലാസ്റ്റ് മിനിറ്റ് ത്രില്ലറില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം വരെ ഷെല്‍ഫിലെത്തിച്ച ആഞ്ചലോട്ടിയുടെ സംഘത്തെ റയല്‍ ആരാധകര്‍ അന്ധമായി വിശ്വസിച്ചു. കളിയുടെ 89 ആം മിനിറ്റ്. ബെര്‍ണബ്യൂ കാത്തിരുന്ന ആ അത്ഭുതം ഒടുക്കം അവതരിച്ചു. വലതുവിങ്ങില്‍ നിന്ന് കാമവിങ്ക നീട്ടിനല്‍കിയ പന്തിനെ വായുവിലുയര്‍ന്ന് പൊങ്ങി കരീം ബെന്‍സേമ ഗോള്‍മുഖത്തേക്ക് തിരിച്ചു. പിന്നില്‍ നിന്ന് ഡിഫന്‍റര്‍മാര്‍ക്കിടയിലൂടെ പാഞ്ഞെത്തിയ റോഡ്രിഗോ ഗോസ് മനോഹരമായതിനെ വലയിലേക്കും. മത്സരമവസാനിക്കാന്‍ ഇനി ആറു മിനിറ്റാണ് അവശേഷിക്കുന്നത്. റയല്‍ താരങ്ങള്‍ പന്തുമെടുത്ത് മൈതാന മധ്യത്തേക്കോടി. പന്ത് വീണ്ടുമുരുണ്ടു തുടങ്ങി.

കൃത്യമായി പറഞ്ഞാല്‍ 88 സെക്കന്‍റ്. റോഡ്രിഗോയുടെ അടുത്ത ഗോളിലേക്ക് രണ്ട് മിനിറ്റിന്‍റെ ദൂരം പോലുമുണ്ടായിരുന്നില്ല. വലതുവിങ്ങില്‍ നിന്ന് ഡാനി കാര്‍വഹാല്‍ നീട്ടി നല്‍കിയൊരു ക്രോസിനെ റോഡ്രിഗോ ഉയര്‍ന്നു പൊങ്ങി ഗോള്‍വലയിലേക്ക് തിരിച്ചു വിട്ടു. ഒന്നു പറന്നുയരാന്‍ പോലുമാവാതെ എഡേഴ്സണ്‍ കാഴ്ച്ചക്കാരനായി നിന്നു. പീറ്റര്‍ ഡ്രൂറി അലറി വിളിച്ചു. ''വേർ ഹാസ് ദാറ്റ് കം ഫ്രം.. ഹൗ ഡിഡ് ദാറ്റ് ഹാപ്പെൻ.. ബെദ്ലാം.. ബെര്‍ണബ്യൂ ബെത്ലാം..'' എക്സ്ട്രാ ടൈമില്‍ കാര്യങ്ങള്‍ ഒക്കെ റയലിന്‍റെ വരുതിയിലായിരുന്നു. അതേ സീസണ്‍ കലാശപ്പോരില്‍ ലിവര്‍പൂളിനെ തകര്‍ത്ത് ലോസ് ബ്ലാങ്കോസ് ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടുമ്പോള്‍ ബെര്‍ണബ്യൂവിലെ ഐതിഹാസിക തിരിച്ചുവരവ് ആ പടയോട്ടത്തിന് ഇന്ധനം പകര്‍ന്നു. അവിടുന്നിങ്ങോട്ട് മാഞ്ചസ്റ്റര്‍ സിറ്റി മുന്നിലെത്തുമ്പോഴോക്കെ റോഡ്രിഗോ പെപ്പിന്‍റെ നോട്ടപ്പുള്ളിയായിരുന്നു.

കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടറില്‍ സിറ്റി റയല്‍ പോരാട്ടം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ റോഡ്രിഗോ ഇരുപാദങ്ങളിലും വലകുലുക്കി. സിറ്റിക്കെതിരെ ഏഴ് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ റോഡ്രിഗോയുടെ സമ്പാദ്യം നാല് ഗോളും ഒരു അസിസ്റ്റുമാണ്. വിനീഷ്യസ് ജൂനിയറിനും സിറ്റിക്കെതിരെ മികച്ച റെക്കോര്‍ഡുകളാണുള്ളത്. രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുമാണ് പെപ്പിനെതിരായ പോരുകളില്‍ വിനീഷ്യസിന്‍റെ അക്കൌണ്ടിലുള്ളത്.

പ്ലേ ഓഫ് പോരാട്ടത്തിന് തൊട്ടു മുമ്പ് റയലിന്‍റെ മുന്നേറ്റ നിരയെ പിടിച്ചു കെട്ടാന്‍ പിടിപ്പത് പണിപ്പെടുമെന്ന് പെപ്പ് സമ്മതിച്ചു കഴിഞ്ഞു. ''എംബാപ്പെ, ബെല്ലിങ്ഹാം, വിനീഷ്യസ് , റോഡ്രിഗോ ഈ നാല് കളിക്കാരെ പിടിച്ചുകെട്ടാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരും.. കളി 90 മിനിറ്റ് കടന്നു പോയാലും എനിക്ക് ഒരുറപ്പും പറയാനാവില്ല''- ഗാര്‍ഡിയോള പറഞ്ഞു.

വിനീഷ്യസിന് ബാലൻദ്യോർ നൽകാത്തതിൽ പ്രതിഷേധിച്ച് പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിച്ച റയലിനോട് പ്രതികാര ദാഹമുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പെപ്പിന്റ മറുപടി ഇങ്ങനെ. ''റോഡ്രി ബാലൻ ഡിയോർ നേടിയതിൽ ഏറെ സന്തോഷമുണ്ട്. വിനീഷ്യസിനും പോയ വർഷം ഏറെ മികച്ചതായിരുന്നു. ക്രിസ്റ്റിയാനോയും മെസ്സിയും തമ്മിൽ ഈ പുരസ്‌കാര വേദിയില്‍ വര്‍ഷങ്ങളോളം പോരടിച്ചിട്ടില്ലേ. അത് പോലെയേ ഞാനിതിനെ കണ്ടിട്ടുള്ളൂ''. ഏതായാലും വലിയ പ്രതിസന്ധിക്കാലങ്ങളിലൂടെ കടന്ന് പോവുന്ന റയലിനും സിറ്റിക്കും ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ജീവന്മരണ പോരാട്ടം തന്നെയാണ്.

TAGS :

Next Story