Quantcast

''കിരീടത്തിനായാണ് മത്സരം, കഴിഞ്ഞ 10 വർഷമായി ആരാധകർ ഞങ്ങളെ സ്നേഹിക്കുന്നു... അവർക്കായി പോരാടും'' - പ്രീതം കോട്ടാല്‍

''തീർച്ചയായും നിങ്ങൾ സ്റ്റേഡിയത്തിലേക്ക് വരണം.. അവിടെ ഞങ്ങൾ നിങ്ങൾക്കായി പോരാടും''- പ്രീതം കോട്ടാല്‍

MediaOne Logo

Web Desk

  • Published:

    20 Sep 2023 4:08 AM GMT

pritam kotal, kerala blasters, isl season, isl2023
X

പ്രീതം കോട്ടാല്‍

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പത്താം സീസണിന് നാളെ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്.സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ബെംഗളൂരുവുമായുള്ള മത്സരം കേരളത്തെ സംബന്ധിച്ച് വൈകാരികമായ ഒന്നായിരിക്കും.

കാരണം, കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നോക്കൌട്ട് റൌണ്ടില്‍ ഛേത്രിയുടെ വിവാദ ഫ്രീ കിക്കിന്‍റെ ഗോളിന്‍റെ പേരില്‍ ബെംഗളൂരുവുമായുള്ള മത്സരം ബ്ലാസ്റ്റേഴ്‌സ് ബഹിഷ്‌കരിച്ചിരുന്നു. ഇഞ്ച്വറി ടൈമിലായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിനെതിരെ പ്രതിഷേധിച്ചിട്ടും റഫറി തീരുമാനം മാറ്റാത്തതിനെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വുക്മനോവിച്ച് താരങ്ങളെയും കൊണ്ട് മത്സരത്തില്‍ നിന്ന് വാക്കൌട്ട് ചെയ്തിരുന്നു. ചേത്രിയുടെ ഗോളും ബ്ലാസ്റ്റേഴ്സിന്‍റെ വാക്കൌട്ടും എല്ലാം കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ വലിയ ചര്‍ച്ചയായിരുന്നു.

അതിന് ശേഷം സൂപ്പര്‍ കപ്പിലാണ് ബെംഗളൂരുവും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ ഏറ്റുമുട്ടുന്നത്. അന്ന് ഓരോ ഗോള്‍ വീതമടിച്ച് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു. അതുകൊണ്ട് തന്നെ നാളെ കേരളത്തിന്‍റെ സ്വന്തം ഹോംഗ്രൌണ്ടില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ തീപാറുമെന്ന് ഉറപ്പാണ്.

നാളെ ബെംഗളുരൂവിനെ നേരിടാന്‍ പോകുന്ന ബ്ലാസ്റ്റേഴ്സിന്‍റെ സീസണിലെ കിരീടപ്രതീക്ഷകള്‍ മീഡിയവണുമായി പങ്കുവെച്ചിരിക്കുകയാണ് പ്രതിരോധ താരം പ്രീതം കോട്ടാല്‍. മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ആരാധകർക്കായി ഇത്തവണ നേടുകയാണ് ലക്ഷ്യമെന്ന് പ്രീതം കോട്ടാൽ.

ഒരു ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് മികച്ച സംഘമാണ്. കൊച്ചിയിലെ ആരാധകർക്ക് വേണ്ടി കളിക്കാൻ കാത്തിരിക്കുകയാണ് എന്നും പ്രീതം കോട്ടാൽ പറഞ്ഞു. ''പുതിയ സീസൺ നന്നായി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു വേണ്ടി ഒരുങ്ങി കഴിഞ്ഞു. ഞാൻ എപ്പോഴും വെല്ലുവിളികൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ബ്ലാസ്റ്റേഴ്സിൽ എത്തിയതും അത്തരം ഒരു തീരുമാനത്തിന്‍റെ ഭാഗമാണ്. എനിക്കറിയാം എന്‍റെ ജീവിതത്തിലെ ഏറ്റവും കടുത്ത വെല്ലുവിളിയാണ് ഇത്. ചിലപ്പോഴൊക്കെ നമ്മൾ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കണം...'' പ്രീതം കോട്ടാല്‍ പറഞ്ഞു.

''സന്തുലിതമായ ടീമാണ് സീസണിൽ ബ്ലാസ്റ്റേഴ്സിനുള്ളത്. പരിചയസമ്പത്തുള്ളവരും യുവതാരങ്ങളും നല്ല വിദേശ കളിക്കാരും ഈ സീസണിൽ ടീമിലുണ്ട്. കിരീടത്തിനായി മത്സരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 10 വർഷമായി ആരാധകർ ഞങ്ങളെ സ്നേഹിക്കുന്നു. അവർക്കായി ഞങ്ങൾ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. തീർച്ചയായും നിങ്ങൾ സ്റ്റേഡിയത്തിലേക്ക് വരണം.. അവിടെ ഞങ്ങൾ നിങ്ങൾക്കായി പോരാടും'' പ്രീതം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story