Quantcast

അഞ്ച് വിക്കറ്റിന് 248, യശസ്വിയുടെ ചിറകില്‍ മുംബൈ; രഞ്ജി ഫൈനലില്‍ ആദ്യ ദിനം ഭേദപ്പെട്ട സ്കോര്‍

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.

MediaOne Logo

Web Desk

  • Published:

    22 Jun 2022 1:27 PM GMT

അഞ്ച് വിക്കറ്റിന് 248, യശസ്വിയുടെ ചിറകില്‍ മുംബൈ; രഞ്ജി ഫൈനലില്‍ ആദ്യ ദിനം ഭേദപ്പെട്ട സ്കോര്‍
X

രഞ്ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ ആദ്യ ദിനം മുംബൈക്ക് ഭേദപ്പെട്ട സ്കോര്‍. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 248 റൺസെന്ന നിലയിലാണ് മുംബൈ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. മിന്നും ഫോമിലുള്ള യശസ്വി ജൈസ്വാളും പൃഥ്വി ഷായും ചേര്‍ന്ന് നല്‍കിയ തകര്‍പ്പന്‍ തുടക്കം പക്ഷേ മധ്യനിരക്ക് മുതലാക്കാനായില്ല.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 87 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കി. 47 റൺസ് നേടിയ പൃഥ്വി ഷായെ അനുഭവ് അഗര്‍വാള്‍ പുറത്താക്കിയതോടെയാണ് ഇരുവരുടേയും പാര്‍ട്ണര്‍ഷിപ്പ് പിരിയുന്നത്. പിന്നാലെ എത്തിയ അര്‍മാന്‍ ജാഫറും മികച്ച പ്രകടം പുറത്തെടുത്തെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ടീം സ്കോര്‍ 120 ല്‍ നില്‍ക്കുമ്പോള്‍ കുമാര്‍ കാര്‍ത്തികേയ അര്‍മാനെ യാഷ് ദുബെയുടെ കൈകളിലെത്തിച്ചു. 26 റണ്‍സായിരുന്നു അര്‍മാന്‍ ജാഫറിന്‍റെ സമ്പാദ്യം.

ബ്രേക് ത്രൂ വീണതോടെ മധ്യപ്രദേശ് ബൌളര്‍മാര്‍ വീണ്ടും ഊര്‍ജസ്വലരായി. നാലാമനായി എത്തിയ സുവേദ് പര്‍ക്കറെ നിലയുറപ്പിക്കും മുന്‍പ് സരന്‍ഷ് ജൈന്‍ മടക്കി. ടീം സ്കോര്‍ 147ന് മൂന്ന്. മുംബൈ ഒന്നു പകച്ചെങ്കിലും ജൈസ്വാളും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് ടീമിനെ നയിച്ചു. ജൈസ്വാള്‍ സെഞ്ച്വറി നേടുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ വീണ്ടും അനുഭവ് അഗര്‍വാള്‍ എത്തി. വ്യക്തിഗത സ്കോര്‍ 78 ല്‍ നില്‍ക്കെ ജൈസ്വാളിനെ യാഷ് ദുബൈയുടെ കൈകളിലെത്തിച്ചു, മധ്യപ്രദേശിന് വീണ്ടും ആശ്വാസ വിക്കറ്റ്.

തകര്‍ച്ച നേരിട്ടേക്കുമെന്ന് തോന്നിച്ചിടത്തുനിന്ന് ഹാര്‍ദിക് തമോറെയും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് നല്ലൊരു കൂട്ടുകെട്ടുമായി മുന്നേറി. പക്ഷേ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടിനരികെ ഹാര്‍ദിക് വീണു. 24 റണ്‍സെടുത്ത ഹാര്‍ദികിനെ സാരാന്‍ഷ് ജെയിനാണ് വീഴ്ത്തിയത്. ആദ്യ ദിനം സ്റ്റമ്പ്സെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന നിലയിലാണ് മുംബൈ. 40 റണ്‍സുമായി സര്‍ഫ്രാസ് ഖാനും 12 റണ്‍സുമായി ഷംസ് മുലാനിയുമാണ് ക്രീസില്‍.

TAGS :

Next Story