Quantcast

'ധോണിക്ക് കൈകൊടുക്കാനുള്ള മാന്യത കാണിക്കണമായിരുന്നു'; ആർ.സി.ബി താരങ്ങള്‍ക്കെതിരെ ബോഗ്ലേയും വോനും

ബംഗളൂരു താരങ്ങൾക്ക് മത്സര ശേഷം ധോണി കൈകൊടുക്കാതിരുന്നതും ആരാധകർക്കിടയിൽ വലിയ ചർച്ചയായി

MediaOne Logo

Web Desk

  • Updated:

    2024-05-19 10:30:20.0

Published:

19 May 2024 10:18 AM GMT

ms dhoni
X

ms dhoni 

ചിന്ന സ്വാമി സ്‌റ്റേഡിയത്തിൽ ഇന്നലെ അരങ്ങേറിയ ആവേശപ്പോരിൽ ചെെൈന്നയെ 27 റണ്ണിന് തകർത്താണ് ബംഗളൂരു പ്ലേ ഓഫിൽ പ്രവേശിച്ചത്. 18 റണ്ണിനെങ്കിലും ചെന്നൈയെ തകർക്കണം എന്നിരിക്കേയാണ് അവസാന ഓവറിൽ യാഷ് ദയാലിന്റെ മിന്നും പ്രകടനത്തിന്റെ മികവിൽ ബംഗളൂരു വിജയവും പ്ലേ ഓഫും പിടിച്ച് വാങ്ങിയത്. അവസാന ഓവർ എറിഞ്ഞ യാഷിന്റെ ആദ്യ പന്ത് ഒരു പടുകൂറ്റൻ സിക്‌സർ പറത്തിയ എം.എസ് ധോണി ചെന്നൈ ആരാധകർക്ക് വിജയ പ്രതീക്ഷ നൽകിയെങ്കിലും അടുത്ത പന്തിൽ പുറത്തായി.

ഐ.പി.എല്‍ ഈ സീസണ് ശേഷം ധോണി വിരമിക്കുമെന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ സജീവമാണ് ഇപ്പോൾ. അതിനാൽ തന്നെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായാൽ ഇത് ധോണിയുടെ അവസാന മത്സരമാവും എന്ന രീതിയിൽ കളിക്ക് മുമ്പേ ആരാധകർ പറഞ്ഞ് തുടങ്ങിയിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ നായകരിൽ ഒരാളായ ധോണി പുറത്തായി മടങ്ങുമ്പോൾ ആ.ർ.സി ബി താരങ്ങൾ ആരും അദ്ദേഹത്തിന് കൈകൊടുക്കാതിരുന്നത് മുൻ ഇംഗ്ലീഷ് താരം മൈക്കൽ വോനേയും കമന്റേറ്റർ ഹർഷാ ബോഗ്ലേയേയും ചൊടിപ്പിച്ചു. ആർ.സി.ബി താരങ്ങൾ ആഘോഷങ്ങൾക്കിടയില്‍ ക്രിക്കറ്റിലെ മാന്യത കൈവിട്ടു എന്നായിരുന്നു ഇരുവരുടേയും പ്രതികരണം.

'ലോകകപ്പ് ജയിച്ചാൽ പോലും നിങ്ങൾ എതിരാളികൾക്ക് കൈകൊടുക്കണം. ഈ കളിയെ മനോഹരമാക്കുന്ന ഏറ്റവും മികച്ച കാര്യമാണത്. ഈ മൈതാനത്തോടെ ഞങ്ങൾക്കിടയിലെ ശത്രുത അവസാനിച്ചു എന്നാണ് അത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സരത്തിൽ ഞങ്ങൾ അണുവിട പോലും വിട്ട് നൽകിയില്ല. എന്നാൽ കളിയവസാനിക്കുമ്പോൾ അതെല്ലാം നിങ്ങൾ മറക്കണം'- ബോഗ്ലേ പറഞ്ഞു.

'ഇത് ധോണിയുടെ അവസാന മത്സരമാണോ എന്ന് നമുക്കറിയില്ല. എന്നാൽ നിങ്ങളാ ആഘോഷം നടത്തുന്ന സമയത്ത് ധോണിക്ക് കൈകൊടുക്കാനുള്ള മാന്യത കാണിക്കണമായിരുന്നു. എം.എസ്.ധോണി വിരമിക്കൽ പ്രഖ്യാപിച്ചു എന്ന് കേട്ട് നാളെ ഉണരുന്ന ഒരു ആർ.സി.ബി കളിക്കാരനാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല'- മൈക്കില്‍ വോൻ പറഞ്ഞു.

അതേ സമയം ആർ.സി.ബി താരങ്ങൾക്ക് മത്സര ശേഷം ധോണി കൈകൊടുക്കാതിരുന്നതും ആരാധകർക്കിടയിൽ ചർച്ചയായി. ചെന്നൈ താരങ്ങൾക്കൊപ്പം ധോണി മൈതാനത്ത് കാത്ത് നിൽക്കുമ്പോൾ ആർ.സി.ബി താരങ്ങൾ ആഘോഷങ്ങളിലായിരുന്നു. ഇത് കണ്ട എം.എസ്.ഡി ബംഗളൂരു കോച്ചിങ് സ്റ്റാഫുകൾക്ക് മാത്രം കൈകൊടുത്ത് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

TAGS :

Next Story