വാഴ്ത്തിപ്പാടാന്‍ ആര്‍മിയൊന്നുമില്ല... ഒറ്റക്ക് വഴിവെട്ടിവന്നവന്‍ സുദര്‍ശന്‍
ഐ.പി.എൽ ഈ സീസണിൽ 400 റൺസ് പിന്നിട്ട ആദ്യ ബാറ്റർ സുദർശനാണ്

എട്ട് മത്സരങ്ങൾ. അഞ്ച് അർധ സെഞ്ച്വറികൾ. ഐ.പി.എൽ 18ാം സീസൺ പാതിവഴി പിന്നിടുമ്പോൾ ഓറഞ്ച് ക്യാപ്പ് ഇപ്പോള്‍ സായ് സുദർശനെന്ന 23 കാരൻ പയ്യന്റെ തലയിലാണ്. പുറകിൽ നിക്കോളാസ് പൂരൻ മുതൽ വിരാട് കോഹ്ലി വരെ ലോക ക്രിക്കറ്റിലെ വൻമരങ്ങൾ പലരുമുണ്ട്. സീസണിൽ എട്ട് മത്സരങ്ങളിൽ ആറ് ജയവുമായി പോയിന്‍റ് ടേബിളിന്റെ തലപ്പത്ത് നിൽക്കുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ പടയോട്ടങ്ങളിലെ പ്രധാന ചാലകശക്തിയാണീ തമിഴ്‌നാട്ടുകാരൻ. 2022 ൽ വെറും 20 ലക്ഷം രൂപക്ക് ഗുജറാത്ത് തട്ടകത്തിലെത്തിച്ചതാണ് സുദർശനെ. ഇക്കുറി മെഗാ താരലേലത്തിന് മുമ്പ് ഗുജറാത്ത് നിലനിർത്തിയ അഞ്ച് താരങ്ങളിൽ ഒരാൾ സുദർശനായിരുന്നു. അതും ചില്ലറ തുകക്കൊന്നുമല്ല. 8.5 കോടി എന്ന വലിയ സംഖ്യ മുടക്കി തന്നെ.
ഐ.പി.എല്ലിൽ കൺസിസ്റ്റൻസി എന്ന പദത്തിന്റെ പര്യായ പദമാണിപ്പോൾ സായ് സുദർശൻ. ടി20 ക്രിക്കറ്റിൽ കൂറ്റനടിക്കാർക്കേ പ്രസക്തിയുള്ളൂ എന്ന അലിഖിത നിയമമൊക്കെ പൊളിച്ച് ക്ലാസിക് ക്രിക്കറ്റ് കൊണ്ട് ഗുജറാത്ത് നിരയിലെ അനിഷേധ്യ സാന്നിധ്യമായി മാറിയവൻ. യങ് ടാലന്റുകൾ പലരും മൈതാനങ്ങളെ പടുകൂറ്റനടികൾ കൊണ്ട് ത്രസിപ്പിക്കുമ്പോൾ കാം ക്രിക്കറ്റ് കൊണ്ട് കളം നിറഞ്ഞ് ടീമിന്റെ നെടുംതൂണായി മാറിയവൻ.
'ദ ഹയ്യർ ദ റിസ്‌ക്‌സ്, ദ ഹയ്യർ ദ റിവാർഡ്‌സ്' എന്നാണല്ലോ. ടി20 ക്രിക്കറ്റിൽ പവർപ്ലേ ഓവറുകളിൽ സമ്മർദങ്ങൾക്കൊന്നും പിടികൊടുക്കാതെ സധീരം ബാറ്റ് വീശുന്നവരേ വാർത്തകളിലുണ്ടാവാറുള്ളൂ. ഗാലറി തൊട്ട സിക്‌സുകളുടെ എണ്ണവും റൺറേറ്റുമൊക്കെ തലക്കെട്ടുകളെ നിർണയിക്കും. എന്നാൽ സുദർശൻ നേരത്തേ എഴുതിത്തയ്യാറാക്കി വച്ച ഈ തിരക്കഥകളെയൊക്കെ തിരുത്തിയെഴുതി. പയ്യെത്തുടങ്ങി കളിയുടെ ടെംപോയെ വരുതിയിലാക്കി പിന്നെ എരിഞ്ഞു കത്തി കളംപിടിക്കുക. അതാണയാളുടെ ക്രിക്കറ്റ് ഫിലോസഫി.
ഇന്നലെ കൊൽക്കത്തക്കെത്തിരായ മത്സരം നോക്കൂ. ഗുജറാത്ത് ഇന്നിങ്‌സിലെ ആദ്യ സിക്‌സർ പറന്നത് പവർപ്ലേക്ക് ശേഷമുള്ള ആദ്യ പന്തിലാണ്. ആദ്യ ആറോവറുകറളിൽ ഗുജറാത്ത് സ്‌കോർബോർഡിലുണ്ടായിരുന്നത് വെറും 45 റൺസ്. എന്നാൽ ഇന്നിങ്‌സ് അവസാനിക്കുമ്പോൾ സ്‌കോർബോർഡിൽ അവർ 198 റൺസ് ചേർത്ത് കഴിഞ്ഞിരുന്നു. 36 പന്തിൽ 52 റൺസാണ് സുദർശൻ അടിച്ചെടുത്തത്. ഒരു സിക്‌സും ആറ് ഫോറും അയാളുടെ ബാറ്റിൽ നിന്ന് പ്രവഹിച്ചു.
'ഫൗണ്ടേഷൻ ആൾവേസ് കംസ് ഫസ്റ്റ്' എന്നതാണ് ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയമന്ത്രം. ക്രിക്കറ്റിന്റെ ഈ പഴഞ്ചൻ രീതിരാസ്ത്രം കൊണ്ട് നിങ്ങളെത്ര കാലം മുന്നോട്ട് പോവുമെന്ന് വിമർശകർ ചോദ്യമുയർത്തുമ്പോഴും ഇതേ രീതി ശാസ്ത്രം കൊണ്ട് ഗുജറാത്ത് റിസൾട്ടുകളുണ്ടാക്കുന്നുണ്ട് എന്ന കാര്യം മറക്കരുത്. പവർപ്ലേയിൽ അധികം വിക്കറ്റുകൾ വീഴാതിരിക്കുക. മൂന്നാം നമ്പർ മുതൽ കളത്തിലിറങ്ങാനിരിക്കുന്ന ജോസ് ബട്‌ലറക്കമുള്ള കൂറ്റനടിക്കാർക്ക് സമ്മർദമേതുമില്ലാതെ കളംനിറയാൻ അവസരം നൽകുക. ആദ്യ ഓവർ മുതൽ തന്നെ അഗ്രസീവ് സ്‌ട്രോക്കുകൾ അനിവാര്യമാണെന്ന ടി20 ക്രിക്കറ്റിലെ അലിഖിത നിയമമൊക്കെ ഗുജറാത്ത് എന്നോ പൊളിച്ച് കഴിഞ്ഞു. സായ് സുദർശനടക്കമുള്ള ടീമിലെ നെടുതൂണുകൾ അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റൈറ്റുള്ളവരൊന്നുമല്ല. എന്നാൽ കളിയുടെ ഫലങ്ങളിൽ ഇവരുടെ ഇന്നിങ്‌സ്‌കൾ നിർണായക റോൾ വഹിക്കുന്നുണ്ട് എന്ന കാര്യം തീർച്ചയാണ്.
ഐ.പി.എൽ ഈ സീസണിൽ 400 റൺസ് പിന്നിട്ട ആദ്യ ബാറ്റർ സുദർശനാണ്. 52.12 ആണ് താരത്തിന്റെ ബാറ്റിങ് ആവറേജ്. 152.19 ആണ് സ്‌ട്രൈക്ക് റൈറ്റ്. കരുതലോടെ കളിക്കുമ്പോഴും ഈ സ്‌ട്രൈക്ക് റൈറ്റ് അത്ര മോശമല്ലെന്ന് തന്നെ പറയേണ്ടി വരും. സുദർശൻ ഏത് ഫോർമാറ്റിലും ഇന്ത്യൻ ജഴ്‌സിയണിയാൻ കെൽപുള്ള താരമാണെന്ന് അടുത്തിടെ രവി ശാസ്ത്രി പറഞ്ഞത് കൂടെ ഇതിനൊപ്പം ചേർത്ത് വായിക്കണം. വൺസീസൺ വണ്ടറുകൾ പലരും ഐ.പി.എല്ലിന്റെ ചരിത്രം കണ്ടിട്ടുണ്ടെങ്കിലും കൺസിസ്റ്റന്റായി മൂന്നോ അതിലധികമോ സീസണുകളില്‍ ഒരു ടീമിന്റെ നെടും തൂണായി മാറിയ യുവതാരങ്ങൾ വിരളമാണ്.
2023 മുതലാണ് സുദർശൻ ക്രിക്കറ്റ് സർക്കിളുകളിലെ ചർച്ചകളിൽ നിറഞ്ഞ് തുടങ്ങുന്നത്. ഗുജറാത്ത് ടൈറ്റൻസ് തുടർച്ചയായി രണ്ടാം സീസണിലും ഫൈനലിലേക്ക് മാർച്ച് ചെയ്യുമ്പോള്‍ 8 മത്സരങ്ങളിൽ 362 റൺസായിരുന്നു സുദർശന്റെ സംഭാവന. കലാശപ്പോരിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 47 പന്തിൽ നേടിയ 97 റൺസ് അവിസ്മരണീയമായൊരു ഇന്നിങ്‌സായിരുന്നു. അന്ന് ഗുജറാത്ത് പരാജയമേറ്റു വാങ്ങിയെങ്കിലും സായ് ആരാധകരുടേയും ക്രിക്കറ്റ് പണ്ഡിറ്റുകളുടേയും കയ്യടി നേടി. 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ടോപ് സ്‌കോറർ സുദർശനായിരുന്നു. 47.9 ബാറ്റിങ് ആവറേജിൽ 527 റൺസാണ് താരം അടിച്ചെടുത്തത്. രണ്ട് അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും അക്കൗണ്ടിൽ ചേർത്തു സുദർശൻ.
2025 ലെത്തുമ്പോൾ ഗുജറാത്തിന്റെ നീലക്കുപ്പായത്തിൽ അയാൾ തന്റെ ഫോം തുടരുന്നു. അടുത്തിടെ മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് സുദർശന് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ തുറക്കുന്ന കാലം വിദൂരത്തല്ലെന്ന് പറഞ്ഞു വക്കുന്നുണ്ട്. 'ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഇത്ര കൺസിസ്റ്റന്റായി ബാറ്റ് വീശുന്നൊരു താരത്തെ ഞാൻ കണ്ടിട്ടില്ല. സമീപകാലത്തെ അയാളുടെ പ്രകടനങ്ങൾ നോക്കൂ. ദുലീപ് ട്രോഫിയിൽ സെഞ്ച്വറി, രഞ്ജിയിൽ ഡബിൾ സെഞ്ച്വറി. ആസ്‌ത്രേലിയക്കെതിരെ ഇന്ത്യ എ ടീമിനായി സെഞ്ച്വറി. റെഡ് ബോൾ ഫോർമാറ്റിൽ നിർബന്ധമായും പരിഗണിക്കേണ്ട താരമാണ് സുദർശൻ.'- പ്രസാദ് പറഞ്ഞു.
2023 ൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച സുദർശൻ അന്ന് തന്നെ തന്റെ വരവറിയിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ട് അർധ സെഞ്ച്വറികളാണ് താരം തന്റെ പേരിൽ എഴുതിച്ചേര്‍ത്തത്. 63.5 ആവറേജിൽ 127 റൺസ് തന്റെ പ്രഥമ സീരീസിൽ തന്നെ താരം അക്കൗണ്ടിൽ ചേർത്തു. അതിവിദൂര ഭാവിയില്‍ തന്നെ ക്രിക്കറ്റിന്‍റെ മുഴുവന്‍ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ജഴ്സിയില്‍ സുദര്‍ശനെ കാണാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് ആരാധകര്‍.
Adjust Story Font
16

