സാനിയ-ശുഐബ് വേർപിരിയൽ സ്ഥിരീകരിച്ച് സുഹൃത്ത്; നിയമനടപടിക്രമങ്ങൾക്കു ശേഷം പ്രഖ്യാപനമെന്ന് റിപ്പോർട്ട്

മകൻ ഇഷാൻ നിലവിൽ സാനിയയ്‌ക്കൊപ്പം ദുബൈയിലാണുള്ളത്

MediaOne Logo

Web Desk

  • Updated:

    2022-11-12 03:52:54.0

Published:

12 Nov 2022 3:52 AM GMT

സാനിയ-ശുഐബ് വേർപിരിയൽ സ്ഥിരീകരിച്ച് സുഹൃത്ത്; നിയമനടപടിക്രമങ്ങൾക്കു ശേഷം പ്രഖ്യാപനമെന്ന് റിപ്പോർട്ട്
X

ഇസ്‍ലാമാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വേർപിരിയുന്നതായുള്ള അഭ്യൂഹങ്ങൾ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമാണ്. നിയമനടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിവാഹബന്ധത്തിൽനിന്ന് വേർപിരിയാൻ ഇരുവരും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, നിയമപരമായ നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനുശേഷമായിരിക്കും ഔദ്യോഗികമായ സ്ഥിരീകരണമുണ്ടാകുകയെന്നാണ് താരദമ്പതികളുമായി അടുത്ത ബന്ധമുള്ള ഒരാളെ ഉദ്ധരിച്ച് പാക് മാധ്യമമായ 'ജിയോ ടി.വി' റിപ്പോർട്ട് ചെയ്തത്.

ഏറെ നാളായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്. അതേസമയം, നാലു വയസ് പ്രായമായ മകൻ ഇഷാനെ ഒരുമിച്ച് വളർത്താനും ഇരുവരും ധാരണയായിട്ടുണ്ടെന്നും സുഹൃത്ത് വെളിപ്പെടുത്തി. ഇഷാൻ നിലവിൽ ദുബൈയിൽ സാനിയയ്‌ക്കൊപ്പമാണ് കഴിയുന്നത്.

സംശയമുണർത്തുന്ന തരത്തിലുള്ള സാനിയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കു പിന്നാലെയാണ് ഇരുവരും വേർപിരിഞ്ഞതായുള്ള തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും സ്റ്റോറിയും ചർച്ചകൾക്കിടയാക്കിയിരുന്നു. 'തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ' എന്നായിരുന്നു സാനിയയുടെ ചർച്ചയായ ഇൻസ്റ്റഗ്രാം സ്റ്റോറി. ദിവസങ്ങൾക്കുമുൻപ് മകൻ ഇഷാനൊപ്പമുള്ള ചിത്രം പങ്കുവച്ചും സൂചനകൾ നൽകിയിരുന്നു താരം. കഠിനമായ ദിനങ്ങളിൽ മുന്നോട്ടുപോകാൻ സഹായിക്കുന്ന നിമിഷങ്ങൾ എന്ന അടിക്കുറിപ്പായിരുന്നു കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ചേർത്തിരുന്നത്.

മാനസികമായി തളർന്നിരിക്കുകയാണെന്നും പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ദിവസങ്ങൾക്കുമുൻപും സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, ദൈവത്തെ വിശ്വസിക്കണമെന്നും ഏറ്റവും നല്ല മാർഗത്തിലൂടെ അവൻ നമ്മെ നയിക്കുമെന്നും സാനിയ കുറിച്ചു.

''നിന്റെ ആത്മാവ് തളർന്നിരിക്കുകയാണെന്ന് അല്ലാഹുവിന് അറിയാം. ഇപ്പോൾ കടന്നുപോകുന്നതെല്ലാം നിനക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നും നീ ചോദിച്ചുകൊണ്ടിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും അവന് അറിയാം. നീ ആശയക്കുഴപ്പത്തിലാണ്, സമാധാനം അന്വേഷിക്കുകയാണെന്നെല്ലാം അവന്റെ അറിവിലുണ്ട്. എന്നാൽ, നിനക്ക് ഏറ്റവും നല്ലതെന്താണെന്ന അറിവും അവനുണ്ട്. ആ ദിശയിലേക്ക് അവൻ നിന്നെ എപ്പോഴും നയിക്കും. അവനെ വിശ്വസിക്കുക.''-ഇൻസ്റ്റ സ്റ്റോറിയിൽ സാനിയ കുറിച്ചു.

മറ്റൊരു സ്റ്റോറിയിൽ സ്വന്തമായുള്ള ഇടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും താരം സൂചിപ്പിച്ചു. ''നമ്മൾ എല്ലാവരെയും പോലെ ചിലപ്പോൾ ഒരു പ്രത്യേക ഇടം അവളും തേടുന്നുണ്ട്. നമ്മൾ നിശബ്ദമായിരിക്കുന്ന, പുറംലോകത്തെ ബഹളങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന ഒരിടം. അവിടെ നമുക്ക് സ്വന്തം ആത്മാവിന്റെ മന്ത്രങ്ങൾ കേൾക്കാനാകും.''-സാനിയ സൂചിപ്പിച്ചു.

2010ലാണ് സാനിയയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വിവാഹിതരാകുന്നത്. 2018ൽ ഇവർക്ക് ഒരു ആൺകുഞ്ഞും പിറന്നു. കഴിഞ്ഞയാഴ്ച ദുബൈയിൽ വച്ചാണ് സാനിയയും ശുഐബ് മാലിക്കും ഇഷാന്റെ നാലാം ജന്മദിനം ആഘോഷിച്ചത്.

ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ശുഐബ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെയും ആരാധകർ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. നമ്മൾ ഒരുമിച്ചല്ലെങ്കിലും എന്നും കണ്ടുമുട്ടുന്നില്ലെങ്കിലും ബാബ എപ്പോഴും നിന്നെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നായിരുന്നു കുറിച്ച്. അതേസമയം, ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളൊന്നും സാനിയ പങ്കുവച്ചിട്ടില്ല.

Summary: Tennis star Sania Mirza and Pakistani cricketer Shoaib Malik might make an official divorce announcement after resolving legal complications, Pakistan-based Geo News reports

TAGS :

Next Story