Quantcast

സൗദിയുടെ കണ്ണ് ചാമ്പ്യൻസ് ലീഗിലേക്ക്, നടക്കില്ലെന്ന് യുവേഫ; കണ്ടറിയണം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്...!

2025ലെ ചാമ്പ്യൻസ് ലീഗ് പ്രവേശനത്തിനുള്ള സാധ്യതകള്‍ കണക്കുകൂട്ടിക്കൊണ്ടിരിക്കുന്ന സൗദിക്ക് പക്ഷേ അത്ര ശുഭകരമായ വാര്‍ത്തകളല്ല യൂറോപ്പില്‍ നിന്ന് വരുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-09-01 13:24:28.0

Published:

1 Sep 2023 1:00 PM GMT

Saudi Pro League, Uefa president, Aleksander Ceferin, saudi football, christiano ronaldo, uefa, champions league
X

ഫുട്ബോള്‍ ലോകത്ത് വന്‍ ശക്തിയായി വളരാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. സൗദി പ്രോ ലീഗിലേക്ക് സൂപ്പര്‍താരങ്ങളെ കൊണ്ടുവരുന്നതിലൂടെ ഫുട്ബോളിന് കൂടുതൽ ജനപ്രീതിയുണ്ടാക്കുന്നതിനുള്ള നീക്കമാണ് അസോസിയേഷൻ നടത്തുന്നത്. പോർച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിലേക്കും ​ഫ്രാൻസിന്‍റെ കരീം ബെൻസേമ അൽ ഇത്തിഹാദിലേക്കും ബ്രസീല്‍ താരം നെയ്മർ അൽ ഹിലാലിലേക്കും എത്തിയതോടെ സൗദി അറേബ്യ ലോക ഫുട്ബോളിന്‍റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. വൻ തുക നൽകിയാണ് യുറോപ്പിലെ വമ്പൻമാരെ സൗദി ക്ലബുകൾ ടീമിലേക്ക് എത്തിച്ചത്. സൂപ്പര്‍ താരങ്ങള്‍ക്കായി സൗദി മുടക്കുന്ന റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ ഫീയും കായികലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

അതേസമയം പ്രോ ലീഗിലൂടെ കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച്, സൗദി ക്ലബുകളെ ഫുട്ബോള്‍ ലോകത്ത് മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരികയാണ് സൗദി അറേബ്യയുടെ ലക്ഷ്യം. അതിന്‍റെ ഭാഗമായി ആണ് യുവേഫ ചാമ്പ്യൻസ് ലീഗിലേക്കുള്ള പ്രവേശനവും സൗദി ലക്ഷ്യമിടുന്നത്. സൗദി പ്രോ ലീഗിലെ ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ കളിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ സൗദി സജീവമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനായി യുവേഫയുമായി സൗദി ചർച്ച തുടങ്ങിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നു. ചാമ്പ്യന്‍സ് ലീഗ് ടിക്കറ്റ് കിട്ടാനുള്ള സാധ്യത സജീവമായിരിക്കെ കൂടുതല്‍ വമ്പൻ താരങ്ങള്‍ ഇനിയും ക്ലബിലെത്തുമെന്നായിരുന്നു പ്രോ ലീഗ് അധികൃതരുടെ വിശ്വാസം.

ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസേമ, നെയ്മർ, സാദിയോ മാനെ, റൂബൻ നേവ്സ്, എൻ’ഗോലോ കാന്‍റെ, മാർസെലോ ബ്രോസോവിച്ച്, റോബർട്ടോ ഫെര്‍മീഞ്ഞോ എന്നിവരെല്ലാം വിവിധ ലീഗുകള്‍ വിട്ട് ഈ വർഷം മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറിയവരാണ്.

എന്നാല്‍ 2025ലെ ചാമ്പ്യൻസ് ലീഗ് പ്രവേശനത്തിനുള്ള സാധ്യതകള്‍ കണക്കുകൂട്ടിക്കൊണ്ടിരിക്കുന്ന സൗദിക്ക് പക്ഷേ അത്ര ശുഭകരമായ വാര്‍ത്തകളല്ല യൂറോപ്പില്‍ നിന്ന് വരുന്നത്. ചാമ്പ്യന്‍സ് ലീഗിലേക്ക് സൗദി ക്ലബുകൾ എത്തുമെന്ന എന്ന റിപ്പോര്‍ട്ടുകളെയെല്ലാം അപ്പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് യുവേഫ പ്രസിഡന്‍റ് അലക്സാണ്ടര്‍ സെഫെറിൻ. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നീ ലീഗുകളില്‍ യൂറോപ്യൻ ക്ലബ്ബുകൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ എന്നാണ് സെഫെറിൻ തുറന്നടിച്ചത്. ''യൂറോപ്യൻ ഫെഡറേഷനുകൾക്ക് മാത്രമേ ഫൈനലിന് ആതിഥേയത്വം വഹിക്കാൻ അപേക്ഷിക്കാനാകൂ, ക്ലബ്ബുകൾക്ക് പോലും കഴിയില്ല. അങ്ങനെയിരിക്കെ സൗദി ക്ലബുകൾ ലീഗില്‍ കളിക്കണമെങ്കിൽ ഞങ്ങളുടെ എല്ലാ നിയമങ്ങളും മാറ്റേണ്ടിവരും, അത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല...” അലക്സാണ്ടര്‍ സെഫെറിൻ പറഞ്ഞു.

സൗദി ലീഗ് ഒരിക്കലും യൂറോപ്പിന് ഒരു ഭീഷണിയല്ലെന്നും ചൈനയിലും മുന്‍പ് സമാനമായ സമീപനം കണ്ടിട്ടുണ്ടെന്നു സെഫെറിൻ കൂട്ടിച്ചേര്‍ത്തു. ''കരിയറിന്‍റെ അവസാനത്തിൽ ധാരാളം പണം വാഗ്ദാനം ചെയ്താണ് ചൈന അന്ന് കളിക്കാരെ വാങ്ങിയത്. എന്നിട്ടും ചൈനീസ് ഫുട്ബോൾ ഇന്നെവിടെയാണ്... അവര്‍ക്ക് വികസിക്കാന്‍ കഴിഞ്ഞില്ല, പിന്നീട് ലോകകപ്പിന് യോഗ്യത നേടാനുമായിട്ടില്ല''. സെഫെറിൻ പറഞ്ഞു. കരിയറിന്‍റെ മികച്ച സമയത്ത് നില്‍ക്കുന്ന താരങ്ങളൊന്നും സൗദി അറേബ്യയിലേക്ക് പോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും യുവേഫ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

എന്തുതന്നെയായാലും ഫുട്ബോള്‍ ലോകം നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെയും വരാനിരിക്കുന്ന മാറ്റങ്ങളെയുമെല്ലാം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്... കണ്ടറിയണം യൂറോപ്പും ഏഷ്യയുമൊക്കെ കടന്ന് ഫുട്ബോള്‍ എവിടെത്തി നില്‍ക്കും എന്ന്.

TAGS :

Next Story