Quantcast

സമയം വേണം! യുണൈറ്റഡിനെ മാറ്റിമറിക്കാൻ പോച്ചെറ്റീനോ

MediaOne Logo

Sports Desk

  • Updated:

    2026-11-18 13:55:07

Published:

18 Nov 2026 7:24 PM IST

സമയം വേണം! യുണൈറ്റഡിനെ മാറ്റിമറിക്കാൻ പോച്ചെറ്റീനോ
X

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി മൗറീഷ്യോ പോച്ചെറ്റീനോ ഓൾഡ് ട്രഫോർഡിലെത്തി. ക്ലബ്ബിന്റെ പരിശീലന മൈതാനമായ കാരിങ്ടണിൽ ആദ്യദിനമെത്തിയ അർജന്റൈൻ പരിശീലകൻ യുണൈറ്റഡിന്റെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സമയം ആവശ്യപ്പെട്ടു. അമേരിക്കൻ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന് മുമ്പ് ഹെയ്തിക്കെതിരെ 2-0ന്റെ വിജയം നേടിയാണ് പോച്ചെറ്റീനോ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. ഞായറാഴ്ച ആൻഫീൽഡിൽ ലിവർപൂളിനെതിരെയാണ് യുണൈറ്റഡ് പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ മത്സരം.

മാഞ്ചസ്റ്റർ സിറ്റി മുൻ താരവും അമേരിക്കൻ ദേശീയ ടീം അംഗവുമായ ഡാമാർക്കസ് ബീസ്ലി, മാഞ്ചസ്റ്റർ എപ്പോഴും നീലനിറത്തിലുള്ള നഗരമായിരിക്കുമെന്ന പരിഹാസവുമായി രംഗത്തെത്തിയപ്പോൾ പോച്ചെറ്റീനോയുടെ മറുപടി ശ്രദ്ധേയമായി. "എല്ലാ കാലത്തും നീലയായി നിലകൊല്ലില്ല, നിങ്ങൾ കണ്ടോളൂ, എനിക്ക് കുറച്ച് സമയം തരൂ" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുണൈറ്റഡിന്റെ നിലവിലെ സാഹചര്യം ക്ലബ്ബിന്റെ ചരിത്രത്തിനും ആരാധകപിന്തുണയ്ക്കും ചേർന്നതല്ലെന്നും പുതിയ വെല്ലുവിളി വലുതാണെങ്കിലും അതിനെ ആവേശത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള മനോഭാവമാണ് തനിക്കുള്ളതെന്നും താരങ്ങളിൽനിന്നുപോലും പരിശീലകർക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും പോച്ചെറ്റീനോ പറഞ്ഞു. ഫുട്ബോൾ കേവലം ഓട്ടവും ശാരീരികക്ഷമതയും മാത്രമല്ല. ലക്ഷ്യബോധത്തോടെ ഒരുമിച്ച് മുന്നേറുക, കൃത്യമായ ആശയവിനിമയം, പരസ്പര ബന്ധം, കളിക്കളത്തിലെ മനോഭാവം എന്നിവയ്ക്കാണ് പ്രാധാന്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുണൈറ്റഡിന്റെ ഓട്ടക്കണക്കുകൾ മുൻ പരിശീലകൻ മൈക്കൽ കാരിക്ക് വിമർശിച്ചതിന് പിന്നാലെയായിരുന്നു പോച്ചെറ്റീനോയുടെ പ്രതികരണം. ഓടുന്നതല്ല, കൃത്യമായ ലക്ഷ്യത്തോടെ ഒരുമിച്ച് ഓടുന്നതാണ് വിജയത്തിന് ആവശ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കഴിഞ്ഞ ലോകകപ്പിൽ അമേരിക്കയെ പ്രീക്വാർട്ടറിലെത്തിച്ച ശേഷമാണ് പോച്ചെറ്റീനോ വീണ്ടും പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ സതാംപ്ടൺ, ടോട്ടൻഹാം, ചെൽസി ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുക എന്നത് അത്ര എളുപ്പമുള്ള ദൗത്യമല്ല.

TAGS :

Next Story