Quantcast

ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വെയ്ൻ റൂണി

MediaOne Logo

Sports Desk

  • Updated:

    2026-11-18 18:10:55

Published:

18 Nov 2026 11:39 PM IST

ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വെയ്ൻ റൂണി
X

ഫുട്ബോൾ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിൽ കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയിരുന്നുവെന്നും ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് നായകൻ വെയ്ൻ റൂണി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും വ്യക്തിജീവിതത്തിൽ കടുത്ത മാനസിക പ്രതിസന്ധി നേരിടുകയായിരുന്നുവെന്ന് താരം പറഞ്ഞു. ഗാബി ലോഗൻ അവതരിപ്പിക്കുന്ന 'ലൈഫ് അറ്റ് ദ മിഡ്പോയിന്റ്' പോഡ്കാസ്റ്റിലായിരുന്നു റൂണിയുടെ തുറന്നുപറച്ചിൽ.

വിവാഹിതനായും ആദ്യ മകൻ കായിയുടെ പിതാവായും ജീവിതത്തിലെ സന്തോഷകരമായ ഘട്ടത്തിലൂടെ കടന്നുപോകേണ്ടിയിരുന്ന സമയത്താണ് മാനസികാരോഗ്യം വഷളായത്. തുടർച്ചയായി രണ്ട് ദിവസം വരെ വീട്ടിലിരുന്ന് മദ്യപിക്കുമായിരുന്നുവെന്നും ആളുകളെ കാണാനോ പൊതുസ്ഥലങ്ങളിൽ പോകാനോ പോലും താൽപര്യമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും റൂണി വെളിപ്പെടുത്തി. മകൻ തന്നെ അത്തരമൊരു അവസ്ഥയിൽ കാണരുതെന്ന് ആഗ്രഹിച്ചതിനാൽ പലപ്പോഴും മറ്റുള്ളവരിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു. ഫുട്ബോൾ മൈതാനത്ത് മാത്രമാണ് അപ്പോഴും തനിക്ക് ആശ്വാസം കണ്ടെത്താനായിരുന്നതെന്നും താരം പറഞ്ഞു.

താൻ നേരിട്ട മാനസിക പ്രശ്നങ്ങൾ തുറന്നുപറയാൻ പോലും തുടക്കത്തിൽ മടിയായിരുന്നുവെന്ന് റൂണി വ്യക്തമാക്കി. ദുർബലനായി മുദ്രകുത്തപ്പെടുമെന്ന തോന്നലായിരുന്നു അതിന് കാരണം. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനായി തെറാപ്പിസ്റ്റിന്റെ സഹായം തേടിയതായും താരം പറഞ്ഞു. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴും വിവാഹവും മകന്റെ ജനനവുമടക്കം സന്തോഷകരമായ സംഭവങ്ങൾ ജീവിതത്തിലുണ്ടായിരുന്നിട്ടും, അതേ കാലഘട്ടം തന്നെയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമെന്നും റൂണി കൂട്ടിച്ചേർത്തു.

പ്രതിസന്ധി ഘട്ടത്തിൽ ഭാര്യ കോളിൻ നൽകിയ പിന്തുണയാണ് അതിജീവനത്തിന് കരുത്തായതെന്നും റൂണി വെളിപ്പെടുത്തി. ബന്ധം അവസാനിപ്പിച്ച് പോകാമായിരുന്ന സാഹചര്യത്തിലും കോളിൻ തനിക്കൊപ്പം ഉറച്ചുനിന്നെന്നും പ്രതിസന്ധികളെ മറികടക്കാൻ സഹായിച്ചെന്നും താരം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ റൂണിയുടെ ഈ വെളിപ്പെടുത്തൽ, കായികരംഗത്തെ വിജയങ്ങൾക്കപ്പുറം താരങ്ങൾ നേരിടുന്ന മാനസികാരോഗ്യ വെല്ലുവിളികളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നതാണ്.

TAGS :

Next Story