Quantcast

സജൻ പ്രകാശിനെ അർജുന അവാർഡിന് നാമനിർദേശം ചെയ്ത് ദേശീയ നീന്തൽ ഫെഡറേഷൻ

തുടർച്ചയായ രണ്ടാം വർഷമാണ് സജനെ സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    3 July 2021 4:05 PM GMT

സജൻ പ്രകാശിനെ അർജുന അവാർഡിന് നാമനിർദേശം ചെയ്ത് ദേശീയ നീന്തൽ ഫെഡറേഷൻ
X

ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയ മലയാളി താരം സജൻ പ്രകാശിനെ അർജുന അവാർഡിന് നാമനിർദേശം ചെയ്ത് ദേശീയ നീന്തൽ ഫെഡറേഷൻ. തുടർച്ചയായ രണ്ടാം വർഷമാണ് സജനെ സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ(എസ്എഫ്‌ഐ) പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്യുന്നത്.

2021ലെ ദേശീയ കായിക പുരസ്‌കാരങ്ങൾക്കായി കഴിഞ്ഞ മാസം തന്നെ എസ്എഫ്‌ഐ നാമനിർദേശം നൽകിയിരുന്നു. ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയതിലൂടെ ഇന്ത്യൻ നീന്തൽ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് എസ്എഫ്‌ഐ സെക്രട്ടറി ജനറൽ മോനാൽ ചോക്ഷി വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു. ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് സജൻ. അദ്ദേഹത്തിന്റെ നേട്ടം വരാനിരിക്കുന്ന നീന്തൽതാരങ്ങളെ പ്രചോദിപ്പിക്കും. ഈ നേട്ടത്തിലൂടെ അർജുന നാമനിർദേശ പട്ടികയിൽ സജനെ മുന്നിലെത്തിച്ചിട്ടുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെറ്ററൻ നീന്തൽ പരിശീലകൻ കമലേഷ് നാനാവതിയെ ധ്യാൻചന്ദ് പുരസ്‌കാരത്തിനും ഫെഡറേഷൻ നാമനിർദേശം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇന്ത്യൻ നീന്തൽ കായികരംഗത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്തിരിക്കുന്നത്.

200 മീറ്റർ ബട്ടർഫ്‌ലൈ ഇനത്തിലാണ് ഒളിംപിക്‌സിൽ സജൻ ഇന്ത്യയെ പ്രതിനിധീകരിക്കുക. റോമിൽ നടന്ന യോഗ്യതാ ചാംപ്യൻഷിപ്പിൽ ഒന്നാമനായാണ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്.

TAGS :

Next Story